
‘സൺഷേഡ് പാളി ഇളകി വീഴാൻ സാധ്യതയുള്ളതിനാൽ വാതിൽ തുറക്കരുത്’; കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് മുന്നറിയിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ‘സൺഷേഡ് പാളി ഇളകി വീഴാൻ സാധ്യതയുള്ളതിനാൽ വാതിൽ തുറക്കരുത്’ – ജില്ലാ ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കുമുള്ള മുന്നറിയിപ്പാണിത്. ആശുപത്രി സൂപ്രണ്ടിന്റെ ഉൾപ്പെടെയുള്ള ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പിറകുവശത്തെ കതകിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡാണിത്. കതക് തുറന്നാൽ സൺഷേഡ് പാളി ഇളകി വീഴുമെന്ന മുന്നറിയിപ്പിൽ തന്നെ അറിയാം ആ കെട്ടിടത്തിന്റെ ശോച്യാവസ്ഥ. എന്നാൽ, ബോർഡ് സ്ഥാപിച്ച് കയ്യുംകെട്ടി നിൽക്കുകയാണ് അധികൃതർ. തള്ളിത്തുറക്കാതിരിക്കാനുള്ള മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ജില്ലാ ആശുപത്രിയിലെ നിർമാണത്തിന്റെ ഭാഗമായി ഒട്ടുമിക്ക പഴയ കെട്ടിടങ്ങളും ഇടിച്ചു നിരത്തി.
അവശേഷിക്കുന്ന കെട്ടിടങ്ങളിലൊന്നാണിത്. ആലിന്റെ തൈ ഉൾപ്പെടെയുള്ളവ സൺഷേഡിൽ വളർന്നു തുടങ്ങിയിട്ടും കാലമേറെയായി. താഴത്തെ നിലയിലാണ് വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, മുകളിലത്തെ നിലകളിൽ വാർഡുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നുണ്ട്. തൊട്ടടുത്തായാണ് ദിവസേന ആയിരങ്ങൾ എത്തുന്ന ഒപിയും മറ്റും. പുതിയ കെട്ടിട നിർമാണം പൂർത്തിയാകുമ്പോഴേക്കും രണ്ടു വർഷത്തിൽ ഏറെ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.
1957 ഡിസംബറിൽ ആരംഭിച്ച ആശുപത്രിയിൽ ഏതെങ്കിലും ദുരന്തമുണ്ടായാൽ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്കോ മണ്ണുമാന്തി യന്ത്രത്തിനോ അകത്തേക്കു കടക്കാനാകില്ലെന്നാണ് മറ്റൊരു ആശങ്ക. കെഎസ്ആർടിസി ജംക്ഷനിൽ നിന്ന് അകത്തേക്കുള്ള വഴിയിൽ വീതി കുറവാണ്. കയ്യേറ്റം ഉൾപ്പെടെയുള്ളയാണ് റോഡിൽ അങ്ങോളമിങ്ങോളം. ആശുപത്രി സമുച്ചയത്തിനുള്ളിൽ എത്തിയാലും സമാന അവസ്ഥ നേരിടേണ്ടി വരും. കോട്ടയത്ത് ചെയ്തതു പോലെ ഭിത്തികൾ ഇടിച്ചുവേണം ഉൾഭാഗത്തേക്ക് പ്രവേശിക്കാൻ.
കെഎസ്ആർടിസി കൊല്ലം ഡിപ്പോസ്റ്റാൻഡിൽ കയറാതെ യാത്രക്കാർ
നഗരത്തിലെ ബലക്ഷയമുള്ള മറ്റൊരു കെട്ടിടമാണ് കെഎസ്ആർടിസി ഡിപ്പോ. കനത്ത മഴപെയ്യുമ്പോൾ മാത്രമാണ് കെട്ടിടത്തിന് ഉള്ളിലേക്ക് കയറുന്നത്. കെട്ടിടത്തിന് ബലക്ഷയമെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന ഡിവിഷനൽ ട്രാൻസ്പോർട്ട് ഓഫിസ് കൊട്ടാരക്കരയിലേക്ക് മാറ്റിയിരുന്നു. ഡിടിഒ ഓഫിസിന്റെ ഭാഗമായി 60ൽ അധികം ഉദ്യോഗസ്ഥരെയും മാറ്റി. ഡിപ്പോയിൽ പണിയെടുക്കുന്നവരുടെയും മറ്റുള്ളവരുടെയും സുരക്ഷ കെഎസ്ആർടിസി കണക്കാക്കിയില്ലേ എന്ന ചോദ്യത്തിന് ഉത്തരമില്ല.
