കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വോട്ടർ പട്ടികയിലെ ഇരട്ടവോട്ടു സംബന്ധിച്ചു പരാതി വ്യാപകം. രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ മുൻകൂട്ടി ശ്രദ്ധയിൽപ്പെടുത്തിയതെല്ലാം നീക്കം ചെയ്തുവെന്നു പഞ്ചായത്ത് അധികൃതർ വിശദീകരിക്കുമ്പോഴും കൊല്ലം കോർപറേഷനിലും ഗ്രാമപ്പഞ്ചായത്തുകളിലും ഇരട്ട
വോട്ടുകൾ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനാകട്ടെ, ഇരട്ട
വോട്ടുള്ളവരുടെ പട്ടിക ഇതുവരെ തയാറാക്കിയിട്ടുമില്ല. കൊല്ലം കോർപറേഷനിലെ നാൽപതോളം പേർക്കു തിരുമുല്ലവാരം, തങ്കശ്ശേരി ഡിവിഷനുകളിൽ വോട്ടുണ്ട്. യുഡിഎഫ് പരാതി നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
പാലത്തറ,പുന്തലത്താഴം ഡിവിഷനുകളിൽ നൂറ്റൻപതോളം പേർക്കു വീതം ഇരട്ടവോട്ടുണ്ട്. മണക്കാട് ഡിവിഷനിൽ ഇരുന്നൂറോളം പേർക്കാണ് ഇരട്ട
വോട്ട്. ഇരട്ട
വോട്ടുള്ളവരുടെ പട്ടിക തയാറാക്കി വോട്ടെടുപ്പു ദിവസം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്താനാണു യുഡിഎഫ് തീരുമാനം.
ഗ്രാമപ്പഞ്ചായത്തുകളിൽ ഒരു വാർഡിലെ തന്നെ പട്ടികയിൽ 5 വോട്ടർമാർ വരെ ഇരട്ടിച്ചു വന്നിട്ടുണ്ട്. അതും അടുത്തടുത്ത ക്രമനമ്പറുകളിലാണിതെന്നതാണ് ഏറ്റവും വിചിത്രം.രാഷ്ട്രീയ പാർട്ടികൾ ചേർത്ത കന്നിവോട്ടുകളിലും ഇരട്ടിപ്പ് കടന്നുകൂടിയിട്ടുണ്ട്.
പുതുതായി വോട്ട് ചേർക്കുമ്പോൾ ഒരേ വോട്ടറെ തന്നെ ഒന്നിലേറെ രാഷ്ട്രീയ കക്ഷികൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാലാണത്രെ ഇങ്ങനെ സംഭവിക്കുന്നത്. വിവാഹം കഴിച്ചു പോയവരുടെയും വാടകവീട് മാറി താമസിക്കുന്നവരുടെയും വോട്ടുകളും ഇത്തരത്തിൽ രണ്ടിടത്ത് കാണാം. പഞ്ചായത്തിൽ തന്നെ ഒരു വാർഡിൽ നിന്നു മറ്റൊരു വാർഡിലേക്കു വിവാഹം കഴിച്ചയയ്ക്കുമ്പോൾ പഴയ വോട്ട് നീക്കം ചെയ്യാതെ പുതിയ സ്ഥലത്ത് വോട്ട് ചേർക്കുന്നതിനാൽ വോട്ട് ഇരട്ടിക്കുന്നു.
വാടകവീട് മാറുന്നവരുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. ഓരോ പഞ്ചായത്തിലും ഏറ്റവും കുറഞ്ഞത് 50 വോട്ടുകൾ എങ്കിലും ഇത്തരത്തിൽ ഇരട്ടിച്ചിട്ടുണ്ട് എന്നാണു വിവരം.
നൂറിലേറെ വോട്ടുകൾ ഇരട്ടിച്ച പഞ്ചായത്തുകളും ഉണ്ടത്രെ.
പക്ഷേ ഇതിലും പല ഇരട്ടിയായിരുന്നു യഥാർഥ കണക്ക്. ശ്രദ്ധയിൽപെട്ടത് നീക്കം ചെയ്ത ശേഷമാണത്രെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടത്.
തൃക്കരുവ പഞ്ചായത്ത് വന്മള വാർഡിൽ കരട് വോട്ടർ പട്ടിക ഇറങ്ങിയ സമയത്ത് തന്നെ ഇരട്ട വോട്ടിന് എതിരെ പരാതി ഉയർന്നിരുന്നു.
വാർഡിൽ ആറോളം ഇരട്ട വോട്ടുകളും വർഷങ്ങളായി താമസം മാറിപ്പോയ 114 പേരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീപ് വന്മള കലക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.
എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം.114 പേരെ ഒഴിവാക്കുന്നതിന് പരാതി നൽകിയപ്പോൾ 43 പേർക്കാണ് ഹിയറിങ് നോട്ടിസ് അയച്ചത്. അതിൽ 13 പേർ മാത്രമാണ് പഞ്ചായത്തിൽ ഹാജരായത്.
ബാക്കിയുള്ളവരെ വിളിപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിച്ചില്ലെന്ന് അനീപ് ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അനീപ് പറഞ്ഞു.
വാർഡ് ഇല്ലാതായി പിന്നാലെ വോട്ടും
ചവറ∙ വാർഡ് ഇല്ലാതായതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 450ൽ അധികം വോട്ടർമാർക്ക് ഇത്തവണ വോട്ടില്ല. പ്രതിഷേധവുമായി വോട്ടർമാർ രംഗത്തെത്തിയിട്ടും നടപടിയില്ല.
ചവറ ഗ്രാമപ്പഞ്ചായത്തിലെ കോവിൽത്തോട്ടം വാർഡാണ് ഇല്ലാതായത്. കരിമണൽ ഖനനത്തിനായി ഇവിടെയുള്ളവരുടെ ഭൂമി ഏറ്റെടുത്തു കുടുംബങ്ങളെ കുടിയൊഴിപ്പിക്കപ്പെട്ടു.
വർഷങ്ങളായി ഇവർ ചവറ ഗ്രാമപ്പഞ്ചായത്തിലെ തന്നെ തട്ടാശ്ശേരി, ചെറുശേരിഭാഗം, കുളങ്ങര ഭാഗം എന്നിവിടങ്ങളിലെ വാർഡുകളിലേക്കും പന്മന ഗ്രാമപ്പഞ്ചായത്തിലെ മേക്കാട് വാർഡിലേക്കും താമസം മാറിയിരുന്നു. എന്നാൽ ഇവരുടെ രേഖകളും മറ്റും കോവിൽത്തോട്ടം വാർഡിൽ ആയിരുന്നു.
ഇവിടത്തെ എൽപി സ്കൂളിലെ 2 ബൂത്തുകളിലായി 1327 വോട്ടർമാരുണ്ടായിരുന്നു. താമസക്കാരില്ലാത്തതിനാൽ കോവിൽത്തോട്ടം വാർഡ് ഒഴിവാക്കി കരിത്തുറ വാർഡിനെ നിലനിർത്തി കരിത്തുറ – കോവിൽത്തോട്ടം വാർഡ് എന്നാക്കി.
കോവിൽത്തോട്ടം വാർഡിലെ പന്മന മേക്കാട് താമസിച്ചവരെ ഉൾപ്പെടെ ഉൾപ്പെടുത്തി 2025 –ൽ വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചു.
എന്നാൽ അന്തിമ ലിസ്റ്റ് വന്നപ്പോൾ മേക്കാട് ഭാഗത്തു താമസക്കാരായ 450 ലധികം പേരുടെ പട്ടിക നീക്കം ചെയ്തതാണ് പ്രശ്നമായത്. ചവറ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ താമസമാക്കിയവരെ അവിടുത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.
രാഷ്ട്രീയ പാർട്ടികൾ വോട്ടു പരിശോധിച്ചപ്പോഴാണ് കൂട്ടത്തോടെ ഒഴിവാക്കിയ വിവരം പുറത്താകുന്നത്. പല കുടുംബങ്ങളിലും 5 ലധികം വോട്ടർമാരുണ്ട്.
ഇവർക്കാർക്കും വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കോവിൽത്തോട്ടം നിവാസികളെ അവിടെത്തന്നെ പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനം ഉള്ളതിനാലാണ് പലരും മേൽവിലാസം മാറാതെ ഇപ്പോഴും ഇക്കരെ പല പ്രദേശങ്ങളിലും താമസിക്കുന്നത്.
ഐക്കര വീട്ടിൽ ഫ്രാൻസി വാലൈന്റൻ, താമരശ്ശേരിൽ ടെൽമമേരി, ജെസി മന്ദിരത്തിൽ ഫ്രാൻസിസ്, എന്നീ കുടുംബങ്ങളിൽ 4 വോട്ടർമാർ വീതമാണ് ഉണ്ടായിരുന്നത്. കൊച്ചുപുത്തൻപുര ലിയോണിന്റെ വീട്ടിൽ 5 പേർക്ക് വോട്ടില്ല.
കോവിൽത്തോട്ടം വാർഡ് നിലനിർത്തി പുനരധിവാസം ഉറപ്പാക്കി വോട്ടവകാശം വേണമെന്നാണ് നിവാസികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

