
കൊല്ലം ∙ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ, അനധികൃതമായി സൂക്ഷിച്ച 100 കിലോഗ്രാമിന് അടുത്തുള്ള പഴകിയ മാംസം പിടികൂടി. ഇന്നലെ വൈകിട്ട് 6നു കൊല്ലം പോളയത്തോട് ജംക്ഷനു സമീപത്തെ കെട്ടിടത്തിനു പിന്നിലെ മുറിയിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ച മാംസം ആണു പിടികൂടിയത്.
കഴിഞ്ഞ 2 ദിവസമായി ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഷവർമ’ പരിശോധന നടക്കുകയാണ്. ഇതിന്റെ ഭാഗമായാണു പോളയത്തോട് മേഖലയിലെ ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.ഒരു ഹോട്ടലിന്റെ അടുക്കള പരിശോധിക്കുന്നതിനിടെ സമീപത്തെ കെട്ടിടം കണ്ടു സംശയം തോന്നുകയും, തുടർന്നു നടത്തിയ പരിശോധനയിൽ തുറന്നിട്ടിരുന്ന മുറിക്കുള്ളിൽ പ്ലാസ്റ്റിക് കവറുകളിലും 2 ഫ്രീസറുകളിലും ആയി സൂക്ഷിച്ച പഴകിയ മാംസം കണ്ടെത്തുകയുമായിരുന്നു.
ഇവ പിടിച്ചെടുത്ത ഉദ്യോഗസ്ഥർ മാംസം പൂർണമായും നശിപ്പിച്ചു കളയാൻ കടയുടമയ്ക്കു നിർദേശം നൽകി.കൊല്ലം ജില്ലാ ഫുഡ് സേഫ്റ്റി നോഡൽ ഓഫിസർ എ.അനീഷ, ഇരവിപുരം സോൺ ഫുഡ് സേഫ്റ്റി ഓഫിസർ ധന്യ ശ്രീവത്സം, ഓഫിസ് സ്റ്റാഫ് എം.എ.സിനി, ഡ്രൈവർ ജയചന്ദ്ര ബോസ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
സംഭവത്തിൽ കേസെടുക്കാൻ ശുപാർശ ചെയ്ത ഉദ്യോഗസ്ഥർ തുടരന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചു.
2 ദിവസമായി പരിശോധന
സംസ്ഥാനമൊട്ടാകെ കഴിഞ്ഞ 2 ദിവസങ്ങളായി നടക്കുന്ന ‘ഷവർമ പരിശോധന’യുടെ ഭാഗമായാണു ജില്ലയിലും റെയ്ഡുകൾ നടത്തിയത്. 105 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഷവർമ ഉണ്ടാക്കാൻ ശ്രമിച്ച 23 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്താനും 4 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാനും കൊല്ലം അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.എസ്.വിനോദിനു ശുപാർശ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]