കൊല്ലം∙ ഏറെ തിരക്കുള്ള ദേശീയപാതയിൽ, സ്കൂട്ടറിൽ ഇടിച്ച ലോറിയുടെ പിൻചക്രം കയറിയിറങ്ങി ഭാര്യയുടെ കൺമുന്നിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. മൈനാഗപ്പള്ളി കോവൂർ കിഴക്കേക്കര പിച്ചനാട്ട് കിഴക്കതില് വീട്ടിൽ ഗിരീഷ് കുമാറാണ് (ഗിരി–39) മരിച്ചത്.
സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ അനിത കുമാരി (37) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അനിത കുമാരിയുടെ പാസ്പോർട്ട് ആവശ്യത്തിനായി നഗരത്തിൽ വന്നു തിരികെ പോകുമ്പോൾ താലൂക്ക് കച്ചേരി ജംക്ഷന് അടുത്തുള്ള ഇരുമ്പുപാലത്തിന് സമീപം രാവിലെ 10ന് ആണ് അപകടം.
പിന്നിൽ നിന്ന് ഇടതുവശത്തു കൂടി കയറിവന്ന ലോറിയാണ് ഗിരീഷിന്റെ സ്കൂട്ടറിൽ തട്ടിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ലോറിയുടെ ചക്രത്തിന് അടിയിലാണ് ഗിരീഷ് വീണത്. എതിർ വശത്തേക്കു വീണ് പരുക്കേറ്റ അനിത കുമാരിയെ ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിശേഷം വിട്ടയച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗിരീഷിന്റെ മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ സംസ്കരിക്കും.
രാജൻ പിള്ള– പ്രഭാവതിയമ്മ ദമ്പതികളുടെ മകനാണ്. പെരിങ്ങാലം ഗവ.
ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ആദിത്യൻ, തേവലക്കര ഗേൾസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി ആദിത്യ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: രാജേഷ്കുമാർ, രതീഷ്കുമാർ.
ലോറി ഡ്രൈവർ നെയ്യാറ്റിൻകര സ്വദേശി പ്രിൻസിനെ (34) ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അലക്ഷ്യമായ ഡ്രൈവിങ്ങിനും മനപ്പൂര്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് റജിസ്റ്റർ ചെയ്തതത്. ഒമാനിലെ മസ്കത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന ഗിരീഷ് 2 ദിവസം മുൻപാണു നാട്ടിലെത്തിയത്.
ഭാര്യയെ വിദേശത്തേക്കു കൊണ്ടുപോകുന്നതിന്റെ ഭാഗമായുള്ള നടപടികൾക്കാണ് കൊല്ലം പാസ്പോർട്ട് ഓഫിസിൽ എത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു. രാവിലെ കൊല്ലത്തെ സുഹൃത്തിന്റെ വീട്ടിൽ എത്തി വിദേശത്തു നിന്നു കൊടുത്തുവിട്ട
സാധനങ്ങൾ കൈമാറി. തുടർന്നാണ് പാസ്പോർട്ട് ഓഫിസിൽ കയറിയത്.
അവിടെ നിന്നു തിരികെ വീട്ടിലേക്കു പോകുമ്പോഴാണ് അതിദാരുണമായ അപകടം.
വീട് എന്ന ആഗ്രഹം ബാക്കി; വേദനയോടെ കോവൂർ
ശാസ്താംകോട്ട ∙ ഗിരീഷിന്റെ അപ്രതീക്ഷിതവും അതിദാരുണവുമായി വേർപാട് ഉൾക്കൊള്ളനാകാതെ കോവൂർ ഗ്രാമത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും.
രാവിലെ വളരെ സന്തോഷത്തോടെ വീട്ടിൽ നിന്നിറങ്ങിയ ഗിരീഷ് ഇന്നു നിശ്ചലനായി തിരികെ എത്തുന്നതിന്റെ വേദനയാണു സഹോദരങ്ങൾ പങ്കുവയ്ക്കുന്നത്. നാട്ടിൽ എത്തുമ്പോഴെല്ലാം എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന സുഹൃത്തായിരുന്നു ഗിരീഷെന്ന് കൂട്ടുകാർ പറയുന്നു.
കുടുംബവീടിന് സമീപം വീട് നിർമിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഗിരീഷിന്റെ മടക്കം.
10 വർഷത്തിൽ അധികമായി ഒമാനിലെ മസ്കത്തിൽ ഹോട്ടൽ ജീവനക്കാരനാണ് ഗിരീഷ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാട്ടിലെത്തിയത്.
