
കൊല്ലം∙ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന് സമീപത്തെ തട്ടുകടകൾ ഗുരുതര സുരക്ഷാഭീഷണി ഉയർത്തുന്നു. ഏതെങ്കിലും സാഹചര്യത്തിൽ അഗ്നിബാധ ഉണ്ടായാൽ വലിയൊരു ദുരന്തത്തിനു നഗരം സാക്ഷിയാകേണ്ടി വരും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന തട്ടുകടകൾ അപകടസാധ്യത മുൻനിർത്തി മൂന്നാഴ്ച മുൻപ് ഒഴിപ്പിച്ചിരുന്നെങ്കിലും വീണ്ടും പഴയപടി പ്രവർത്തനം തുടരുകയാണ്. ഓക്സിജൻ പ്ലാന്റിനോട് ചേർന്ന് തീയോ, പുകയോ പാടില്ലെന്ന നിബന്ധന ലംഘിച്ചാണ് തട്ടുകടകളുടെ പ്രവർത്തനം.
മാത്രമല്ല പാചകവാതകം , മണ്ണെണ്ണ എന്നിവ ഉപയോഗിച്ചൂള്ള തട്ടുകടകളുടെ പ്രവർത്തനം ജില്ലാ ആശുപത്രിയിലെ മരുന്നുസംഭരണശാലയ്ക്കും മെഷീനറികളുടെ സുരക്ഷയ്ക്കും വലിയ ഭീഷണി ഉയർത്തുന്നു.
ഏകദേശം 5,000 ലീറ്റർ ഡീസൽ ഉപയോഗിക്കുന്ന ജനറേറ്ററുകൾ ആശുപത്രിയിലുള്ളതിനാൽ അപകടസാധ്യത വളരെക്കൂടുതലാണ്.തട്ടുകടകൾ ഓക്സിജൻ പ്ലാന്റിനു ഭീഷണിയാണെന്നു കാട്ടി പൊലീസ് 3 തവണ റിപ്പോർട്ട് കൊടുത്തിരുന്നു. ആംബുലൻസുകൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിനും തടസ്സമായാണ് തട്ടുകടകളുടെ പ്രവർത്തനമെന്നും പൊലീസ് റിപ്പോർട്ട് പറയുന്നു.
അഗ്നിസുരക്ഷാ സേന ഓഫിസർ, സബ്കലക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ, സുരക്ഷാ ഏജൻസികൾ തുടങ്ങിയവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 7നാണ് കടകൾ ഒഴിപ്പിക്കാൻ കലക്ടർ ഉത്തരവിട്ടത്.
9ന് കോർപറേഷൻ സെക്രട്ടറി ഡി.സാജുവിന്റെ നേതൃത്വത്തിൽ തട്ടുകടകൾ ഒഴിപ്പിച്ചുവെങ്കിലും വീണ്ടും പ്രവർത്തനമാരംഭിക്കുകയായിരുന്നു. കോടതിയിൽ നിന്നു താൽക്കാലിക സ്റ്റേ ഉത്തരവ് വാങ്ങിയാണ് പ്രവർത്തനം തുടരുന്നത്.
എന്നാൽ ഓക്സിജൻ പ്ലാന്റിന്റെ സുരക്ഷയെ ബാധിക്കുന്ന തട്ടുകടകളുടെ പ്രവർത്തനത്തെപ്പറ്റി കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ പരാജയപ്പെട്ടതായി ആരോപണമുണ്ട്.
‘പാചകവാതക സിലിണ്ടർ എടുത്തുമാറ്റിയാൽ മാത്രം ഒഴിപ്പിക്കലാകില്ല’ എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗമോ കോർപറേഷൻ ആരോഗ്യവിഭാഗമോ കടകളിൽ പരിശോധന നടത്താറില്ലെന്നും ആക്ഷേപമുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ, കൂട്ടിരിപ്പുകാർ, ആശുപത്രി ജീവനക്കാർ,വഴിയാത്രക്കാർ എന്നിവരുടെ ജീവൻ അപകടത്തിലാക്കുന്ന തട്ടുകടകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെറിയ തീപ്പൊരി പോലും അപകടം വരുത്താം
പെട്രോളിയം ആൻഡ് എക്സ്പ്ലൊസീവ് സേഫ്റ്റി ഓർഗനൈസേഷൻ നിയമപ്രകാരം ഓക്സിജൻ പ്ലാന്റിന്റെ 3 മീറ്റർ ചുറ്റളവിൽ തീ, പാചകവാതക ഉപകരണങ്ങൾ, പൊതുഗതാഗതം അല്ലെങ്കിൽ പുകവലി എന്നിവ പാടില്ലാത്തതാണ്. ഓക്സിജൻ ജ്വലനത്തിന് സഹായിക്കുന്ന വാതകമായതിനാൽ ചെറിയൊരു തീപ്പൊരി പോലും വലിയ അപകടത്തിന് കാരണമായേക്കാം.
ജില്ലാ ആശുപത്രിക്കു സമീപം തട്ടുകടയിൽ വിൽപനയ്ക്കുവച്ചിരിക്കുന്ന പ്ലാസ്റ്റിക് ബക്കറ്റുകളും മറ്റും അപകടമുണ്ടായാൽ ആഘാതം കൂട്ടുന്നവയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]