കൊട്ടിയം ∙ മയ്യനാട് പഞ്ചായത്തിലെ ഉമയനല്ലൂർ ഏലാ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തം. ദിവസേന ഒട്ടേറെപ്പേരാണ് ഇവിടെ എത്തുന്നത്.
ശാന്തമായ അന്തരീക്ഷം, മനോഹരമായ കാഴ്ച എന്നിവ ഉദ്ദേശിച്ചാണു നൂറുകണക്കിന് സന്ദർശകർ ദിവസവും സായാഹ്നം ചെലവഴിക്കാൻ ഇവിടെ എത്തുന്നത്. എന്നാൽ, സന്ദർശകർക്ക് ആവശ്യമായ ഇരിപ്പിടങ്ങളോ വെളിച്ചമോ ഇവിടെയില്ല.
ഏലായുടെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന ഉമയനല്ലൂർ കടമ്പാട്ട്മുക്ക് – ആലുംമൂട് റോഡിലാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത്.
പാടം കാണാനും കാറ്റു കൊള്ളാനും കുട്ടികൾക്ക് കളിക്കാനും കഴിയുമെന്നതിനാൽ ഇവിടെ ഇടയ്ക്കിടെ എത്തുന്നവരും കുറവല്ല. ചില ദിവസങ്ങളിൽ വൈകിട്ട് പല സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ഒാപ്പൺ സ്റ്റേജിൽ കലാപരിപാടികളും നടത്താറുണ്ട്.
റോഡിനോടു ചേർന്ന് താൽക്കാലിക കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
റോഡിന് ഇരുവശത്തുമായി മയ്യനാട് പഞ്ചായത്ത് തണൽ മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഒപ്പം മൂന്നിടങ്ങളിലായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി 2 ബോട്ടിൽ ബൂത്തുകളും ഉണ്ട്.
അതേസമയം, റോഡിന് അരികിൽ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ് ഇവിടെ നിന്നു മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. റോഡിന്റെ ഇരുവശത്തും തറയോടുകൾ പാകുകയും അവിടെ ഇരിപ്പിടങ്ങളും ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിക്കുകയും ചെയ്താൽ അതു സന്ദർശകർക്കും പ്രഭാത സവാരിക്കാർക്കും വലിയ ആശ്വാസമാകും.
ഒപ്പം, പാടത്തേക്കു സന്ദർശകർ അനധികൃതമായി പ്രവേശിക്കാതിരിക്കാൻ റോഡിന് ഇരുവശത്തും കമ്പിവേലികളും സ്ഥാപിക്കണം എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
സന്ദർശകർ കൂടുതലായി എത്തുന്ന സമയങ്ങളിൽ പൊലീസ് സാന്നിധ്യവും വേണമെന്നാണ് ആവശ്യം. ഒറ്റപ്പൂക്കൃഷി നടത്തുന്ന ഉമയനല്ലൂർ ഏലായിൽ ഒക്ടോബർ – നവംബർ മാസങ്ങളിലാണു നെൽക്കൃഷി ആരംഭിക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു കൊയ്ത്ത്. നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാനും ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകർത്താനും ഒട്ടേറെപ്പേർ ഇവിടെ എത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