ഭാര്യ അനിതകുമാരിയുമായി കൊല്ലത്തെ സുഹൃത്തിന്റെ വീട്ടിലും പാസ്പോർട്ട് ഓഫിസിലും കയറിയ ശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മരണം ഗിരീഷിനെ കൂട്ടിക്കൊണ്ടുപോയത്. അച്ഛൻ വിദേശത്തു നിന്നു വന്നതിന്റെ സന്തോഷം നിറഞ്ഞ നിന്നിരുന്ന നിമിഷങ്ങളിൽ എത്തിയ അപകടം മക്കളായ ആദിത്യന്റെ ആദിത്യയുടെയും നെഞ്ചിൽ തീരാനോവായി മാറി.
അനിതയും മക്കളും ഭാര്യവീടായ തേവലക്കരയിലാണ് താമസം.
കഥകളി കലാകാരനായ അച്ഛൻ രാജൻ പിള്ളയും കശുവണ്ടിത്തൊഴിലാളിയായിരുന്ന പ്രഭാവതിയമ്മയും സഹോദരങ്ങളായ രാജേഷ് കുമാറും രതീഷ്കുമാറും കോവൂരിലെ കുടുംബ വീട്ടിലും. വീട്ടിലെ ഇളയ മകനാണ് ഗിരീഷ്.
കുടുംബവീടിനോട് ചേർന്ന് വീട് നിർമിച്ച് പ്രിയപ്പെട്ടവർക്കൊപ്പം കഴിയുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. ഒരു വർഷം മുൻപാണ് നാട്ടിൽ അവധിക്കെത്തിയ ശേഷം ഗിരീഷ് ഒമാനിലേക്ക് മടങ്ങിയത്.
നഗരത്തിൽ പൊലീസിനെ ‘കാണാനില്ല’
കൊല്ലം∙ നഗരത്തിലെ പ്രധാന റോഡുകളിൽ പൊലീസിനെ ‘കാണാനില്ല’.
റോഡുകൾ ചോരക്കളങ്ങളാകുകയും ഗതാഗത നിയമ ലംഘനങ്ങൾ പതിവാകുകയും ചെയ്യുമ്പോഴും ഗതാഗതം നിയന്ത്രിക്കാൻ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് ഇല്ലാത്ത സ്ഥിതി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും ‘കണി’ കാണാനില്ല.താലൂക്ക് കച്ചേരി ജംക്ഷനു സമീപം ഇരുമ്പുപാലവും സമാന്തര പാലവും ആരംഭിക്കുന്നിടത്ത്, ഭാര്യയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത ചവറ സ്വദേശി ഇന്നലെ രാവിലെ ലോറിയിടിച്ചു തൽക്ഷണം മരിച്ച സംഭവമാണ് ഒടുവിലത്തേത്.
ഇവിടെ നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും പൊലീസ് വേണ്ട നടപടിയെടുക്കാത്തതാണ് അപകടം പതിവാകാൻ പ്രധാനം.
ബോധവൽക്കരണ ക്ലാസുകൾക്കും യോഗങ്ങൾക്കുമപ്പുറം പൊലീസോ മോട്ടർ വാഹന വകുപ്പ് അധികൃതരോ ഗതാഗത നിയന്ത്രണത്തിനും നിയമ ലംഘനത്തിനുമെതിരെ രംഗത്തില്ലെന്നാണ് പ്രധാന പരാതി.ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം തുടങ്ങുന്ന രാവിലെയും ഇവർ മടങ്ങുന്ന വൈകുന്നേരവും പ്രധാന കേന്ദ്രങ്ങളിൽ നേരത്തേ പൊലീസ് സദാ ജാഗരൂകരായി നിൽക്കാറുണ്ടായിരുന്നു.
ഒപ്പം ഇവരെ സഹായിക്കാൻ ട്രാഫിക് വാർഡന്മാരും ഉണ്ടായിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിലല്ലാതെ ഇവരെ കാണാൻ കിട്ടില്ല.
പ്രധാന കേന്ദ്രങ്ങളിൽ പൊലീസിനെ തന്നെ നിയോഗിക്കണമെന്നും ട്രാഫിക് വാർഡന്മാരെ മറ്റു കേന്ദ്രങ്ങളിലും നിയോഗിച്ചാൽ മതിയെന്നും നേരത്തേ നിർദേശം ഉണ്ടായിരുന്നു.
ഇതോടെ, ഇവിടങ്ങളിൽ പൊലീസും ഇല്ല, ട്രാഫിക് വാർഡന്മാരും ഇല്ല എന്ന സ്ഥിതിയായി.ചവറ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു താലൂക്ക് കച്ചേരി ജംക്ഷനിൽ നിന്ന്, കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിലൂടെ ലിങ്ക് റോഡിലേക്കു ഫ്രീ ലെഫ്റ്റ് ആയി പോകാൻ കഴിയുമെന്നാണു വയ്പ്. എന്നാൽ ഈ ഭാഗത്തേക്കു സ്വകാര്യ– കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സിഗ്നൽ കാത്തു പാർക്കു ചെയ്യുന്നതു നിത്യ സംഭവമാണ്.
