കൊല്ലം ∙ ജിഎസ്ടിയിൽ കാര്യമായ വ്യത്യാസം പ്രഖ്യാപിച്ചിട്ടും ഉൽപന്നത്തിന് ഉണ്ടാകേണ്ട കുറവ് വിലയിൽ പ്രതിഫലിക്കാത്ത സ്ഥിതിയുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
നികുതി കുറച്ചത് മൂലമുള്ള നേട്ടം ഉൽപന്നം തരം മാറ്റിയോ, പുതിയ മോഡലുകളിൽ നിർമിച്ചോ കമ്പനികൾ തന്നെ ഈടാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സിഐടിയു ജില്ലാ കമ്മിറ്റി, കേരള സ്റ്റേറ്റ് ബവ്റിജസ് സ്റ്റാഫ് യൂണിയന്റെ സഹകരണത്തോടെ നടത്തിയ ആനത്തലവട്ടം ആനന്ദൻ അനുസ്മരണ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നികുതി പരിഷ്കാരം ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ ജിഎസ്ടി കൗൺസിലിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി ഫലത്തിൽ കോർപറേറ്റുകളെ സഹായിക്കാനാണ്. നികുതി കുറയ്ക്കുന്നതിന്റെ ലക്ഷ്യമായി മാറേണ്ടതു സാധാരണക്കാരുടെ വാങ്ങൽശേഷി വർധിപ്പിക്കുക എന്നതാണ്.
ഫ്രിജിന് 18% ആയി കുറച്ച ഘട്ടത്തിൽ ആ ഗുണം വിലയിൽ പ്രതിഫലിക്കാത്തതു ശ്രദ്ധയിൽപെട്ടപ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജിഎസ്ടി കൗൺസിലിൽ ഇതു ചൂണ്ടിക്കാട്ടിയിരുന്നു–അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രതികാരച്ചുങ്കവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി സാമ്പത്തികശാസ്ത്രം അസിസ്റ്റന്റ് പ്രഫസർ ഡോ.സിദ്ദിക് റാബിയത്ത് വിഷയം അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, ട്രഷറർ ബി.ഇക്ബാൽ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, സിഐടിയു നേതാക്കളായ ജി ആനന്ദൻ, എ.അനിരുദ്ധൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി.ഗാഥ, ആർ.അരുൺ കൃഷ്ണ, കേരള സ്റ്റേറ്റ് ബവ്റിജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി.പ്രവീൺ, സെക്രട്ടറി എം.ജി.കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറി അശ്വതി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]