കൊല്ലം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ തുടരുന്നു. പ്രാഥമിക കൂടിയാലോചനകളിലാണ് ഇടതുമുന്നണി.
സ്ഥാനാർഥി നിർണയ ചർച്ചകളും പുരോഗമിക്കുന്നു. യുഡിഎഫിൽ സീറ്റുകൾ വച്ചു മാറുന്നതു സംബന്ധിച്ച കാര്യത്തിൽ തീരുമാനമായില്ല.
എൻഡിഎയും സ്ഥാനാർഥി നിർണയ ചർച്ചകളിലാണ്. കോൺഗ്രസും ആർഎസ്പിയും ആദ്യ ഘട്ടത്തിൽ 23 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഘടക കക്ഷിയായ ഫോർവേഡ് ബ്ലോക്ക് കുരീപ്പുഴ വെസ്റ്റിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
ഷംനാദ് മുതിരപ്പറമ്പ് ആണ് സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കുരീപ്പുഴ വെസ്റ്റിൽ ഫോർവേഡ് ബ്ലോക്ക് ആണ് മത്സരിച്ചത്.
ആർഎസ്പി തേവള്ളിക്കു പകരം വാളത്തുംഗൽ സീറ്റ് ആവശ്യപ്പെടുന്നുണ്ട്.
ഈ സീറ്റ് വിട്ടു നൽകുന്നതിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിരാണ്. ആർഎസ്പി മത്സരിക്കുന്ന 11 സീറ്റിൽ മറ്റു പത്തിടത്തും കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
വച്ചു മാറുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആകാത്തതിനാൽ ആണ് ഒരു സീറ്റിൽ പ്രഖ്യാപനം വൈകുന്നത്.
മുസ്ലിം ലീഗ് കഴിഞ്ഞ തവണ 5 സീറ്റിൽ മത്സരിച്ചിരുന്നു. ഇതിൽ 2 സീറ്റ് വച്ചുമാറണം എന്നാണ് ലീഗിന്റെ ആവശ്യം.
കല്ലുംതാഴം, വാളത്തുംഗൽ എന്നീ ഡിവിഷനുകൾക്ക് പകരം, കൊല്ലൂർവിളയും പള്ളിമുക്കും ആണ് ലീഗ് ആവശ്യപ്പെടുന്നത്. കൊല്ലൂർവിളയിൽ കോൺഗ്രസിന്റെ സിറ്റിങ് കൗൺസിലർ ആണ്.
പാർട്ടി വിജയിച്ച സീറ്റ് വച്ചുമാറാൻ കഴിയില്ലെന്ന നിലപാടിലാണു നേതൃത്വം. ആർഎസ്പി കഴിഞ്ഞ തവണ 20 വോട്ടിനു പരാജയപ്പെട്ട
ഡിവിഷൻ ആണ് പള്ളിമുക്ക്. അവിടെ ഇത്തവണ ആർഎസ്പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
തർക്കം രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ജില്ലാതല കോൺഗ്രസ് കോർ കമ്മിറ്റി യോഗം നാളെ 2നു ചേരുന്നുണ്ട്.
ഇടതുമുന്നണിയിലും സീറ്റ് വിഭജനം സംബന്ധിച്ചു തർക്കമുണ്ട്.
വിജയിക്കില്ല എന്നുറപ്പുള്ള സീറ്റ് നൽകി കേരള കോൺഗ്രസിനെ (എം) ഒതുക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നു. മണ്ഡലത്തിൽ പേരിനു പോലും ഇല്ലാത്ത പാർട്ടികൾക്ക് ഒരു സീറ്റു വീതം നൽകുമ്പോൾ കേരള കോൺഗ്രസിനും ഒരു സീറ്റ് മാത്രം നൽകാനാണു ശ്രമം.
നിയമസഭാ സീറ്റിന്റെ മാനദണ്ഡം അനുസരിച്ചാണെങ്കിൽ 6 സീറ്റിന് അർഹത ഉണ്ടെന്നാണ് നിലപാട്. വിജയസാധ്യത ഇല്ലാത്ത ഒരു സീറ്റ് നൽകി ഒതുക്കാനുള്ള ശ്രമത്തെ എന്തുവില കൊടുത്തും എതിർക്കും എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
ബിജെപി ഡിവിഷൻ തലത്തിൽ സ്ഥാനാർഥികളുടെ പട്ടിക തയാറാക്കുകയാണ്.
തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു ശേഷം സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ പ്രഖ്യാപനം നടത്തും. ഘടകകക്ഷികളുമായി കാര്യമായ സീറ്റ് തർക്കമില്ല.