ലിങ്ക് റോഡിലേക്കു പോകേണ്ട
വാഹനങ്ങൾ കൂടി ഇവിടെ കുടുങ്ങുന്നതോടെ ഇവിടം വൻ ഗതാഗക്കുരുക്കാകും. ഇതാണ് അപകടത്തിനു പ്രധാന കാരണം.
ഇവിടെ നിയമം ലംഘിച്ചു പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കെതിരെ അപ്പപ്പോൾ നടപടിയെടുത്താൽ പ്രശ്നം ഏറെക്കുറെ പരിഹരിക്കാൻ കഴിയും. പൊലീസ് അതിനു തയാറല്ല.പ്രധാന ജംക്ഷനുകളിൽ തിരക്കേറിയ വൈകുന്നേരവും പൊലീസിനെ നിയോഗിച്ചാൽ അപകടങ്ങൾ ഒരുപിരിധി വരെ കുറയ്ക്കാനാവും.
പക്ഷേ പലയിടത്തു നിന്നും പൊലീസിനെ പിൻവലിച്ചിട്ടുണ്ട്. രാമൻകുളങ്ങര ജംക്ഷൻ ഉദാഹരണം.
ഇവിടെ രാവിലെയും മാർക്കറ്റ് സമയത്തും വൻ ഗതാഗതക്കുരുക്കാണ്. നോക്കാൻ പൊലീസില്ല.
കമ്മിഷണർ അറിയാൻ
1.
സ്വകാര്യ–കെഎസ്ആർടിസി ബസുകളുടെ അമിത വേഗം. ഹോണിൽ നിന്നു കയ്യെടുക്കാതെ ശബ്ദം മുഴക്കി പായുന്ന ബസുകൾ മറ്റു വാഹനങ്ങളിൽ പോകുന്നവരെ പരിഭ്രാന്തരാക്കുന്നു.
ഇത് അപകടത്തിനു കാരണമാകുന്നു. സമയം ലാഭിക്കാൻ നിർദിഷ്ട
റൂട്ടിൽ നിന്നു മാറി ഇടറോഡുകളിലൂടെ പായുന്ന സ്വകാര്യ ബസുകളും നഗരത്തിലുണ്ട്. ബസുകളിൽ വേഗപ്പൂട്ട് സംവിധാനം ഏതാണ്ട് ഇല്ലാതായി.
2. ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്തു ചീറിപ്പോകുന്ന ഫ്രീക്കന്മാരുടെ ബൈക്കുകളും ഓട്ടോറിക്ഷകളും അപകടം വിതയ്ക്കുന്നു.
ഹെൽമറ്റ് ഇല്ലാതെ ഒരു ബൈക്കിൽ 3 പേരൊക്കെ ചീറിപ്പായുന്നതു നഗരത്തിലെ നിത്യ കാഴ്ച. പൊലീസോ മോട്ടർ വാഹന വകുപ്പ് അധികൃതരോ ഇവരെ കാണുന്നില്ല.
3. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ടിപ്പർ ലോറികൾ ഓടാൻ പാടില്ലെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.
4. പ്രധാന ജംക്ഷനുകളിലും പ്രധാന റോഡുകളുടെ ഓരങ്ങളിലും അനധികൃത പാർക്കിങ് പതിവായിട്ടും നിയന്ത്രിക്കാൻ പൊലീസില്ല.
5. ദേശീയപാത നിർമാണം നടക്കുന്നിടത്തു സർവീസ് റോഡുകളിലും മറ്റു റോഡുകളിലും തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ ഒറ്റവരിയായി കടന്നുപോയാൽ ഗതാഗതക്കുരുക്ക് ഏറെക്കുറെ ഇല്ലാതാക്കാം.
രണ്ടും മൂന്നും വരിയായി വാഹനങ്ങൾ കുത്തിക്കയറ്റുന്നതും അപകടത്തിനും സമയ നഷ്ടത്തിനും കാരണമാകുന്നു. വാഹനങ്ങളെ ഒറ്റവരിയായി കടത്തി വിടാനും അതു ലംഘിച്ചു കടന്നുവരുന്നവയ്ക്കു പിഴയിടാനും പൊലീസ് രംഗത്തുണ്ടെങ്കിൽ പ്രശ്നങ്ങൾ കുറേയേറെ പരിഹരിക്കാനാവും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]