കൊല്ലം∙ റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്ന് ആക്ഷേപം. തൃശൂർ റെയിൽവേ സ്റ്റേഷന്റെ പൂത്തോൾ ഭാഗത്തെ രണ്ടാം കവാടത്തിലെ ഇരുചക്ര വാഹന പാർക്കിങ് കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ തീപിടിത്തത്തിൽ 300 വണ്ടികളാണ് കത്തി നശിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തിരക്കുള്ള എല്ലാ റെയിൽവേ സ്റ്റേഷനിലെയും പേ ആൻഡ് പാർക്കിലും സുരക്ഷ പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖരൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഏറെ തിരക്കുള്ള കൊല്ലം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിൽ ഇനിയും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി.
കൊല്ലം റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിൽ ദിവസേന കാറുകൾ, ഒാട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ആയിരത്തോളം വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്.
തൊട്ടടുത്തായി റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. വെൽഡിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
ഏതെങ്കിലും സാഹചര്യത്തിൽ സ്പാർക്ക് ഉണ്ടായാൽ തൃശൂരിലുണ്ടായതിനു സമാനമായ സംഭവം ഇവിടെയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് വാഹന ഉടമകളുടെ ആശങ്ക. മാത്രമല്ല റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയിട്ടുള്ള ഇതര സംസ്ഥാനതൊഴിലാളികൾ മിക്കപ്പോഴും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന ഭാഗത്തു വന്നാണ് പുകവലിക്കുന്നത്.
സിഗരറ്റ് കുറ്റികൾ അണയ്ക്കാതെ ഇവിടെ വലിച്ചെറിഞ്ഞിട്ട് പോകുകയും ചെയ്യും.
ഇത്തരത്തിലുള്ള സംഭവങ്ങൾ പല ദിവസങ്ങളിലും നടന്നിട്ടുണ്ടെന്നും കത്തി തീരാത്ത സിഗരറ്റ് കുറ്റികൾ തങ്ങൾ തന്നെ വാഹനങ്ങൾക്ക് ഇടയിൽ നിന്നും മാറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പാർക്കിങ് ജീവനക്കാർ പറഞ്ഞു. വേനൽക്കാലം ആരംഭിച്ചതിനാൽ ഇത്തരത്തിലുള്ള ചെറിയ പിഴവുകൾക്കും അശ്രദ്ധയ്ക്കും വലിയ വില നൽകേണ്ടി വരുമെന്നാണ് ജീവനക്കാർ പറയുന്നത്.
വാഹന പാർക്കിങ്ങിന് വേണം കൂടുതൽ സൗകര്യം
കൊല്ലം∙ വാഹനപ്പെരുപ്പം മൂലം കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം വീർപ്പു മുട്ടുന്നു. നിലവിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷന് പിറകിൽ അനുവദിച്ചിട്ടുള്ള പേ ആൻഡ് പാർക്കിങിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ പലരും തിരക്കേറിയ ചെമ്മാൻമുക്ക് റോഡിലും– ക്യുഎസി റോഡിലുമാണ് ഇരുചക്ര വാഹനങ്ങളും കാറുകളും പാർക്ക് ചെയ്യുന്നത്.
ചെമ്മാൻമുക്കിലെ റോഡിൽ ഇപ്പോൾ ഖാദി ഒാഫിസിന് സമീപം മുതൽ കർബല ജംക്ഷൻ വരെ ഇരു വശത്തുമായി വാഹനങ്ങൾ പാർക്കിങ് കേന്ദ്രമാക്കിയിരിക്കുകയാണ്. റെയിൽവേയുടെ രണ്ടാം കവാടമായ കൊല്ലം–തിരുമംഗലം ദേശീയ പാതയ്ക്ക് അരികിലും ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് കൂടിയിട്ടുണ്ട്.
ചെമ്മാൻമുക്ക് റോഡിന്റെ ഒരുവശത്ത് വാഹന പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇവിടെ പൊലീസ് ഇരുമ്പ് ബാരിക്കേഡും കോണുകളും റിബണുകളും കെട്ടിത്തിരിച്ചു.
വാഹനങ്ങൾ ഇവിടെ നിന്നു മാറ്റിയെങ്കിലും പൊലീസ് സ്ഥാപിച്ച് ബാരിക്കേഡുകളും റിബണും കാൽനട യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നു.
കാൽനടയാത്രക്കാർ ഇത് മൂലം തിരക്കേറിയ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്.
രാത്രി സമയത്ത് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. ചെമ്മാൻമുക്ക് റോഡിൽ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കാത്തിരിപ്പു കേന്ദ്രവും പാർക്കിങ് കേന്ദ്രമാക്കിയതായി ആക്ഷേപമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

