കൊല്ലം∙ നെൽക്കൃഷിക്കായി ഉമയനല്ലൂർ പാടം ഒരുക്കുന്ന ജോലികൾ ആരംഭിച്ചു. ട്രാക്ടറിന്റെ സഹായത്തോടെ നിലം ഉഴുതു മറിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
ഒാരോ നിലവും രണ്ടു തവണ ഉഴുതു മറിച്ച് കളകൾ നീക്കിയ ശേഷമാണ് ഞാറ്റടികളിൽ നിന്നു ഞാറുകൾ പാടത്തേക്കു പറിച്ചു നടുന്നത്. പാടം തയാറാക്കുന്നതിനൊപ്പം കർഷകർ ഞാറ്റടികൾ വെട്ടി ഒരുക്കി പണകോരി അവിടെ ഞാറുകൾ വിതറുന്ന ജോലികളും ഒരു ഭാഗത്ത് ആരംഭിച്ചു.
15 ദിവസം കഴിഞ്ഞ ചില ഞാറ്റടികളിൽ ഞാറുകൾ തളിർത്തും തുടങ്ങിയിട്ടുണ്ട്. 144 ഏക്കറിലാണ് ഇത്തവണയും നെൽക്കൃഷി ചെയ്യുന്നതെന്ന് ഉമയനല്ലൂർ പാടശേഖരസമിതി പ്രസിഡന്റ് ആർ.എസ് മനോജ്കുമാറും സെക്രട്ടറി രവീന്ദ്രൻ പിള്ളയും പറഞ്ഞു.
ഉമ, ധനു, 20 എന്നീ ഇനങ്ങളിലെ നെല്ലുകളാണ് വിതയ്ക്കുന്നത്. ഉമ 120 ദിവസം കൊണ്ടും 20 വിത്ത് 150 ദിവസം കൊണ്ടും പാകമാകും.
90 കർഷകരാണ് ഇത്തവണ നെൽക്കൃഷി ചെയ്യുന്നത്.
ഉമയനല്ലൂർ പാടശേഖര സമിതിക്ക് ഒപ്പം സഹകരണ സ്ഥാപനങ്ങൾ, വിദ്യാർഥികൾ എന്നിവരും കൃഷിക്കായി പാടത്തിറങ്ങും. ഇടയ്ക്കു പെയ്ത മഴയിൽ പാടത്തു വെള്ളം കയറിയതിനെ തുടർന്ന് അൽപം നഷ്ടമുണ്ടായത് ഒഴിച്ചാൽ കഴിഞ്ഞ വർഷവും നല്ല വിളയാണ് ലഭിച്ചത്.
കർഷകരുടെ ആവശ്യം കഴിഞ്ഞ് സർക്കാരിലേക്ക് 72 ടൺ നെല്ലാണ് കഴിഞ്ഞ വർഷം നൽകിയത്. മയ്യനാട് കൃഷി ഭവന്റെ സഹായം കർഷകർക്കു വലിയ ആശ്വാസമാണ്.
വീയപുരം നെല്ല് ഉൽപാദന കേന്ദ്രത്തിൽ നിന്നു കൊണ്ടു വന്ന നെൽവിത്തിനൊപ്പം കർഷകരുടെ കൈവശമുള്ള നെൽവിത്തുകളും ഇത്തവണ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ക്രമം തെറ്റിയുള്ള മഴയാണ് നെൽക്കർഷകർക്ക് വില്ലനാകുന്നത്.
ഇപ്പോഴും പാടത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. മഴ തുടർന്നാൽ ഞാറ്റടികളിൽ വെള്ളം കയറും.
അങ്ങനെ വന്നാൽ കൃഷിയുടെ ആരംഭത്തിൽ തന്നെ അതു കർഷകർക്കു ബുദ്ധിമുട്ടുണ്ടാകും. ഏലായ്ക്ക് മധ്യേയുള്ള തോടുകളുടെ ശുചീകരണം ഇനിയും നടത്താനുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]