തേവലക്കര∙ ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മരിച്ച പിതാവിന്റെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. തേവലക്കര പടിഞ്ഞാറ്റേക്കര പൈപ്പ് ജംക്ഷനു സമീപം പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ്, മക്കളായ അതുൽ പ്രിൻസ്, അൽക്ക സാറ പ്രിൻസ് എന്നിവരാണ് മരിച്ചത്. സംസ്കാരം ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 2ന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ നടക്കും.
സംസ്കാര ചടങ്ങിനു മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കത്തോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, മറ്റ് തിരുമേനിമാരും സഹകാർമികത്വം വഹിക്കും. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്നും രാവിലെ 9ന് തൊടിയൂർ മാരാരിത്തോട്ടം കുട്ടപ്പൻ ജംക്ഷനിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവരും. പൊതുദർശനത്തിനുശേഷം അവിടെ നിന്നും മിത്ര സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിലാപയാത്രയായി പടിഞ്ഞാറ്റക്കര മുളയ്ക്കൽ എൽപിഎസിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദർശനത്തിനു വയ്ക്കും.
ഉച്ചയ്ക്ക് 1 വരെ അവിടെ പൊതുജനങ്ങൾക്കും കുട്ടികൾ പഠിച്ചിരുന്ന തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ, കരുനാഗപ്പള്ളി അയണവേലിക്കുള്ള ജെഎഫ്കെഎം വിഎച്ച്എസ്എസ് എന്നീ സ്കൂളുകളിലെ അധ്യാപകർക്കും കുട്ടികൾക്കും അന്ത്യോപചാരം അർപ്പിക്കാം.
തുടർന്ന് വീട്ടിലെത്തിച്ചു പ്രാർഥന നത്തി വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോകും. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രിൻസിന്റെ ഭാര്യ ബിന്ധ്യ സൂസൻ പ്രിൻസിനെ വീട്ടിൽ കൊണ്ടുവന്നു.
ഭർത്താവിന്റെയും മക്കളുടെയും മരണം വിവരം ബിന്ധ്യയെ അറിയിച്ചിട്ടുണ്ട്. മകൾ ഐശ്വര്യ മെർലിൻ പ്രിൻസ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാടും ബന്ധുക്കളും ഐശ്വര്യ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന പ്രാർഥനയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]