കടയ്ക്കൽ∙ തുടയന്നൂർ ചാണപ്പാറ സന്മാർഗദായിനി സ്വാശ്രയ സംഘത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുള്ള പരാതിയിൽ സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് എതിരെ കടയ്ക്കൽ പൊലീസ് കേസെടുത്തു. വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നൽകിയില്ലെന്ന പരാതിയെ തുടർന്ന് പ്രസിഡന്റ് സുനിൽ ദത്ത്, സെക്രട്ടറി എസ്.സുരേന്ദ്രൻ എന്നിവരുടെ പേരിലാണ് കേസ്.
ചാണപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്നതാണ് സ്വാശ്രയ സംഘം. കഴിഞ്ഞ ദിവസം ഇടപാടുകാരായ 6 പേർ പരാതി നൽകിയിരുന്നു.
പെരിങ്ങാട് മാൻകുന്നിൽ വീട്ടിൽ ജലാലുദീൻ നൽകിയ പരാതിയിലാണ് നിലവിൽ കേസെടുത്തത്. മറ്റുള്ളവരുടെ പരാതി പരിശോധിച്ച ശേഷം കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.
കടയ്ക്കൽ മേഖലയിൽ സിപിഐയിൽ ഉണ്ടായ ചേരിതിരിവും തുടർന്നു പാർട്ടി വിട്ടു പോകലുമാണു സംഘത്തിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിനു പിന്നിലെന്നാണു സൂചന.
തവണകളായി 6 ലക്ഷത്തിലധികം രൂപ ജലാലുദീന്റെയും ഭാര്യയുടെയും പക്കൽ നിന്നു നിക്ഷേപം കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. ജലാലുദീനു പുറമേ, ഒട്ടേറെ പേർ സംഘത്തിൽ പണം നിക്ഷേപിച്ചിരുന്നു.
നിക്ഷേപം സ്വീകരിച്ചത് 9 മുതൽ 12 ശതമാനം വരെ പലിശ ലഭിക്കുമെന്ന ഉറപ്പിലാണ്. ഓണം കണക്കാക്കിയുള്ള ചിട്ടിക്കു പുറമേ മറ്റു ചിട്ടികളും സംഘം നടത്തിയിരുന്നു.
സംഘത്തിന് മൂന്ന് സ്ഥലത്ത് സ്വർണ പണയ വായ്പ സ്ഥാപനവുമുണ്ട്. ഇട്ടിവ പഞ്ചായത്തിൽ മൂന്ന് സ്ഥലങ്ങളിൽ നടത്തിയിരുന്ന പലചരക്ക് കടകളും ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്.
സംഘം നടത്തിയ ഇൻഷുറൻസ് പദ്ധതിയിലൂടെയാണ് ഒട്ടേറെ പേർ ഇടപാടുകാരായി എത്തിയത്.
ചിട്ടി പിടിച്ചവർ പലരും തുടർന്ന തവണകൾ അടയ്ക്കാത്തത് സംഘത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നാണ് സൂചന. സഹകരണ സംഘങ്ങളിലും മറ്റ് ബാങ്കുകളിലും നിക്ഷേപിച്ച തുക കോവിഡ് കാലത്ത് പലരും എടുത്തു സ്വാശ്രയ സംഘത്തിൽ നിക്ഷേപിച്ചിരുന്നു.
അടുത്തിടെ സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നവരും നിലവിൽ സിപിഐ നേതാക്കളായവരും സ്വാശ്രയ സംഘത്തിന് നേതൃത്വം നൽകുന്നവരാണ്.
കോട്ടുക്കൽ സ്വദേശിയായ വീട്ടമ്മ ചികിത്സയ്ക്കു വേണ്ടി നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു പരാതി നേരത്തെ ഉയർന്നിരുന്നു. 6 മാസത്തിന് മുൻപ് കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ തട്ടിപ്പിന് ഇരയായവർ പരാതി നൽകിയെങ്കിലും അന്ന് കേസെടുത്തില്ലെന്നും ആരോപണവുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

