കൊല്ലം ∙ കിണറ്റിൽ വീണുള്ള അപകടങ്ങൾ നഗരത്തിൽ പതിവാകുന്നു. നഗരപരിധിയിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ 8 പേരാണ് അപകടത്തിൽപെട്ടത്.
കിണറുകളിൽ വെള്ളം കുറഞ്ഞതോടെ വൃത്തിയാക്കുന്നതു പതിവായത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കിണറുകളിൽ ഇറങ്ങി വൃത്തിയാക്കുമ്പോൾ ആവശ്യത്തിന് ഓക്സിജൻ കിട്ടാതിരിക്കുകയോ അപകടത്തിൽപെടുകയോ ചെയ്യുകയാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ 23ന് പുന്തലത്താഴം സ്വദേശിയായ യുവാവ് വെള്ളം കോരുന്നതിനിടെ 40 അടി താഴ്ചയുള്ള കിണറ്റിൽ വീണിരുന്നു.
24ന് പേരൂരിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ വീട്ടമ്മയും രക്ഷിക്കാനിറങ്ങിയ മകനും അപകടത്തിൽപെട്ടിരുന്നു. കഴിഞ്ഞ വ്യാഴം രാത്രി കണ്ണനല്ലൂരിൽ 54 വയസ്സുള്ള വ്യക്തി 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണിരുന്നു.
ഈ സംഭവങ്ങളിലെല്ലാം അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷിച്ചത്. കിണറ്റിൽ ഇറങ്ങുന്നതിന് മുൻപ് സ്വീകരിക്കേണ്ട
സുരക്ഷാ മുൻകരുതലുകളെ കുറിച്ചുള്ള ധാരണയില്ലായ്മയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ചയുമാണ് പ്രശ്നത്തിന് കാരണമാകുന്നത്.
കിണറ്റിൽ ഇറങ്ങും മുൻപ് ശ്രദ്ധിക്കാൻ
വരൾച്ചക്കാലം കിണറുകളിൽ വെള്ളം കുറഞ്ഞ് വൃത്തിയാക്കുന്ന സമയം കൂടിയാണ്. അതിനാൽ അപകടങ്ങളും ഈ സമയത്തു കൂടും.
കിണറ്റിലിറങ്ങുന്നതിനു മുൻപു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
∙ കിണറ്റിലിറങ്ങുന്നതിനു മുൻപു കിണറിനുള്ളിൽ ഓക്സിജൻ ഉണ്ടോ എന്നു പരിശോധിക്കണം.
അതിന് ഒരു മെഴുകുതിരി ബക്കറ്റിൽ കത്തിച്ചു വച്ചു കിണറ്റിലേക്ക് ഇറക്കണം. താഴെ എത്തിയിട്ടും മെഴുകുതിരി അണയുന്നില്ലെങ്കിൽ ഓക്സിജൻ ഉണ്ട് എന്നുറപ്പാക്കാം.
എന്നാൽ മെഴുകുതിരി ഇടയ്ക്ക് അണഞ്ഞു പോയാൽ ഓക്സിജൻ ഇല്ലെന്നു മനസ്സിലാക്കണം. ഓക്സിജൻ ഇല്ലാത്ത കിണറ്റിൽ ഇറങ്ങുന്നത് അപകടകരമാണ്.
∙ അതേസമയം മെഴുകുതിരി കത്താൻ വളരെ കുറച്ചു ഓക്സിജൻ മതി എന്നതിനാൽ അതിനു ശേഷം തെങ്ങോലയോ പച്ചിലകൾ കൂട്ടിക്കെട്ടിയോ മരശിഖിരങ്ങളോ കിണറ്റിലേക്ക് ഇറക്കി താഴേക്കും മുകളിലേക്കും 10 മുതൽ 20 തവണ വരെയെങ്കിലും വലിച്ച് കിണറിനുള്ളിലെ വായുവിനെ ചലിപ്പിക്കണം. ഈ സമയം ഓക്സിജന്റെ സാന്നിധ്യം കിണറിനുള്ളിൽ ഉണ്ടാകും.
തുടർന്ന് മാത്രമേ കിണറ്റിൽ ഇറങ്ങാവൂ. ∙ എത്ര അനുഭവസ്ഥനാണെങ്കിലും കിണറ്റിൽ ഇറങ്ങുന്നതിന് മുൻപ് ശരീരത്തിന്റെ നടുഭാഗത്തു ഒരു കെട്ട് കെട്ടിയ ശേഷം മാത്രം ഇറങ്ങുക.
കെട്ടിന്റെ ഒരുഭാഗം കിണറിന് പുറത്തായിരിക്കണം. ∙ കിണറ്റിലിറങ്ങിയ ആൾ തളർന്നു വീണാൽ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കണം.
വേണ്ടത്ര സുരക്ഷയോടെ വേണം രക്ഷാപ്രവർത്തനം നടത്താൻ. ∙ തളർന്നു വീണയാളുടെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഓക്സിജൻ ഇല്ലാതെയാണ് അപകടം ഉണ്ടായതെന്നു മനസ്സിലാക്കണം.
ഈ സമയവും തെങ്ങോലയോ പച്ചിലകൾ കൂട്ടിക്കെട്ടിയോ കയറിൽ കിണറ്റിലേക്ക് ഇറക്കി താഴേക്കും മുകളിലേക്കും വലിച്ച് കിണറിനുള്ളിലെ വായുവിനെ ചലിപ്പിക്കണം. ഓക്സിജന്റെ സാന്നിധ്യം വർധിപ്പിക്കാൻ ഇത് സഹായിക്കും.
∙ കിണറ്റിൽ ആരെങ്കിലും കുടുങ്ങിയാൽ ചിലർ കിണറ്റിലേക്കു തീയും പുകയും ഇടാറുണ്ട്. ഇതു തെറ്റാണ്.
ഓക്സിജൻ ലഭിക്കാതെ കിണറ്റിൽ കുടങ്ങിക്കിടക്കുന്നയാൾക്കു കൂടുതൽ അപകടം ഉണ്ടാകും. ∙ കിണറിന്റെ വശങ്ങളിൽ ചെടികളും വള്ളിപ്പടർപ്പുകളും കൂടുതലായി ഉണ്ടാകുന്നതും ചിലപ്പോൾ അപകടകരമായ വാതകം പ്രസരിപ്പിക്കാൻ കാരണമായേക്കാം.
വിവരങ്ങൾ: ടി.ശിവകുമാർ (കടപ്പാക്കട സ്റ്റേഷൻ ഓഫിസർ) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

