തേവലക്കര∙ നാട് ഓണാഘോഷത്തിനു തയാറെടുക്കുമ്പോൾ ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി പിതാവിന്റെയും മക്കളുടെയും വേർപാട്. പടിഞ്ഞാറ്റക്കര പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ്, മക്കളായ അതുൽ പ്രിൻസ്, അൽക്ക സാറ പ്രിൻസ് എന്നിവരുടെ വേർപാട് ബന്ധുക്കൾക്കും നാടിനും കുട്ടികളുടെ സഹപാഠികൾക്കും ഉൾക്കൊള്ളാനാകുന്നില്ല.
ഉത്രാട ദിവസം ഉറക്കമുണർന്നപ്പോൾ ഇവരുടെ മരണവാർത്ത പലരിലും ഞെട്ടലുളവാക്കി.
പ്രിൻസിന്റെയും മക്കളുടെയും വേർപാട് ചികിത്സയിൽ കഴിയുന്ന ബിന്ധ്യയെ അറിയിച്ചിട്ടില്ല. മറ്റൊരു മകൾ ഐശ്വര്യ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബിന്ധ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു യാത്രയാക്കിയിട്ട് മടങ്ങി വരുന്നതിനിടെയാണ് അപകടം. വ്യാഴം രാത്രി 10ന് ആണ് പ്രിൻസും കുടുംബവും പടിഞ്ഞാറ്റക്കരയിൽ നിന്നു യാത്ര തിരിച്ചത്.
ഒന്നരമാസം മുൻപ് വാങ്ങിയ പുതിയ വാഹനത്തിലായിരുന്നു യാത്ര. കല്ലേലിഭാഗം കൈരളി ഫിനാൻസ്, മാരാരിത്തോട്ടം കൈരളി മെഡിക്കൽ ഷോപ്പ് എന്നിവ നടത്തിവരികയായിരുന്നു പ്രിൻസ്.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജെഎഫ്കെഎം വിഎച്ച്എസ്എസിൽ 9–ാം ക്ലാസ് വിദ്യാർഥിയായ അതുൽ പഠനത്തിൽ മികവ് പുലർത്തിയിരുന്നു.
അധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരനായിരുന്നു. തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ അൽക്ക സഹപാഠികളെയും അധ്യാപകരെയും ഏറെ സ്നേഹിച്ചിരുന്നു.
സ്നേഹത്തിന്റെ ചിഹ്നം വരച്ച് കൈമാറുന്നതും പതിവാണെന്നും സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ സഹപാഠികൾക്കും തനിക്കും മിഠായി വിതരണം നടത്തിയാണ് മടങ്ങിയതെന്നും ക്ലാസ് ടീച്ചർ വേദനയോടെ പറഞ്ഞു. സ്കൂളിൽ നടന്ന ധ്വനി കലോത്സവത്തിൽ ഡ്രോയിങ്ങിലും പെയിന്റിങ്ങിലും അൽക്ക പങ്കെടുത്തിരുന്നു.
സ്കൂൾ ബസിലാണ് വരുന്നതെങ്കിലും പലപ്പോഴും രാവിലെ പിതാവിനൊപ്പം പുതുതായി വാങ്ങിയ വാഹനത്തിലാണ് അൽക സ്കൂളിൽ എത്താറുള്ളത്.
ഓണം ആഘോഷിച്ചു യാത്ര പറഞ്ഞ് മടങ്ങിയ അതുലും അൽക്കയും ഇനി സ്കൂളുകളിലേക്ക് മടങ്ങിവരില്ലെന്നത് എല്ലാവരിലും വേദനയാകുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി തേവലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്തിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു വൈകിട്ടോടെ മാറ്റി.
പ്രിൻസ് നാടിന് പ്രിയപ്പെട്ടവൻ..
തേവലക്കര∙ നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെ തേവലക്കര പടിഞ്ഞാറ്റക്കര ഗ്രാമത്തിനൊപ്പം എന്ത് കാര്യത്തിനും ആര് സമീപിച്ചാലും പുഞ്ചിരിയോടെ സഹായിക്കാനും സാംസ്കാരിക പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതിനും പ്രിൻസ് വിമുഖത കാട്ടാറില്ല.
അവസാനമായി മിത്രാ കലാ സാംസ്കാരിക സമിതിയുടെ ഓണാഘോഷവുമായി ബന്ധപ്പെട്ടു പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകുന്നതിനും പ്രിൻസിന്റെ സഹായഹസ്തം ഉണ്ടായിരുന്നു.
പിതാവിനൊപ്പം തേവലക്കരയിൽ മെഡിക്കൽ ഷോപ്പും ജ്വല്ലറിയും നടത്തിവന്ന പ്രിൻസ് പിന്നീട് വിദേശത്തേക്കു പോയി. മടങ്ങി വന്ന ശേഷം സ്വന്തമായി കല്ലേലിഭാഗത്ത് ഫിനാൻസ് സ്ഥാപനവും തൊടിയൂർ മരാരിത്തോട്ടത്ത് മെഡിക്കൽ ഷോപ്പും ഫിനാൻസ് സ്ഥാപനവും നടത്തിവരികയായിരുന്നു.
മാരാരിത്തോട്ടം ജംക്ഷനിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്ക് ഓണസമ്മാനമായി കഴിഞ്ഞ ദിവസം ഓണക്കോടി വിതരണം ചെയ്തിരുന്നു. എപ്പോഴും തന്റെ നാട് ജയിച്ചു കാണാൻ ആഗ്രഹിക്കുന്ന പ്രിൻസ്, വിവിധ സംഘടനകൾ നടത്തുന്ന കായികമത്സര പരിപാടികളിൽ സമ്മാനത്തുക കുറവാണെങ്കിലും പണം ചെലവിട്ട് ടീമുകളെ എത്തിച്ച് വിജയം നേടുക എന്ന മറ്റൊരു പ്രത്യേകതയും ഇദ്ദേഹത്തിനു ഉണ്ടെന്ന് സഹപ്രവർത്തകരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ജംക്ഷനിൽ നടക്കുന്ന സാമുദായിക പരിപാടികൾ ആഘോഷമാക്കുന്നതിലും പ്രിൻസ് മുൻപന്തിയിൽ ഉണ്ടാകും.
5 ദിവസത്തിനു അവധിക്ക് നാട്ടിൽ എത്തിയ ഭാര്യ സഹോദരന്റെ മകനെ യാത്രയാക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോയി മടങ്ങിവരുന്നതിനിടെയാണ് കെഎസ്ആർടിസി ബസും ഇവർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]