
റാങ്ക് ലിസ്റ്റിൽ ഒന്നാമത് എത്തിയപ്പോൾ പിഎസ്സി പറയുന്നു: ‘ ഭിന്നശേഷി സംവരണമാണ്, നിയമനം നൽകാനാവില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ജില്ലയിൽ ആകെയുള്ളത് ഒരേയൊരു തസ്തിക, ആ തസ്തികയിലേക്കായി പിഎസ്സി വിജ്ഞാപനം പുറത്തിറക്കി, അപേക്ഷ ക്ഷണിച്ചു, എഴുത്തു പരീക്ഷയും ചർച്ചയും അഭിമുഖവും പരിശോധനയും നടത്തി റാങ്ക് ലിസ്റ്റും പുറത്തിറക്കി. ശേഷം ഇപ്പോൾ പിഎസ്സി പറയുന്നു ‘ഇത് ഭിന്നശേഷി സംവരണ തസ്തികയാണ്. അതിനാൽ നിയമനം നൽകാനാവില്ല’. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇല്ലാഞ്ഞതിനാൽ 30 വർഷത്തിലധികമായി സ്ഥിരനിയമനം നടക്കാത്ത തസ്തികയിലാണ് പിഎസ്സിയുടെ പ്രഹസന നടപടി. ജില്ലയിലെ എൻസിസി, സൈനിക ക്ഷേമ വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ ഒന്നാം റാങ്കുകാരനായ മൈനാഗപ്പള്ളി തോട്ടുമുഖം സ്വദേശി പി.സനിലിനാണ് നിർഭാഗ്യകരമായ ഈ സാഹചര്യം നേരിടേണ്ടി വന്നത്. ഭിന്നശേഷിക്കാർക്കുള്ള തസ്തികയാണെന്ന് വ്യക്തമാക്കാത്തതിനാലും യോഗ്യരായ ഉദ്യോഗാർഥികളെ മുൻപൊന്നും ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയും റാങ്ക് പട്ടികയിലെ ഒന്നാമനു ജോലി നൽകാമല്ലോ എന്ന ചോദ്യത്തിന് അടുത്ത റാങ്ക് പട്ടികയിൽ ഭിന്നശേഷിക്കാരില്ലെങ്കിൽ പരിഗണിക്കാമെന്ന് പിഎസ്സിയുടെ മറുപടി.
ഇനി ഈ ജോലി ലഭിക്കണമെങ്കിൽ പിഎസ്സി ഈ തസ്തികയിൽ അടുത്ത വിജ്ഞാപനം പുറപ്പെടുവിച്ചു പരീക്ഷയും മറ്റും നടത്തി റാങ്ക് ലിസ്റ്റ് വരുന്നവരെ കാത്തിരിക്കണം. 2020ൽ വിജ്ഞാപനം വന്ന തസ്തികയിൽ 2025ൽ ആണ് റാങ്ക് ലിസ്റ്റ് വന്നത്. അതായത് സനിലിന് ഇനിയും 5 വർഷത്തോളം കാത്തിരിക്കേണ്ടി വരും. എൻസിസി, സൈനിക ക്ഷേമ വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇതിന് പുറമേ സ്റ്റെനോഗ്രഫി യോഗ്യതയും വേണമെന്നതിനാൽ വളരെ കുറച്ചു പേർ മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നത്. പിഎസ്സി നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ള തസ്തികകളിലെ ആദ്യ ഒഴിവ് അവർക്കായി മാറ്റി വയ്ക്കണമെന്ന ഉത്തരവുള്ളതിനാൽ ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന തലത്തിലും ഒരു ഒഴിവ് മാത്രമുള്ള തസ്തിക അങ്ങനെ മാറ്റും.
യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലെന്ന് ഉറപ്പായാൽ പോലും മറ്റുള്ളവരെ പരിഗണിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സനിൽ ഒന്നാമതെത്തിയ തസ്തികയിലെ പരീക്ഷയുടെ വിജ്ഞാപനം 2020 ൽ വന്നെങ്കിലും പരീക്ഷയും അഭിമുഖവുമെല്ലാം പൂർത്തിയായത് ഈ വർഷം ജനുവരിയിലാണ്. കഴിഞ്ഞ ജനുവരി 31ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും പിഎസ്സി പരീക്ഷകളുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ അഭിമുഖത്തിന്റെ സമയത്തു പോലും ഇതു ഭിന്നശേഷി സംവരണമാണെന്ന് ഉദ്യോഗാർഥിയെ അറിയിച്ചില്ല. വർഷങ്ങളായി നിയമനം നടക്കാത്ത ഒരു തസ്തികയുടെ പേരിൽ പിഎസ്സി ചെലവഴിച്ച തുകയും വെറുതെയായി.
എൻസിസി, സൈനിക ക്ഷേമ വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ തിരുവനന്തപുരം ജില്ലയിൽ 3 തസ്തികകളും കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളിൽ ഒരു തസ്തികയുമാണുള്ളത്. തിരുവനന്തപുരത്ത് ഒന്നിലേറെ ഒഴിവുള്ളതിനാൽ റാങ്ക് പട്ടികയിലെ ഒന്നാമന് ജോലി ലഭിച്ചു. എറണാകുളത്തും കൊല്ലം ജില്ലയ്ക്കു സമാനമായ പ്രശ്നമായതിനാൽ റാങ്ക് പട്ടികയിലെ ഒന്നാമനോ മറ്റാർക്കെങ്കിലോ ജോലി ലഭിച്ചിട്ടില്ല. കോട്ടയത്തും നിലവിൽ യോഗ്യരായ 5 ഉദ്യോഗാർഥികളിൽ ഒരാളും ഭിന്നശേഷിക്കാർ അല്ലാത്തതിനാൽ അവിടെയും സമാനമാകും സാഹചര്യം.
1995 മുതൽ ജില്ലയിൽ ഒഴിവുള്ള ഈ തസ്തികയിലേക്ക് യോഗ്യതയുള്ളവർ ഇല്ലെന്ന പേരിൽ വർഷങ്ങളായി താൽക്കാലിക നിയമനമാണ് നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലെ ഒരു ഒഴിവ് മാത്രമുള്ള, ദീർഘകാലമായി അനുയോജ്യരായ ഉദ്യോഗാർഥികളെ കിട്ടാത്ത തസ്തികകളിൽ നിന്ന് ഭിന്നശേഷി സംവരണം ഒഴിവാക്കി മറ്റു തസ്തികളിലേക്കു മാറ്റുകയോ അല്ലെങ്കിൽ സംവരണമുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ മറ്റുള്ളവരെ പരിഗണിക്കാനുള്ള നടപടി സ്വീകരിക്കുകയോ വേണമെന്നാണ് ആവശ്യം.