
പുനലൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്ന ഭാഗത്തു നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതു പരിഹരിക്കുന്നതിന് ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിൽ ‘ഇൻ – ഔട്ട്’ കവാടങ്ങൾ അതേപടി നിലിർത്താൻ തീരുമാനം. എന്നാൽ, കെഎസ്ആർടിസി ഗ്രൗണ്ടിലെ കന്റീൻ ഗ്രൗണ്ടിന്റെ ഏറ്റവും ഇടതു വശത്തേക്ക് (പരസ്യ ബോർഡിനോട് ചേർന്ന്) മാറ്റുന്നതിനു തീരുമാനമായി.
സ്റ്റാൻഡിനോടു ചേർന്നു നിരന്തരം ഉണ്ടാകുന്ന വാഹാനാപകടങ്ങൾ കണക്കിലെടുത്ത് ഡിപ്പോയിലേക്കു ബസുകൾ കയറുന്നതും ഇറങ്ങുന്നതുമായ വഴികൾ പരസ്പരം മാറ്റി സ്ഥാപിക്കണമെന്നു മോട്ടർ വെഹിക്കിൾ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. വേ ഇൻ, വേ ഔട്ട് സംവിധാനം വിജയമാണോ പരാജയമാണോ എന്നു പരീക്ഷിക്കുന്നതിന് കൂടുതൽ സാമ്പത്തിക ബാധ്യതകൾ ഇല്ലാത്തതിനാൽ ബോർഡ് സ്ഥാപിച്ച് ഒരു മാസം മാറ്റി നോക്കണമെന്നും ആവശ്യം ഉയർന്നിരുന്നതാണ്.
എന്നാൽ, പ്രവേശന – ഇറക്ക സംവിധാനങ്ങളിൽ മാറ്റം വരുത്തുമ്പോൾ ഇപ്പോൾ വാഹനങ്ങൾ കയറുന്ന ഇറക്കമുള്ള വഴിയിലൂടെ ബസുകൾ കയറ്റം കയറി വേഗതയിൽ പോകേണ്ടി വരുമെന്നും അതു മലയോര ഹൈവേയിലേക്ക് ദേശീയപാതയിൽ നിന്ന് എത്തുന്ന ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്നും അഭിപ്രായം ഉയർന്നു.
ദേശീയപാതയിൽ തൂക്കുപാലം, വലിയപാലം ഭാഗത്തു നിന്നു കാൽനടയായി എത്തി മലയോര ഹൈവേയിലേക്ക് എത്തുന്ന റോഡിൽ ഡിപ്പോയിലേക്ക് ഇറങ്ങേണ്ടവർക്ക് റോഡിലെ തിരക്കിൽപ്പെടാതെ നടന്നു പോകുവാൻ പടികൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. മുൻപ് ഇത്തരത്തിൽ പടികൾ ഉണ്ടായിരുന്നതാണ്.
അടുത്തിടെ 2 പേരുടെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിരുന്നു. ഇതിൽ ഒരാൾ മരണമടഞ്ഞു.
ഇത് ഉൾപ്പെടെ ഇവിടെ അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന പുതിയ ക്രമീകരണങ്ങൾ സംബന്ധിച്ച് വിലയിരുത്താനും നടപടികൾ എടുക്കാനും നഗരസഭയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കൂടിയാണു തീരുമാനിച്ചത്.
പ്രവേശന-ഇറക്ക കവാടങ്ങളിൽ സെക്യൂരിറ്റിയെ നിർത്തി വാഹനക്രമീകരണം, കാൽനടയാത്രക്കാരുടെ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് കെഎസ്ആർടിസി അധികൃതരെ യോഗം ചുമതലപ്പെടുത്തി.ഡിപ്പോയുടെ അടുത്തുള്ള സ്റ്റാൻഡിൽ ഓട്ടോറിക്ഷ സീബ്രാക്രോസിങ്ങിനു തൊട്ടു മുന്നിലായി പാർക്ക് ചെയ്യണം. സീബ്രാക്രോസിങ്ങിനു ശേഷം പാർക്ക് ചെയ്യുന്നതു നിരോധിക്കുകയും ചെയ്തു.ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ പുതിയ ഓഫിസിനു മുന്നിൽ മറ്റു വാഹനങ്ങളുടെ പാർക്കിങ് ഒഴിവാക്കും.
ഡിപ്പോക്ക് എതിർവശം വെട്ടിപ്പുഴ പാലത്തിനോട് ചേർന്നു മെഡിക്കൽ സ്റ്റോറിനു മുന്നിൽ ടൂവീലർ പാർക്കിങ് നൽകും. കെഎസ്ആർടിസി ഭാഗത്തേക്ക് ഇറങ്ങുന്ന ഫുട്പാത്തിൽ കൈവരി വച്ചു പൊതുജനങ്ങളെ സീബ്ര ക്രോസ് വഴി തിരിച്ചുവിടും.
കെഎസ്ആർടിസി ബസ് കയറുന്ന ഭാഗത്തേക്കു ഹമ്പ് ഒരുക്കുന്നതിനും മുകളിൽ നിന്ന് ഇറങ്ങി വരുന്ന വാഹനങ്ങൾ വേഗം കുറക്കുന്നതിന് റിഫ്ലക്റ്റിങ് സംവിധാനം സജ്ജീകരിക്കുന്നതിനും മാരാമത്ത് വകുപ്പ് ഇടപെടണം. കെഎസ്ആർടിസി ജീവനക്കാരുടെ പാർക്കിങ് മുനിസിപ്പാലിറ്റി കെട്ടിടത്തിനു താഴേക്ക് (കംഫർട്ട് സ്റ്റേഷന് അടുത്ത്) മാറ്റും.
ഡിപ്പോയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കോൺവെക്സ് മിറർ സ്ഥാപിക്കും.
മറ്റു ഗതാഗത പരിഷ്കാരങ്ങൾ
മാഞ്ഞുപോയ റോഡ് മാർക്കിങുകൾ, സീബ്രാ ലൈനുകൾ എന്നിവ വ്യക്തമായി വരയ്ക്കുന്നതിനു മരാമത്ത് വകുപ്പ് റോഡ്സ്, എൻഎച്ച് വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മാർക്കറ്റ് ജംക്ഷനിലേക്ക് നോ എൻട്രി ബോർഡ് സ്ഥാപിക്കും.
പത്തനാപുരം റൂട്ട് ബസുകൾ തൂക്കുപാലത്തിനു ശേഷം യൂണിയൻ ബാങ്കിനു സമീപം സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റും. മലയോര ഹൈവേയിൽ അടുക്കളമൂല ബസ് സ്റ്റേഷനിൽ മാത്രമേ ബസ് നിർത്താൻ പാടുള്ളൂ.
ബസ് ഡിപ്പോയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡ് കാഴ്ചമറയാത്ത രീതിയിൽ ഉയർത്തി സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. നഗരസഭ അധ്യക്ഷ കെ.പുഷ്പലത അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്.സുമയ്യാ ബീവി, പുനലൂർ എസ്എച്ച്ഒ ടി.രാജേഷ് കുമാർ, എടിഒ സാബു, എഎംവിഐ സിബു, അഡീഷനൽ തഹസിൽദാർ ഷാജി ബേബി, എസ്ഐ അനീഷ് തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]