വനിതാ സ്ഥാനാർഥികളെ തേടി നെട്ടോട്ടം!
കൊല്ലം∙ അടുത്ത മാസം നടക്കുന്ന തദ്ദേശ സ്വയംഭരണം സ്ഥാപന തിരഞ്ഞെടുപ്പിൽ ജയസാധ്യത കുറവുള്ള വനിതാ മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ തേടി പാർട്ടികൾ പരക്കംപായുന്നു. മുന്നണിയുടെ ഘടകകക്ഷികളാണ് പ്രധാനമായും ഇത്തരത്തിൽ ബുദ്ധിമുട്ട് നേടുന്നത്.
ഗ്രാമപ്പഞ്ചായത്ത് മേഖലകളിലാണ് വനിതാ സ്ഥാനാർഥികൾക്കു ക്ഷാമം നേരിടുന്നതെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടികൾക്കു ശക്തിയുള്ള സ്ഥലങ്ങളിൽ ഒന്നിൽ അധികം സ്ഥാനാർഥികൾ അങ്കം കുറിക്കാൻ കാത്തു നിൽക്കുന്നു.
ശക്തി കുറഞ്ഞയിടങ്ങളിലാണ് ബുദ്ധിമുട്ട്. ഭാര്യയെ സ്ഥാനാർഥിയാകാൻ നിർബന്ധിച്ച ഭാര്യാ സഹോദരനെ ഭർത്താവ് ആക്രമിച്ച കേസ് അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലാണ് പ്രധാനമായും സ്ഥാനാർഥി ക്ഷാമം. ചെറിയ പാർട്ടികൾക്ക് പുറമേ കോൺഗ്രസ്, ബിജെപി, സിപിഎം, സിപിഐ കക്ഷികൾക്ക് അവർക്കു ശക്തികുറഞ്ഞ മേഖലകളിൽ സ്ഥാനാർഥി ക്ഷാമം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ സ്വാധീനിച്ച് സ്ഥാനാർഥിത്വം ഉറപ്പാക്കാൻ വിവിധ കക്ഷികൾ ശ്രമിക്കുന്നു. ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളിലെ 1314 വാർഡുകളിൽ വനിത സംവരണ വാർഡുകളുടെ എണ്ണം 672. ഇതിൽ 100 വാർഡുകളിൽ പട്ടികജാതി വനിതകൾ മത്സരിക്കും.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 166 ഡിവിഷനുകളിൽ 85 ഡിവിഷനുകളാണ് വനിതകൾക്കായി മാറ്റിയിരിക്കുന്നത്. ഇതിൽ, 11 ഡിവിഷനുകളിൽ പട്ടികജാതി വനിതകൾ മത്സരിക്കും.
ജില്ലാ പഞ്ചായത്തിൽ 27ൽ 14 ഡിവിഷനുകൾ വനിതാസംവരണമാണ്. ഇതിൽ 2 ഡിവിഷനുകളിൽ പട്ടിക ജാതി വനിതകളും മത്സരിക്കും. നാല് മുനിസിപ്പാലിറ്റികളിലെ 135 വാർഡുകളിൽ 68 സീറ്റുകളിൽ വനിതകൾ മത്സരിക്കും.
അതിൽ എട്ട് സീറ്റുകളിൽ പട്ടികജാതി വനിതകൾ മത്സരിക്കും. കോർപറേഷനിൽ 56 ഡിവിഷനുകളിൽ 28 ഡിവിഷനുകളിലാണ് വനിതകൾ സംവരണം. ഇതിൽ 2 സീറ്റുകൾ പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളത്.
പ്രശ്ന ബൂത്തുകൾ 2 ദിവസത്തിനുള്ളിൽ
ജില്ലയിലെ പ്രശ്നബാധിത ബൂത്തുകൾ എത്രയെന്ന് രണ്ടു ദിവസത്തിനുള്ളിൽ അറിയാമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
റൂറൽ, സിറ്റി പൊലീസ് ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ സംബന്ധിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്നും അവർ പറഞ്ഞു.
നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മ നിരീക്ഷണം ഉൾപ്പെടെ പത്രികയുമായി ബന്ധപ്പെട്ട പരിശീലനം റിട്ടേണിങ് ഓഫിസർമാർക്ക് നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത ദിവസങ്ങളിൽ ഇറങ്ങിയേക്കും. അതിനുമുൻപ് നടപടികൾ പൂർത്തിയാക്കി ജില്ലയെ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുകയാണ് ഉദ്യോഗസ്ഥർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

