കൊല്ലം∙ ജില്ലയിലെ 22,54,848 വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക് എത്തും. ഇന്നലെ വൈകിട്ട് ആറിന് മുന്നണികൾ തങ്ങളുടെ ശക്തി തെളിയിച്ച കലാശക്കൊട്ടോടെ പരസ്യ പ്രചാരണം അവസാനിച്ചു.
അടുത്ത മണിക്കൂറുകളിൽ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലേക്ക് സ്ഥാനാർഥികളും നേതാക്കളും കടക്കും. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ വാർഡുകളും ഡിവിഷനുകളും കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട
ശക്തിപ്രകടനങ്ങൾ ക്രമീകരിച്ചത്.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തയാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ എൻ.
ദേവിദാസ് അറിയിച്ചു. 68 ഗ്രാമപ്പഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും കോർപറേഷനും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 85 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1698 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്.
ജില്ലയിൽ 5652 സ്ഥാനാർഥികളാണ് മത്സര രംഗത്ത് – 2514 പുരുഷന്മാരും 3138 വനിതകളും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥർ. 3264 പ്രിസൈഡിങ് ഓഫിസർമാരും 3264 ഫസ്റ്റ് പോളിങ് ഓഫിസർമാരും 6528 പോളിങ് ഓഫിസർമാരും ഉൾപ്പെടുന്നു.
ജില്ലയിൽ 2720 പോളിങ് സ്റ്റേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 16 കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇന്നു രാവിലെ എട്ടു മുതലാണ് പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങുന്നത്.
പോളിങ് ഉദ്യോഗസ്ഥരുടെ ഗതാഗതത്തിനായി 1161 വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 61 പ്രശ്ന ബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തി.
വോട്ടിങ് മെഷീന്റെ ഭാഗമായി 7422 ബാലറ്റ് യൂണിറ്റുകളും 2730 കൺട്രോൾ യൂണിറ്റുകളും സ്ട്രോങ് റൂമുകളിൽ എത്തിച്ചിട്ടുണ്ട്.
പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. വോട്ടിങ് കംപാർട്ട്മെന്റിൽ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക.
നഗരസഭ, കോർപറേഷനിൽ എന്നിവയിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണുള്ളത്.
വോട്ടെടുപ്പു ദിവസമായ നാളെ രാവിലെ ആറിന് പോളിങ് സ്റ്റേഷനുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിങ് നടത്തും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം. തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ ജില്ലയിൽ പൊതു അവധിയാണ്. പോളിങ് സ്റ്റേഷനുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.
തിരിച്ചറിയൽ രേഖ
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുൻപ് എടുത്ത ദേശസാൽകൃത ബാങ്ക് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ താൽക്കാലിക തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
വിതരണ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസ്, കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക്
കെഎസ്എം ഡിബി കോളജ്: ശാസ്താംകോട്ട
ബ്ലോക്ക്
ഗവ. ഹയർ സെക്കൻഡറി സ്കൂൾ കിഴക്കുഭാഗം, പടിഞ്ഞാറ് ഭാഗം: വെട്ടിക്കവല ബ്ലോക്ക്
സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ: പത്തനാപുരം ബ്ലോക്ക്
സെന്റ് ജോൺസ് കോളജ്: അഞ്ചൽ ബ്ലോക്ക്
ഗവ.
ബോയ്സ് എച്ച്എസ്എസ് കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക്
എംജിഡി ബോയ്സ് എച്ച്എസ്എസ്, കുണ്ടറ: ചിറ്റുമല ബ്ലോക്ക്
സർക്കാർ ബോയ്സ് എച്ച്എസ്എസ്, ശങ്കരമംഗലം: ചവറ ബ്ലോക്ക്
മീനാക്ഷി വിലാസം എച്ച്എസ്എസ്, പേരൂർ: മുഖത്തല ബ്ലോക്ക്
എൻഎസ്എസ് കോളജ്, നിലമേൽ: ചടയമംഗലം ബ്ലോക്ക്
ഗവ, വിഎച്ച്എസ്എസ്, ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക്
ഡോ. വി.വി വേലുക്കുട്ടി അരയൻ മെമ്മോറിയൽ ഫിഷറീസ് ടിവിഎച്ച്എസ്എസ്: കരുനാഗപ്പള്ളി നഗരസഭ
മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ: കൊട്ടാരക്കര നഗരസഭ
എസ്എൻവി ഗേൾസ് ഹൈസ്കൂൾ: പരവൂർ നഗരസഭ
ഗവ.
എച്ച്എസ്എസ്: പുനലൂർ നഗരസഭ
ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ്, തേവള്ളി: കൊല്ലം കോർപറേഷൻ
സ്ഥാനാർഥികൾ
ആകെ: 5652
ജില്ലാ പഞ്ചായത്ത് : 98
ബ്ലോക്ക് പഞ്ചായത്ത്: 523,
ഗ്രാമപ്പഞ്ചായത്ത് : 4402
കോർപറേഷൻ: 202
നഗരസഭകൾ: 427.
വോട്ടർമാർ
ആകെ വോട്ടർമാർ: 22,54,848
പുരുഷന്മാർ: 10,43,920
വനിതകൾ: 12,10,905
ട്രാൻസ്ജെൻഡർ: 23
പ്രവാസികൾ: 48
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

