കടയ്ക്കൽ∙ ‘മാനുഷരെല്ലാരും ഒന്നായി ആമോദത്തോടെ വസിക്കും നാട്’ ഇന്നത്തെ ചല്ലിമുക്ക് ഇങ്ങനെയാണ്. വർഷങ്ങൾ നീണ്ട
സംഘർഷത്തെ അകറ്റി ചല്ലിമുക്കിൽ സമാധാനംകൊണ്ടുവന്നത് ഓണാഘോഷവും അതിന്റെ ഭാഗമായി നടക്കുന്ന വടംവലി മത്സരവുമാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ ചല്ലിമുക്കിൽ തുടങ്ങിയ വടംവലി മത്സരം ഇന്ന് വമ്പൻ ഹിറ്റാണ്.
വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ സംഘർഷ കേന്ദ്രമായിരുന്നു ചല്ലിമുക്ക്.
പൊലീസ് ക്യാംപ് സ്ഥിരമായിരുന്നു. സംഘർഷം പതിവായപ്പോൾ ഓണാഘോഷത്തിലും ചേരിതിരിവുണ്ടായി.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ വീടുകളിൽ നിന്നു കുട്ടികളെ വിടാത്ത സ്ഥിതിയായി. വെറുപ്പും വിദ്വേഷവും ഇല്ലാത്ത ഓണാഘോഷം ഒരുക്കാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ തീരുമാനം എടുത്തു.
സംഘർഷത്തിന്റെ പേരിൽ ചല്ലിമുക്കിൽ പൊലീസ് കാവൽ വേണ്ടെന്നു നാട്ടുകാരും തീരുമാനിച്ചു.
എല്ലാവരും കൂടി പൗരാവലിക്ക് രൂപം നൽകി. തുടക്കത്തിൽ ചതയ ദിനത്തിൽ ഓണാഘോഷം നടത്തി.
തൊട്ടടുത്ത വർഷം മുതൽ വടംവലി മത്സരവും. ചല്ലിമുക്ക് ജംക്ഷനിൽ തന്നെയാണ് വടംവലി മത്സരത്തിന്റെ വേദി.
തുടക്കത്തിൽ ഒന്നാം സമ്മാനമായി 5000 രൂപയിൽ നിന്ന് സമ്മാന തുക 55,555 രൂപയായി മാറി. ആഘോഷവും മത്സരവും ഉൾപ്പെടെയെല്ലാം പൗരാവലിയുടെ കൈകളിൽ ഭദ്രം.
ജനങ്ങളുടെ കൂട്ടായ്മയിൽ തുടങ്ങിയ ഓണാഘോഷത്തിന് ഈ വർഷം 4 വയസ്സാകുന്നു.
ഇന്നും നാളെയുമാണ് ഇവിടെ ഓണാഘോഷം. വടംവലി മാമാങ്കം നാളെ രാത്രിയും.മലയോര ഹൈവേയുടെ ഭാഗമായ ചല്ലിമുക്ക് റോഡിലാണ് ഗ്രൗണ്ട് ഒരുക്കുന്നതെന്നും പൗരാവലി ഭാരവാഹികളായ രഞ്ജു വി.രാജു (പ്രസി.), സജീവ് ചല്ലിമുക്ക് (ചെർ), വിനോദ് ചല്ലിമുക്ക് (സെക്ര.), സുനിൽ ചെക്കിട്ടപച്ചയിൽ (വൈ.പ്രസി.), അജാസ്ഖാൻ (ട്രഷ.), വിപിൻ പാലാഴി (ജോ.സെക്ര.), അഖിൽ ചല്ലിമുക്ക്, അരുൺ മുരളി എന്നിവർ പറഞ്ഞു.
വടം വലി മാമാങ്കം
∙ നാളെ രാത്രി 8ന് മത്സരം തുടങ്ങും.
കണ്ണൂർ, കാസർകോട് ജില്ലകളിലെ ടീമുകൾ ഉൾപ്പെടെ 20ൽ അധികം സംഘങ്ങൾ മാറ്റുരയ്ക്കും. ഒന്നാം സമ്മാനം 55,555 രൂപയും രണ്ടാം സമ്മാനം 33,333 രൂപയും മൂന്നാം സമ്മാനം 22,222 രൂപയും നാലാം സമ്മാനം 11,111 രൂപയുമാണ്.
എട്ടു വരെ സ്ഥാനക്കാർക്ക് കാഷ് പ്രൈസുണ്ട്. കൂടാതെ.
എവർറോളിങ് ട്രോഫിയും ലഭിക്കും. മത്സരം നിയന്ത്രിക്കുന്നത് കേരള വടംവലി അസോസിയേഷനാണ്.
മത്സരം സ്ലാബ് കോർട്ടിൽ. റജിസ്ട്രേഷൻ ഫീസ് 500 രൂപ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]