കൊല്ലം∙ പരിസ്ഥിതി സൗഹൃദ ഇന്ധനമായ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) വാഹനങ്ങൾ ഉപയോഗിക്കുന്നവർ കടുത്ത പ്രതിസന്ധിയിൽ. ജില്ലയിൽ പലയിടത്തും ദിവസങ്ങളായി ഇന്ധനം കിട്ടാനില്ല.
പുനലൂർ, അഞ്ചൽ, വാളകം, കൊല്ലം എന്നിവിടങ്ങളിലാണ് സിഎൻജി പമ്പുകളുള്ളത്. ഇതിൽ വാളകത്ത് നിലവിൽ ഇന്ധനം ലഭ്യമല്ല. മറ്റുള്ള ഇടങ്ങളിലും മുഴുവൻ സമയവും ഇന്ധനം ലഭ്യമല്ല എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വരുന്ന സന്ദേശങ്ങൾ നോക്കിയാണ് മിക്കവരും ഇന്ധനം നിറയ്ക്കാൻ പോകുന്നത്.
ജില്ലയിലെ സിഎൻജി വാഹന ഉപഭോക്താക്കൾക്കു പുറമേ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരും പ്രധാനമായും ആശ്രയിക്കുന്നത് കൊട്ടാരക്കരയിലുള്ള സിഎൻജി പമ്പിനെയാണ്.
കഴിഞ്ഞ ആഴ്ചയിൽ ഇവിടെയും ഇന്ധനം ലഭ്യമല്ലാത്തതിനാൽ ഓട്ടോറിക്ഷകൾ പലതും പമ്പിൽ നിർത്തിയിട്ട സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
ഇന്ധനമില്ലാത്തതിന്റെ പേരിൽ പമ്പ് ജീവനക്കാരുമായി വാഹന ഉടമകൾ തർക്കത്തിലേർപ്പെടുന്ന സ്ഥിതിയുമുണ്ട്. എടുക്കുന്ന ലോഡുകൾ വളരെ വേഗം തീർന്നു പോകുന്നുവെന്നാണ് പമ്പ് ജീവനക്കാർ പറയുന്നത്.
ഇന്ധനം നിറയ്ക്കുന്നതിനായുള്ള നോബിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് പുനലൂരിലെ പമ്പിലെത്തിയവരും കഴിഞ്ഞ ആഴ്ചയിൽ മടങ്ങിപ്പോകുകയായിരുന്നു.
കൊട്ടാരക്കര വിട്ടാൽ പത്തനംതിട്ട ജില്ലയിലുള്ളവർക്ക് എംസിറോഡിൽ കാരയ്ക്കാടും കുളനടയുമുള്ള പമ്പുകൾ മാത്രമാണ് ആശ്രയമെന്നതിനാൽ ഒരു ടൗണിൽ 2 പമ്പുകളിലെങ്കിലും സിഎൻജി ഇന്ധനം ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഇത്രയധികം വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതി നൽകുമ്പോഴും ആവശ്യമുള്ള ഇന്ധനം ലഭ്യമല്ലാത്തതിനാൽ അന്നന്നത്തെ ഓട്ടം കൊണ്ട് ജീവിതച്ചെലവ് കണ്ടെത്തുന്നവർ വലയുകയാണെന്ന് ഓട്ടത്തൊഴിലാളികൾ പറയുന്നു. ജില്ലയിലെ പമ്പുകളിലേക്ക് ഉടൻ ഇന്ധനം എത്തിക്കാനുള്ള നടപടി ഉണ്ടാവണമെന്നും നിലവിലുള്ള ലഭ്യതക്കുറവ് പരിഹരിച്ച് കൂടുതൽ പമ്പുകൾ സ്ഥാപിക്കാൻ സർക്കാർ തയാറാവണമെന്നുമാണ് സിഎൻജി ഉപഭോക്താക്കളുടെ പ്രധാന ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

