പുത്തൂർ ∙ വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ച സംഭവത്തിൽ സമീപവാസിയായ കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് ഗുരു മന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമു സുന്ദർ (42) ആണ് മരിച്ചത്.
സമീപവാസി ധനേഷ് ഭവനിൽ ധനേഷിനെയാണു (37) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം.
ധനേഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
തെളിവെടുപ്പിനു ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
പൊലീസ് പറഞ്ഞതിങ്ങനെ: നേരത്തെ ശ്യാമുവും ധനേഷും നല്ല സുഹൃത്തുക്കളായിരുന്നു. 4 വർഷം മുൻപ് ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പം പോയതോടെ ഇരുവരും ശത്രുതയിലായി.
സംഭവദിവസം സന്ധ്യയ്ക്ക് ഏഴരയോടെ ധനേഷ് ശ്യാമുവിന്റെ വീട്ടിലെത്തുകയും വസ്തുവിന്റെ പേരിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. പക്ഷേ തന്നോടൊപ്പം താമസിക്കുന്ന യുവതിക്ക് കൂടി അവകാശപ്പെട്ട
ഓഹരിയാണെന്നു പറഞ്ഞു ധനേഷും തർക്കിച്ചതോടെ വാക്കേറ്റം രൂക്ഷമായി. ഒടുവിൽ അയൽവാസി ഇടപെട്ടാണ് ഇരുവരെയും പറഞ്ഞു വിട്ടത്.
ഓണപ്പരിപാടിക്കു പോയ ധനേഷ് രാത്രി കറിക്കത്തിയുമായി ശ്യാമുവിന്റെ വീട്ടിലെത്തുകയായിരുന്നു.
തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. വാതിൽ പുറത്തു നിന്നു കൊളുത്തിട്ടിട്ടാണു ധനേഷ് മടങ്ങിയത്.
കത്തി തൊട്ടടുത്ത പുരയിടത്തിൽ ഒളിപ്പിച്ചു. ധനേഷ് പ്രദേശവാസിയായ സുഹൃത്തിന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്.
ഇക്കൂട്ടത്തിലൊരാൾ ശ്യാമുവിന്റെ അയൽവാസിയായ രാജേഷിനെ വിളിച്ചറിയിച്ചു. അയൽവാസികളുടെ സഹായത്തോടെ പൊലീസ് ശ്യാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ശാസ്താംകോട്ട ഡിവൈഎസ്പി ജി.ബി.മുകേഷ്, പുത്തൂർ ഐഎസ്എച്ച്ഒ സി.ബാബുക്കുറുപ്പ്, എസ്ഐ ടി.ജെ.ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണത്തിനെത്തി. പരേതരായ സുന്ദരേശന്റെയും ചന്ദ്രമതിയുടെയും മകനാണ് ശ്യാമു സുന്ദർ.
ഭാര്യ വിട്ടു പോയതിൽ പിന്നെ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
സഹോദരങ്ങൾ: ശ്യാം സുന്ദർ, ശാരി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]