ഓച്ചിറ∙ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട
വേങ്ങ പ്രണവത്തിൽ (ഇലഞ്ഞിക്കൽ) പരേതനായ കൊച്ചു നാരായണൻ ആചാരിയുടെ ഭാര്യ വസന്ത (65), മകൻ ശ്യാം (47) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി പോയ ശേഷമാണ് ഓച്ചിറ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനു വടക്ക് ഭാഗത്തു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസവും ശ്യാം ശാസ്താംകോട്ട
റെയിൽവേ സ്റ്റേഷനു സമീപത്തു ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ശ്യാമിന്റെ ഭാര്യ പ്രമീളയ്ക്ക് ഒപ്പമാണ് വസന്ത താമസിച്ചിരുന്നത്. ഇന്നലെ പുലർച്ചെ 4ന് അമ്മയുമായി ഗുരുവായൂരിൽ പോകുകയാണെന്നും പറഞ്ഞാണു ശ്യാം വീട്ടിൽ നിന്ന് ഇറങ്ങിയത്.
കഴിഞ്ഞ ദിവസം മർദിച്ചതിന് ശ്യാമിനെതിരെ ശാസ്താംകോട്ട പൊലീസിൽ പ്രമീള പരാതി നൽകിയിരുന്നു.
ശ്യാമും വസന്തയും ഇന്നലെ 10ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നു. കാരാളി മുക്കിൽ വർക് ഷോപ്പ് നടത്തിയിരുന്ന ശ്യാം സാമ്പത്തിക ബാധ്യതയെ തുടർന്നു വർക് ഷോപ്പും വീടും വിറ്റു കോയമ്പത്തൂരിൽ ജോലിക്കായി പോയി.
രണ്ടു ദിവസം മുൻപാണ് തിരികെ നാട്ടിലെത്തിയത്.
മുൻപ് വിറ്റ വീട്ടിലാണു ഇവർ വാടകയ്ക്കു താമസിക്കുന്നത്. ശ്യാമിനു സാമ്പത്തിക ബാധ്യതയുണ്ടെന്നു ബന്ധുക്കൾ പറയുന്നു.
ഇരുവരുടെയും മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു സംസ്കരിക്കും.
രജനി, രജിത എന്നിവരാണു വസന്തയുടെ മറ്റു മക്കൾ. അഖില (വിദേശത്ത് പഠനം), വിഷ്ണു (പോളിടെക്നിക് വിദ്യാർഥി) എന്നിവർ ശ്യാമിന്റെ മക്കളാണ്.
ഓച്ചിറ പൊലീസ് കേസെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]