
കാത്തിരിപ്പ് കേന്ദ്രങ്ങൾ: തിരുമംഗലം ദേശീയപാത ഒൗട്ട്, മലയോര ദേശീയപാത ഇൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴുതുരുട്ടി∙ മലയോര ദേശീയപാതയിൽ നിലവാരമുള്ള കാത്തിരിപ്പു കേന്ദ്രങ്ങൾ പണിയുമ്പോഴും തിരുമംഗലം ദേശീയപാതയുടെ കാര്യത്തിൽ അവഗണന. യാത്രക്കാർക്ക് സുരക്ഷിതമായി ബസ് കാത്തുനിൽക്കാൻ ദേശീയപാത വിഭാഗം സംവിധാനം ഒരുക്കുന്നില്ല. തിരുമംഗലം ദേശീയപാതയുടെ നിലവാരത്തിനു നാണക്കേടായി കഴുതുരുട്ടിയിലെ കാത്തിരിപ്പുകേന്ദ്രം. വീതികുറഞ്ഞ ദേശീയപാതയോരത്ത് കാട്ടുകമ്പുകൾ കുഴിച്ചു നിർത്തി ചേർത്തു കെട്ടി ടാർപോളിൻ മേഞ്ഞ കാത്തിരിപ്പു കേന്ദ്രം വികസനമുരടിപ്പിന്റെ നേർചിത്രമാണ് . കാടുകയറിയതോടെ ഈ കാത്തിരിപ്പു കേന്ദ്രത്തെ യാത്രക്കാർ ഉപേക്ഷിച്ചു.
സമീപത്തെ ബസ് സ്റ്റോപ് ബോർഡും നോക്കുകുത്തിയായി. പഞ്ചായത്ത് ആസ്ഥാനത്തിനു തൊട്ടുമുൻപിൽ ഗതികേടിന്റെ തെളിവായി കാത്തിരിപ്പു കേന്ദ്രം തുടരുമ്പോഴും അധികൃതർക്കും അനക്കമില്ല. ആര്യങ്കാവ് ഗവ. ആശുപത്രിക്കു സമീപത്തായാണ് യാത്രക്കാരുടെ ബസ് കാത്തുനിൽപ്. ഇവിടെ യാത്രക്കാരെ കയറ്റാൻ കെഎസ്ആർടിസി ബസ് നിർത്തിയിട്ടപ്പോൾ നിയന്ത്രണം തെറ്റിയ ടോറസ് ലോറി ബസിന്റെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. അമ്പനാട് തോട്ടം റോഡും ഈ കവലയിലേക്കാണു വന്നു ചേരുന്നതെന്നതിനാൽ അപകട സാധ്യതയേറിയ ഭാഗമായി മാറി. ബസ് നിർത്തിയാൽ പിന്നാലെയും എതിരെയും വരുന്ന വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാതെയാകുന്നതോടെ ഗതാഗതക്കുരുക്കും പതിവാണ്.
ദേശീയപാതയിൽ ചരക്കുലോറികൾ നിർത്തിയിടുന്ന വീതിയേറിയ ഭാഗത്ത് ബസ് ബേ സ്ഥാപിച്ചു കാത്തിരുപ്പു കേന്ദ്രം നിർമിച്ചാൽ കഴുതുരുട്ടിയിൽ സുരക്ഷിതമായി ബസ് കാത്തുനിൽക്കാനും ഗതാഗതക്കുരുക്കും ഒഴിവാക്കാമെന്നിരിക്കെ നടപടിയില്ല. ഇവിടെ ചരക്കുലോറികൾ പാതയ്ക്ക് ഇരുഭാഗത്തുമായി നിർത്തിയിടുന്നതു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. തനതു ഫണ്ടിലും എംപി ഫണ്ടിലും കുളത്തൂപ്പുഴ പഞ്ചായത്തിൽ നിലവാരമുള്ള 5 കാത്തിരിപ്പു കേന്ദ്രങ്ങൾ മലയോര ദേശീയപാതയിൽ അടുത്തിടെ പണിതിരുന്നു. പുതിയ പദ്ധതിയിൽ വീണ്ടും കാത്തിരിപ്പു കേന്ദ്രങ്ങൾ പണിയാനുള്ള എംപി ഫണ്ടിന് അനുമതിയും ലഭിച്ചിട്ടുണ്ട്.
തിരുമംഗലം ദേശീയപാതയോരത്ത് കാത്തിരിപ്പു കേന്ദ്രങ്ങളുടെ കാര്യത്തിൽ നടപടിയുണ്ടാകാത്തതിനാൽ തെന്മല. ആര്യങ്കാവ് പഞ്ചായത്തുകളിലെ യാത്രക്കാർക്കു സുരക്ഷിതമായി ബസ് കാത്തുനിൽക്കാൻ ഇടമില്ല. സഞ്ചാരികൾ എത്തുന്ന തെന്മലയിലും ഒറ്റക്കലിലും അപകടങ്ങൾ പെരുകിയ ഉറുകുന്നിലും സ്ഥിതി ശോചനീയം. പുനലൂർ മുതൽ മടത്തറ വരെയാണ് മലയോര ദേശീയപാതയുടെ ഭാഗം. പുനലൂർ മുതൽ അതിർത്തിയായ കോട്ടവാസൽ വരെയാണു കിഴക്കൻ മേഖലയിലെ തിരുമംഗലം ദേശീയപാത.