കൊല്ലം ∙ ഓച്ചിറ റെയിൽവേ സ്റ്റേഷൻ നവീകരണം അടിയന്തരമായി ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തുനൽകി. സ്റ്റേഷന്റെ നവീകരണത്തിനും ദീർഘദൂര ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കാനും സ്റ്റേഷന്റെ നിലവാരം എൻഎസ്ജി കാറ്റഗറി 4 (നോൺ സബർബൻ ഗ്രേഡ്) ആയി ഉയർത്താനും നടപടി സ്വീകരിക്കണമെന്ന് എംപി കത്തിൽ ആവശ്യപ്പെട്ടു.
ആലപ്പുഴയെയും കൊല്ലത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് ഓച്ചിറ.
ദേശീയപാത 66നോടു ചേർന്നുള്ള ഈ റെയിൽവേ സ്റ്റേഷൻ റോഡ്, റെയിൽ യാത്രക്കാരുടെ നിർണായക ട്രാൻസിറ്റ് പോയിന്റുമാണ്. ഓച്ചിറ ക്ഷേത്രം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ജുമാ മസ്ജിദ് തുടങ്ങിയ സാംസ്കാരിക – ആധ്യാത്മിക വൈവിധ്യങ്ങളുള്ള പ്രദേശം കൂടിയാണ്. വിനോദസഞ്ചാരികൾക്കു പുറമേ കയർ, മത്സ്യബന്ധന മേഖലകളിൽ നിന്നുള്ള തൊഴിലാളികളും ആശ്രയിക്കുന്ന ഓച്ചിറ സ്റ്റേഷന്റെ വികസനം അത്യന്താപേക്ഷിതമാണ്.
ഓച്ചിറയിൽ നിന്ന് ഒട്ടേറെ വിദ്യാർഥികളും സർക്കാർ – സ്വകാര്യ മേഖലയിലെ ജോലിക്കാരും തിരുവനന്തപുരം, കൊല്ലം തുടങ്ങിയ നഗരങ്ങളിലേക്കു പോകുന്നതിന് ആശ്രയിക്കുന്ന സ്റ്റേഷൻ ആണിത്.
ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം മെച്ചപ്പെടുത്തണം. പ്ലാറ്റ്ഫോം നവീകരണം, പൊതു സൗകര്യങ്ങൾ വർധിപ്പിക്കൽ, സൗന്ദര്യവൽക്കരണം എന്നിവയും നടത്തണമെന്നും എംപി ആവശ്യപ്പെട്ടു.
ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്വീകരണം
ശാസ്താംകോട്ട
∙ മംഗളൂരു – തിരുവനന്തപുരം ഏറനാട് എക്സ്പ്രസിനു ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ആവേശോജ്വല വരവേൽപ്.
ഏറനാട് എക്സ്പ്രസിനു സ്റ്റോപ് അനുവദിച്ചതിന്റെ ഭാഗമായി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നടത്തിയ പൊതുസമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
ഡിവിഷനൽ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ അധ്യക്ഷനായി.
കൊടിക്കുന്നിൽ സുരേഷ് എംപി, കോവൂർ കുഞ്ഞുമോൻ എംഎൽഎ, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, വാർഡംഗം ബി.സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മന്ത്രിക്കും എംപിക്കും സ്വീകരണവും ട്രെയിനിനു വരവേൽപും നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]