
മൺറോത്തുരുത്ത് ∙ യന്ത്ര തകരാറിനെ തുടർന്ന് 2 സർവീസ് ബോട്ടുകളും സീ അഷ്ടമുടി ബോട്ടും പണി മുടക്കിയതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ വലഞ്ഞു. സാമ്പ്രാണിക്കോടി – കാവനാട് സർവീസ് ബോട്ട്, പേഴുംത്തുരുത്ത് – പെരുങ്ങാലം – കോയിവിള സർവീസ് ബോട്ട്, സീ അഷ്ടമുടി വിനോദ സഞ്ചാര ബോട്ട് എന്നിവ സർവീസ് നിർത്തിയതോടെ പെരുങ്ങാലം ഗവ.
എച്ച്എസ്എസിലെ വിദ്യാർഥികൾ ഉൾപ്പെടെ ദുരിതത്തിലായി. പേഴുംത്തുരുത്ത് – പെരുങ്ങാലം – കോയിവിള സർവീസ് ബോട്ട് തകരാറിലായതോടെ തിങ്കൾ മുതൽ സർവീസ് നടത്തിയിരുന്നില്ല.
ഇന്നലെ സാമ്പ്രാണികോടിയിൽ നിന്ന് ബോട്ട് എത്തിച്ചാണ് പേഴുംത്തുരുത്ത് – കോയിവിള സർവീസ് നടത്തിയത്.
ഉച്ചയോടെ കോയിവിളയിൽ നിന്ന് പെരുങ്ങാലത്തേക്ക് യാത്രതിരച്ച ബോട്ടിന്റെ പമ്പിന്റെ തകരാർ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് യാത്രക്കാരെ അഷ്ടമുടിയിൽ ഇറക്കിയ ശേഷം കൊല്ലത്തേക്ക് പോകുന്ന വഴി കായലിൽ നിന്നു. തുടർന്ന് സീ അഷ്ടമുടി ബോട്ടിൽ കെട്ടിവലിച്ച് കൊല്ലത്തേക്ക് കൊണ്ടു പോയി.
യാത്രയ്ക്കിടെ സീ അഷ്ടമുടി ബോട്ടിന്റെ ഗിയർ തകരാറിലായി. തുടർന്ന് ഇരു ബോട്ടുകളും ഒരുവിധത്തിൽ കൊല്ലത്ത് എത്തിക്കുകയായിരുന്നു.
ഇതിനിടെ ഉച്ചയ്ക്ക് 2 ഓടെ സർവീസ് ഇല്ലെന്ന് ബോട്ട് ജീവനക്കാർ പെരുങ്ങാലം സ്കൂളിൽ വിളിച്ച് അറിയിച്ചു.
ഇതോടെ അധ്യാപകർ പെരുങ്ങാലത്തെ സ്പീഡ് ബോട്ടുകൾ എത്തിക്കാൻ ശ്രമം നടത്തി. എന്നാൽ ഫിറ്റ്നസ് പരിശോധന നടക്കുന്നതിനാൽ ബോട്ടുകൾ ലഭിച്ചില്ല.
ഒടുവിൽ മൺറോത്തുരുത്തിൽ നിന്ന് ശിക്കാര ബോട്ട് എത്തിച്ചാണ് വിദ്യാർഥികളെ കോയിവിളയിൽ എത്തിച്ചത്.മണിക്കൂറിന് 1000 രൂപയാണ് ശിക്കാര ബോട്ടിന്റെ വാടക. പിടിഎ ഫണ്ടിൽ നിന്ന് 4000 രൂപയോളം ഇതിന് ചെലവായി. ബോട്ട് എത്തിയില്ലെങ്കിൽ ക്ലാസ് മുടങ്ങുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ.
ബോട്ട് പിടിച്ചു കെട്ടി പ്രതിഷേധിക്കും
കുട്ടികളുടെ ജീവൻ വകവയ്ക്കാതെയാണു ജല ഗതാഗത വകുപ്പ് കാലപ്പഴക്കം ചെന്ന ബോട്ട് സർവീസ് നടത്തുന്നത്.
പുതിയ ബോട്ട് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകിയിട്ടുണ്ട്. 15ന് മുൻപ് ബോട്ട് എത്തിക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
പുതിയ ബോട്ട് എത്തിച്ചില്ലെങ്കിൽ നിലവിലെ ബോട്ട് പിടിച്ചു കെട്ടി പ്രതിഷേധിക്കുമെന്ന് പെരുങ്ങാലം വാർഡംഗം ടി. ജയപ്രകാശ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]