
കൊല്ലം∙ വൈദിക സെക്രട്ടറി ആയിരിക്കെയാണ് കൊല്ലം–കൊട്ടാരക്കര മഹാ ഇടവകയിലെ വിശ്വാസി സമൂഹത്തെ നയിക്കാനുള്ള ദൈവിക ദൗത്യം റവ. ജോസ് ജോർജിനെത്തേടി എത്തിയത്.
സൗമ്യനും മികച്ച സംഘാടകനുമാണ് റവ. ജോസ് ജോർജ്.
വൈദിക സെക്രട്ടറി എന്ന നിലയിൽ മഹാഇടവകയിലെ പള്ളികളും അജഗണങ്ങളെയും അദ്ദേഹത്തിനു നേരിട്ട് അറിയാമെന്നതും കരുത്താകും.
ആയൂർ അസുരമംഗലം ജോസ് കോട്ടേജിൽ പരേതനായ കെ.ജെ. ജോർജിന്റെയും ഗ്രേസിയുടെയും മകനായി 1970 മേയ് 31ന് ജനനം.
അസുരമംഗലം സിഎസ്ഐ ഇടവകാംഗമാണ്. അഞ്ചൽ സർക്കാർ സ്കൂളിലും വാളകം എംടി എച്ച്എസിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
അഞ്ചൽ സെന്റ് ജോൺസ് കോളജ്, ആറ്റിങ്ങൽ ഗവ. കോളജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും നേടി.
കണ്ണമ്മൂല സെമിനാരിയിൽ നിന്നാണ് പഠനം പൂർത്തിയാക്കി 2006ൽ വൈദികനായത്.
തലവൂർ, കരവാളൂർ, മിതിർമല, പവിത്രേശ്വരം തുടങ്ങിയ ഇടവകകളിൽ സുവിശേഷകനായും മുഖത്തല, പട്ടാഴി, ആറ്റിങ്ങൽ, മയ്യനാട് എന്നീ ഇടവകകളിൽ വൈദികനായും സേവനം ചെയ്തു. കുണ്ടറ ബിബി ആശുപത്രി ചാപ്ലെയ്ൻ, ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്കൂൾ ബർസർ, തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദക്ഷിണ കേരള കൊല്ലം–കൊട്ടാരക്കര മഹാഇടവകകളിലും സിനഡ് അംഗമായി പ്രവർത്തിച്ചിരുന്നു.
നിലവിൽ ചിന്നക്കട കത്തീഡ്രൽ പള്ളി വികാരിയാണ്.
കൊല്ലം–കൊട്ടാരക്കര മഹാഇടവകയുടെ രണ്ടാമത്തെ ബിഷപ്പായാണ് റവ. ജോസ് ജോർജ് അഭിഷിക്തനാകുന്നത്. കൊല്ലം–കൊട്ടാരക്കര മഹാഇടവക ബിഷപ്പായി റവ.
ജോസ് ജോർജിനെ അഭിഷേകം ചെയ്യുന്ന ചടങ്ങുകളും അനുമോദന സമ്മേളനവും വൈകാതെ കൊല്ലം സിഎസ്ഐ കത്തീഡ്രലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്തോത്ര പ്രാർഥന ഇന്ന് രാവിലെ എട്ടിന് കത്തീഡ്രലിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]