ശാസ്താംകോട്ട ∙ മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിനു മുന്നിൽ തിരുവോണ നാളിൽ യുവാക്കൾ ഒരുക്കിയ പൂക്കളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും വിമുക്തഭടനും ഉൾപ്പെടെ 27 പേർക്കെതിരെ ശാസ്താംകോട്ട
പൊലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കൾ ചേർന്നു വർഷങ്ങളായി ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പൂക്കളം ഒരുക്കാറുണ്ട്.
ഇത്തവണ പൂക്കളത്തിനൊപ്പം പൂക്കൾ കൊണ്ട് കാവിക്കൊടി വരച്ച ശേഷം ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസ്, ചിഹ്നങ്ങളും എഴുത്തും നീക്കണമെന്ന് നിർദേശിച്ചു.
എന്നാൽ ഇതു രാഷ്ട്രീയ ചിഹ്നങ്ങൾ അല്ലെന്ന് അറിയിച്ച് യുവാക്കൾ പൊലീസ് നിർദേശം തള്ളി.
ഇതോടെയാണ് കലാപശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. എന്നാൽ എഫ്ഐആറിൽ ഓപ്പറേഷൻ സിന്ദൂർ എന്ന് പരാമർശമില്ല.
സമീപത്തായി ഛത്രപതി ശിവജിയുടെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതിന്റെ വിവരങ്ങളും എഫ്ഐആറിലുണ്ട്. തിരുവോണത്തിന് പൂക്കളമിടാനുള്ള നീക്കം സംഘർഷത്തിനു കാരണമാകുമെന്ന പരാതിയിൽ ഇടത്, കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെടുന്ന ക്ഷേത്ര ഭരണസമിതിയെയും സംഘപരിവാർ പ്രവർത്തകരെയും വിളിച്ച് ഓണത്തിന് മുന്നോടിയായി പൊലീസ് ചർച്ച നടത്തിയിരുന്നു.
പൂക്കളം ഒരുക്കുന്നതിൽ മറ്റ് അടയാളങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന നിർദേശം നൽകിയ ശേഷം ഇരുകൂട്ടർക്കും പൂക്കളം ഒരുക്കാനുള്ള സ്ഥലം മാർക്ക് ചെയ്തു നൽകി.
നിർദേശങ്ങൾ ലംഘിച്ചാൽ കലാപ ശ്രമത്തിനു കേസെടുക്കുമെന്ന് അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ക്ഷേത്രത്തിനു നൂറു മീറ്റർ ചുറ്റളവിൽ ജാതി, മത, രാഷ്ട്രീയ, സാമുദായിക സംഘടനകളുടെയോ മറ്റ് പ്രസ്ഥാനങ്ങളുടെയോ കൊടി തോരണങ്ങളും ചിഹ്നങ്ങളും പേരുകളും മറ്റ് അടയാളങ്ങളും അലങ്കാരങ്ങളും സ്ഥാപിക്കാൻ പാടില്ലെന്ന ഹൈക്കോടതി നിർദേശം സംബന്ധിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും പൂക്കളം ഇടരുതെന്നു പറഞ്ഞിട്ടില്ലെന്നും വിവാദങ്ങൾ ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കമാണെന്നും ക്ഷേത്രഭരണസമിതി പറഞ്ഞു.
കേസ് പിൻവലിക്കണം : യുവമോർച്ച
ശാസ്താംകോട്ട
∙ മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ തിരുവോണ നാളിൽ പൂക്കളം ഒരുക്കിയ യുവാക്കൾക്കെതിരെ പൊലീസെടുത്ത കേസ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അഖിൽ ശാസ്താംകോട്ട പറഞ്ഞു. സിപിഎം ഓഫിസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കള്ളക്കേസെടുക്കുന്ന പൊലീസ് നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]