കൊല്ലം ∙ അഷ്ടമുടിക്കായൽ തീരത്തു കെട്ടിയിട്ടിരുന്ന 11 മത്സ്യബന്ധന ബോട്ടുകളും ഫൈബർ വള്ളവും കത്തിനശിച്ചു. അഗ്നിശമന സേന തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ, ബോട്ടുകളിലെ 4 പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതു കൂടുതൽ പരിഭ്രാന്തി പരത്തി.
അപകട സമയത്ത് ബോട്ടിൽ തൊഴിലാളികൾ ഇല്ലായിരുന്നു. ആർക്കും പരുക്കില്ല.
8 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാവനാട് കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രത്തിന് വടക്കുവശം ചിറ്റപ്പനഴികത്ത് കായൽവാരത്ത് ഇന്നലെ പുലർച്ചെ 2 മണിയോടെയാണു തീപിടിത്തം.
സെന്റ് മേരി, ദൈവദാനം, ത്യസിമോൾ, റെഹ്ബെത്ത്, മേരിമാതാ, ജോർദാൻ, നല്ലിടയൻ, ഫിഷർമെൻ, പരിശുദ്ധൻ, സെന്റ് ഫെർണാണ്ടസ്, ഷ്രൈൻ ബസലിക്ക എന്നീ ബോട്ടുകളും ഒരു വള്ളവുമാണ് പൂർണമായി കത്തിനശിച്ചത്. വല ഉൾപ്പെടെ മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു.
ഇതിൽ 9 ബോട്ടുകൾ തിരുവനന്തപുരം സ്വദേശികളുടേതാണ്. കൊല്ലം, കണ്ണൂർ സ്വദേശികളുടേതാണു മറ്റു രണ്ടു ബോട്ടുകൾ.
കടപ്പാക്കട, ചാമക്കട, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചവറ, കായംകുളം എന്നിവിടങ്ങളിൽ നിന്ന് 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ 6 മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ഫയർ ഫോഴ്സിന്റെ വലിയ വാഹനം സ്ഥലത്ത് എത്താൻ കഴിയാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചു. ഫയർഫോഴ്സിന്റെ ചെറിയ എഫ്ആർവി വാഹനങ്ങൾ സ്ഥലത്ത് എത്തിച്ച്, അതിലെ ജനറേറ്ററും ഫ്ലോട്ടിങ് പമ്പും ഉപയോഗിച്ചു കായലിൽ നിന്നു വെള്ളം പമ്പ് ചെയ്താണു തീ കെടുത്തിയത്.
36 ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ജില്ലാ ഫയർ ഓഫിസർ എൻ.രാമകുമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
ഇവിടെ 20 ബോട്ടുകളാണ് കെട്ടിയിട്ടിരുന്നത്.
തീപിടിത്തം തുടങ്ങിയപ്പോൾ പൂട്ടു തകർത്തു മറ്റു ബോട്ടുകൾ ഓടിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു പ്രമാണിച്ചു കഴിഞ്ഞ ബുധനാഴ്ച ബോട്ടുകൾ കെട്ടിയിട്ട
ശേഷം തൊഴിലാളികൾ നാട്ടിലേക്കു പോയിരുന്നു. ബോട്ടുകൾ കെട്ടിയിരുന്നതിന്റെ സമീപത്തു താമസിക്കുന്ന ഡാലിയ ആണ് ആദ്യം ബോട്ടുകൾ കത്തുന്നത് ആദ്യം കണ്ടത്. പുലർച്ചെ 2നു പൊട്ടിത്തെറി ശബ്ദം കേട്ട് നോക്കുമ്പോൾ തീ പടരുകയായിരുന്നു.
ഉടൻ സമീപവാസികളെയും അഗ്നിശമന സേനയെയും അറിയിച്ചു.
അയൽവാസിയായ റോബർട്ട് ചുറ്റിക ഉപയോഗിച്ച് പൂട്ടു തകർത്ത് ക്യാബിനിൽ കയറി മറ്റു ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഓരോ ബോട്ടിനും 70 ലക്ഷം രൂപയുടെ വീതം നഷ്ടമുണ്ടായെന്ന് ഉടമകൾ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഫൊറൻസിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ അറിയാൻ കഴിയുകയുള്ളൂ.
സാംപിൾ ശേഖരിച്ചു.. മന്ത്രി ജെ.ചിഞ്ചുറാണി, കലക്ടർ എൻ.ദേവീദാസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായൺ, എസിപി എസ്.ഷെറീഫ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

