കൊല്ലം ∙ തോപ്പിൽക്കടവിൽ കൊണ്ടു ചെന്നു മുട്ടിക്കാൻ തീരുമാനിച്ച ലിങ്ക് റോഡ് ഒടുവിൽ ‘വഴിതെറ്റി’ കടവൂർ പള്ളിക്കു സമീപം എത്തിച്ചേരും. പുതിയ പദ്ധതി പ്രകാരം തേവള്ളി പാലത്തിനു സമാന്തര പാലം നിർമിച്ചാണു പദ്ധതിയുടെ വഴി മാറ്റുന്നത്.
ഇതു സംബന്ധിച്ച രൂപരേഖ കിഫ്ബി ബോർഡ് യോഗത്തിന്റെ പരിഗണനയ്ക്കു സമർപ്പിച്ചു. കലക്ടറേറ്റ് ഉൾപ്പെടെ കൊല്ലം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം ഇതോടെ പാളും.
കലക്ടറേറ്റ്– ചിന്നക്കട മേഖലയിലെ ഗതാഗതത്തിരക്കിൽ കുടങ്ങാതെ കടന്നു പോകുന്നതിനു വേണ്ടിയാണ് കെഎസ്ആർടിസി ഡിപ്പോ മുതൽ ആനന്ദവല്ലീശ്വരത്തിനു സമീപം തോപ്പിൽക്കടവ് വരെ ലിങ്ക് റോഡ് നിർമിക്കാൻ പദ്ധതി തയാറാക്കിയത്.
കപ്പലണ്ടിമുക്ക് മുതൽ തോപ്പിൽക്കടവ് വരെ 4 ഘട്ടമായി നിർമിക്കുന്നതായിരുന്നു പദ്ധതി.
ഇതിന്റെ ഓലയിൽ കടവു വരെയുള്ള 3 ഘട്ടവും പൂർത്തിയാക്കിയപ്പോഴാണ് പദ്ധതി തന്നെ വഴി തിരിച്ചു വിടുന്നത്. 1.5 കിലോമീറ്റർ ദൂരം മാത്രമാണ് നാലാംഘട്ടത്തിൽ നിർമിക്കേണ്ടിയിരുന്നത്.
തേവള്ളി പാലത്തിന് അടിയിലൂടെ ലിങ്ക് റോഡ് കടന്നു പോകുന്ന വിധത്തിലായിരുന്നു രൂപരേഖ. ഇതിനു കിഫ്ബി 195 കോടി അനുവദിക്കുകയും ചെയ്തിരുന്നു. തേവള്ളി പാലത്തിന് അടിയിലൂടെ കടന്നു പോകുന്നതിനുള്ള സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് 75 കോടി ചെലവിൽ ‘വഴിമാറ്റ പദ്ധതി’.
തേവള്ളി പാലത്തിനു സമാന്തരമായി പാലം നിർമിച്ചു കടവൂർ പള്ളിക്ക് എതിർവശത്ത് എത്തി കൊല്ലം– തേനി ദേശീയപാതയിൽ സംഗമിക്കുന്ന വിധത്തിലാണു പുതിയ രൂപരേഖ.
ഇതുമൂലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം തകിടം മറിയും. മാത്രമല്ല കാര്യമായ പ്രയോജനവും ഉണ്ടാകില്ല.
നിലവിൽ ലിങ്ക് റോഡ് വഴി എത്തുന്ന വാഹനങ്ങൾക്കു ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപമെത്തി കൊല്ലം– തേനി ദേശീയപാതയിൽ കയറാം.
പുതിയ രൂപരേഖ പ്രകാരം, അഷ്ടമുടിക്കായലിനു കുറുകെ, ഒരേ സ്ഥലത്ത് സമാന്തരമായി രണ്ടു പാലം വരുന്നു എന്നു മാത്രമല്ല, അഞ്ചാലുംമൂട് ഭാഗത്തേക്കുള്ള യാത്രാ ദൂരത്തിൽ നേരിയ കുറവു മാത്രമേ ഉണ്ടാവുകയുള്ളു.
ഈ മാസമോ അടുത്തമാസം ആദ്യമോ നടക്കുന്ന കിഫ്ബി ബോർഡിന്റെ പരിഗണനയ്ക്കു പുതിയ രൂപ രേഖ സമർപ്പിച്ചിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]