
കൊല്ലം∙ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തുകയും മറ്റ് 3 പേരെ ഗുരുതരമായി കുത്തിപ്പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ അമ്പലപ്പുഴ മണ്ണഞ്ചേരി മുറിയാക്കൽ വീട്ടിൽ അനൂപിനെയാണ് (35) അഡിഷനൽ സെഷൻ കോടതി ജഡ്ജി സി.എം.സീമ ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം.
ചേർത്തല തുറവൂർ പള്ളിത്തോട് കളത്തിൽ വീട്ടിൽ ജെൻസൻ (പീറ്റർ–28) ആണ് കൊല്ലപ്പെട്ടത്. മൂന്നു പേരെ കുത്തിപ്പരുക്കേൽപിച്ച കേസിൽ 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്.
പിഴത്തുകയിൽ 50,000 രൂപ കൊല്ലപ്പെട്ട ജെൻസന്റെ ആശ്രിതർക്കും 10000 രൂപ വീതം പരുക്കേറ്റ മൂന്നു പേർക്കും നൽകണം. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി വ്യക്തമാക്കി.
കൊട്ടാരക്കര പടിഞ്ഞാറെ തെരുവിൽ സജി വിലാസം വീട്ടിൽ അജി (37), ചേർത്തല കുത്തിയതോട് പള്ളിത്തോട് പരുത്തി വീട്ടിൽ ബെൻസിലാൽ (38), പട്ടാഴി വടക്കേക്കര ഏറത്തു വടക്ക് അഖിൽ നിവാസിൽ അരുൺ രാജ് (37) എന്നിവർക്കാണു കത്തിക്കുത്തിൽ പരുക്കേറ്റത്.
കൊലപാതകം, വധശ്രമം എന്നിങ്ങനെ രണ്ടു കേസുകളായാണ് കോടതി പരിഗണിച്ചത്.2016 ഓഗസ്റ്റ് 20ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പട്ടാഴിയിൽ ടൈൽസ് വർക്സ് കരാറുകാരനായ ശിവൻകുട്ടി വാടകയ്ക്ക് എടുത്തു നൽകിയ വീട്ടിലായിരുന്നു പ്രതി ഉൾപ്പെടെ 5 പേരും താമസിച്ചിരുന്നത്.
രാത്രി 10 മണിയോടെ 5 പേരും ഒരുമിച്ചു മദ്യപിക്കുകയും കാരംസ് കളിക്കുകയും ചെയ്യുന്നതിനിടെ അനൂപിന് ഒരു ഫോൺ കോൾ വന്നു.
എല്ലാവരും വീടിനു പുറത്തുപോകാൻ അനൂപ് ആവശ്യപ്പെട്ടെങ്കിലും മറ്റുള്ളവർ നിരസിച്ചു. ഇതേ തുടർന്നു ബാഗിൽ നിന്നു കത്തിയെടുത്തു ജെൻസന്റെ നെഞ്ചിൽ കുത്തിയെന്നാണ് കേസ്.
തടയാൻ ശ്രമിച്ച മറ്റുള്ളവരെയും കുത്തിപ്പരുക്കേൽപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൻ 24നു മരിച്ചു.
ഗുരുതരമായി പരുക്കേറ്റ അരുൺ രാജിന്റെ മൊഴി മജിസ്ട്രേട്ട് ആശുപത്രിയിൽ എത്തി രേഖപ്പെടുത്തിയിരുന്നു.പത്തനാപുരം സിഐ റജി വർഗീസ് അന്വേഷണം നടത്തി.
തുടർന്നെത്തിയ സിഐ ബിനു വർഗീസ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.
എഎസ്ഐ സുസ്മിതഭവൻ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]