നിലയിൽ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
കെഎസ്ആർടിസി ഡിപ്പോയുടെ എതിർവശത്തു സ്ഥിതി ചെയ്യുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, പഴയ താലൂക്ക് ഓഫിസായിരുന്നു ഈ കെട്ടിടം. താലൂക്ക് ഓഫിസിനായി മറ്റൊരു കെട്ടിടം പണിതതോടെ വേറെ ഓഫിസുകളാണ് ഈ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഈ ഓടിട്ട കെട്ടിടം വർഷങ്ങൾക്ക് മുൻപ് നവീകരിച്ചെങ്കിലും ബലക്ഷയത്തിലാണ്. ഒറ്റ നിലകെട്ടിടമാണ് എന്നതാണ് ഇവിടെയുള്ള ജീവനക്കാരുടെ ആശ്വാസം. ചിന്നക്കടയിലെ കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും ബലക്ഷയം നേരിട്ട നിലയിലാണ്.
കൊട്ടാരക്കര ആശുപത്രി15ൽ വാർധക്യം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 4 നില മറ്റേണിറ്റി ബ്ലോക്ക് കെട്ടിടത്തിന് വെറും 15 വയസ്സെങ്കിലും വാർധക്യം ബാധിച്ച നിലയിലാണ്. പൊട്ടിപ്പൊളിഞ്ഞ നിലയിൽ കെട്ടിട ഭാഗങ്ങൾ, വെള്ളം ഭിത്തിയിലൂടെ ചോർന്നൊലിക്കുന്നു. വെള്ളം ഒഴുക്ക് തടസ്സപ്പെട്ട് ശുചിമുറി മിക്കതും ‘ബ്ലോക്ക്’ ആയ നിലയിലും. പൈപ്പും ടാപ്പുകളും പൊട്ടി ജലം പാഴാകുന്നു. കെട്ടിട നിർമാണത്തിന് വിവാദത്തോടെയായിരുന്നു തുടക്കം. സർക്കാർ സംവിധാനമായ കെഎച്ച്ആർഡബ്ല്യുഎസ് ആയിരുന്നു നിർമാണ ഏജൻസി. ഉദ്ഘാടന സമയത്ത് തകർച്ച അധികൃതരുടെ ശ്രദ്ധയിൽപെട്ടു.
തകരാറുകൾ പരിഹരിക്കാതെ ഫണ്ട് പൂർണമായും നൽകില്ലെന്ന് അന്നത്തെ ആശുപത്രി സൂപ്രണ്ട് ഡോ.സി.ആർ.ജയശങ്കർ വാശി പിടിച്ചതോടെ കുറച്ചു ജോലികൾ കൂടി പൂർത്തിയാക്കി. തകർച്ച കാരണം ഇപ്പോൾ ഭാഗികമായാണ് പ്രവർത്തനം. നഗരസഭ 25 ലക്ഷം രൂപ അനുവദിച്ച് നിർമാണം ആരംഭിച്ചിരിക്കുകയാണിപ്പോൾ. നാലാം നിലയിലേക്കുള്ള ലിഫ്റ്റിനു ഫണ്ട് അനുവദിച്ചതോടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് സൂപ്രണ്ട് ഡോ.എബി ജോൺ അറിയിച്ചു.
ചെറിയഴീക്കൽസ്കൂൾ കെട്ടിടം
ചെറിയഴീക്കൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ കെട്ടിടം തീർത്തും അപകടകരമായ നിലയിൽ ഫിറ്റ്നസ് ഇല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കെട്ടിടം പൊളിക്കണമെന്ന പരാതികളെ തുടർന്ന് ജില്ലാ പഞ്ചായത്ത് ലേല നടപടികൾ നടത്തിയിരുന്നെങ്കിലും ആരും കരാർ എടുത്തില്ല. ഈ മാസം ആദ്യം നടന്ന ലേലത്തിൽ കരുനാഗപ്പള്ളിയിലെ ഒരു കമ്പനി ലേലം ഏറ്റെടുത്തു. അടുത്തയാഴ്ച നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ അനുവാദം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സ്കൂൾ അധികൃതർ.
