കൊല്ലം∙ കേരളത്തിൽ വളരെ അപൂർവമായി ദേശാടനത്തിന് എത്തുന്ന ഇസാബെലൈൻ നെന്മണിക്കുരുവിയെ കരുനാഗപ്പള്ളി വെള്ളനാത്തുരുത്തിൽ പക്ഷി നിരീക്ഷണ സംഘം കണ്ടെത്തി. ജില്ലയിൽ ആദ്യമായാണ് ഈ കുരുവിയെ കണ്ടെത്തുന്നത്.
ഈ വർഷം വേനൽച്ചൂട് കൂടും എന്നതിന്റെ സൂചനയാണോ ഇതിന്റെ സാന്നിധ്യം എന്നു പക്ഷി ഗവേഷകർ സംശയിക്കുന്നു. ഒൻപതു വർഷം മുൻപു തിരുവനന്തപുരം പുഞ്ചക്കരിയിലാണ് ഇസാബെലൈൻ കുരുവിയെ തെക്കൻ കേരളത്തിൽ ആദ്യമായി കണ്ടെത്തിയത്.
പിന്നീട് ഇപ്പോഴാണ് ഈ കുരുവിയുടെ സാന്നിധ്യം ദൃശ്യമാകുന്നത്.
തെക്കുകിഴക്കൻ യൂറോപ്പ് മുതൽ മംഗോളിയ വരെയുള്ള പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന ഇവ ശൈത്യകാലത്ത് ആഫ്രിക്കയിലേക്കും അറേബ്യൻ, ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലേക്കും ദേശാടനം നടത്തുകയാണ് പതിവ്.
ഇന്ത്യയിൽ പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് മേഖലകളിൽ സാധാരണയായി കണ്ടുവരുന്ന നെന്മണിക്കുരുവിയെ ദക്ഷിണേന്ത്യയിൽ അപൂർവമായി മാത്രമേ കാണാറുള്ളു. വടക്കൻ കേരളത്തിൽ കണ്ണൂർ മടായിപ്പാറയിലാണ് ഇവ എത്താറുള്ളത്. മണൽ പ്രദേശങ്ങളോടും വരണ്ട പ്രദേശങ്ങളോടും പ്രതിപത്തിയുള്ള ഇവയെ ഈ വർഷം തെക്കൻ കേരളത്തിൽ കണ്ടതാണ് വേനൽച്ചൂട് വർധിക്കുമെന്ന സംശയം.
നല്ല മഴ കിട്ടിയിട്ടു കേരളത്തിൽ പകൽ ചൂട് കൂടി വരുന്നതിന്റെ ‘താപമാപിനി’യാണ് ഇസാബെലൈൻ നെന്മണിക്കുരുവിയുടെ വരവ് എന്നാണ് പക്ഷി ഗവേഷകർ കരുതുന്നത്.
പ്രകൃതി ഗവേഷണ സംഘടനയായ തിരുവനന്തപുരം വാർബ്ലേർസ് ആൻഡ് വെയ്ഡേഴ്സ് നടത്തിയ ദേശാടനപക്ഷികളുടെ കണക്കെടുപ്പിൽ പക്ഷി നിരീക്ഷകരായ സി.സുശാന്ത്, ഡോ. ബ്ലെസൻ സന്തോഷ് ജോർജ്, ജി.സന്തോഷ് കുമാർ, ജോബി കട്ടേല, എസ്.സാജൻ എന്നിവർ അടങ്ങുന്ന സംഘമാണ് ഇസാബെലൈൻ കുരുവിയെ കണ്ടെത്തിയത്. കല്ലുരുട്ടിക്കാട, തെറ്റികൊക്കൻ, വരയൻ മണലൂതി, തിരക്കാട, മണൽക്കോഴി, ടെറക് മണലൂതി, നീർകാക്ക, കടൽ മണ്ണാത്തി എന്നീ ദേശാടകരെയും വെള്ളനാത്തുരുത്തിൽ കണ്ടെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]