കൊല്ലം ∙ ട്രെയിനിൽ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. ചാത്തന്നൂർ ഇത്തിക്കര മീനാട് വയലിൽ പുത്തൻവീട്ടിൽ രാഹുൽ (23), തഴുത്തല മൈലക്കാട് നോർത്ത് കമല സദനത്തിൽ സുഭാഷ് ചന്ദ്രൻ (27) എന്നിവരെയാണു കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ സംശയകരമായ സാഹചര്യത്തിൽ 2 ബാഗുകളുമായി കണ്ടെത്തിയ യുവാക്കളെ പരിശോധിച്ചപ്പോഴാണു കഞ്ചാവ് കണ്ടെത്തിയത്.
2 മാസത്തിനുള്ളിൽ നഗരത്തിൽ നടക്കുന്ന നാലാമത്തെ വൻ കഞ്ചാവ് വേട്ടയാണിത്.
ഒന്നര മാസം മുൻപ് 20 കിലോ കഞ്ചാവുമായി 2 പേരെ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 10 കിലോ കഞ്ചാവുമായി ഒരാളെ പെരിനാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 22 കിലോ കഞ്ചാവുമായി ഒരാളെ കൊല്ലം നഗരത്തിൽ നിന്നു പിടികൂടിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഒഡീഷയിൽ നിന്നു കൊണ്ടുവന്നതാണെന്നും കൊല്ലം നഗരത്തിൽ ചില്ലറ വിൽപനക്കാർക്കു നൽകുന്നതിനു വേണ്ടിയാണെന്നും വെളിപ്പെടുത്തി.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി മറ്റു പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നു കൊല്ലം എസിപി എസ്.ഷെറീഫ് പറഞ്ഞു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ പുഷ്പകുമാർ, എസ്ഐ സരിത, ഡാൻസാഫ് എസ്ഐ രെഞ്ചു, ഉദ്യോഗസ്ഥരായ ബൈജു ജെറോം, ഹരി, ദിലീപ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