മയ്യനാട് ആരോഗ്യ കേന്ദ്രം
മയ്യനാട് സി.കേശവൻ മെമ്മോറിയൽ ഫാമിലി ഹെൽത്ത് സെന്ററിലെ 45 വർഷത്തിലധികം പഴക്കമുള്ള ബഹുനില മന്ദിരവും 73 വർഷത്തോളം പഴക്കമുള്ള ഒാട് പാകിയ കെട്ടിടങ്ങളും ജീർണിച്ച് അപകടാവസ്ഥയിൽ. 1953ൽ നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോഴും അത്യാഹിത വിഭാഗവും ഫാർമസിയും പ്രവർത്തിക്കുന്നത്. ഒാട് പാകിയ കെട്ടിടത്തിന്റെ മേൽക്കൂര ഏതു നിമിഷവും നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. ബഹുനില മന്ദിരത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീണു കൊണ്ടിരിക്കുന്നു.
ശൂരനാട് ആരോഗ്യകേന്ദ്രം
ശൂരനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ കാലഹരണപ്പെട്ട പഴയ കെട്ടിടത്തിലാണ് ഫാർമസിയും കാഴ്ച പരിശോധന കേന്ദ്രവും പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ കവാടത്തിനോട് ചേർന്നുള്ള പ്രധാന കെട്ടിടമാണിത്. പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടത്തില് പ്രവർത്തിച്ചിരുന്ന ലാബ് രണ്ട് ദിവസം മുൻപാണ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. വിശാലമായ ആശുപത്രി കോംപൗണ്ടിൽ വിവിധ പദ്ധതികളിലായി ഒട്ടേറെ കെട്ടിടങ്ങൾ നിർമിച്ചെങ്കിലും ശാസ്ത്രീയമായ തരത്തിൽ ഇവ ഉപയോഗിക്കാനായില്ല. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ഐസലേഷൻ കേന്ദ്രവും തുറന്നു പ്രവർത്തിക്കാതെ നശിക്കുകയാണ്.
നടുത്തേരി യുപിഎസ്
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പത്തനാപുരം തലവൂർ നടുത്തേരി ഗവ.യുപി സ്കൂളിലെ കെട്ടിടത്തിന്റെ തകർച്ച പരിഹരിക്കാൻ നടപടിയില്ല. ഭിത്തിയിൽ വിള്ളൽ വീഴുകയും കോൺക്രീറ്റ് പാളി അടർന്നു വീഴുകയും ചെയ്തിട്ടും ഇവ പൊളിച്ചു നീക്കാനോ പുതിയ കെട്ടിടം നിർമിക്കാനോ നടപടിയില്ല. ‘സി’ ആകൃതിയിൽ നിർമിച്ച കെട്ടിടത്തിന്റെ നടുഭാഗത്താണ് കൂടുതൽ തകർച്ച. ഈ ഭാഗത്ത് ഫിറ്റ്നസ് നഷ്ടമായിട്ട് വർഷങ്ങളായി. നിലവിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും പൊതുപരിപാടികൾ ഇവിടെയാണ് നടത്താറുള്ളത്.
പുനലൂർ നെഹ്റു ബിൽഡിങ്
പുനലൂർ നഗരസഭ നാലര പതിറ്റാണ്ട് മുൻപ് നിർമിച്ച താലൂക്ക് ഗവ.ആയുർവേദ ആശുപത്രി അടക്കം പ്രവർത്തിക്കുന്ന പുനലൂർ നെഹ്റു ബിൽഡിങ് അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാത്തതിനാൽ കുറെ ഭാഗം അപകടാവസ്ഥയിലാണ്. കോൺക്രീറ്റ് പാളികൾ പല ഭാഗങ്ങളിലും ഇളകിയ നിലയിലും. ലോട്ടറി ഓഫിസും സ്വകാര്യ ആശുപത്രിയും അടക്കം ഒട്ടേറെ സംരംഭങ്ങളാണ് ഇവിടെ ഉള്ളത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയാൽ ലക്ഷങ്ങളുടെ വരുമാനം ലഭിക്കാൻ സാധ്യതയുള്ള കെട്ടിടവുമാണിത്.