ശാസ്താംകോട്ട ∙ അപകടത്തിൽ പരുക്കേറ്റ യുവാവിൽ നിന്നും 4 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കൊല്ലം അയത്തിൽ പട്ടത്താനം പൂവക്കാട് തൊടിയിൽ വീട്ടിൽ ശരത്ത് മോഹൻ (26) ആണ് എക്സൈസിന്റെ പിടിയിലായത്. കൊല്ലം- തേനി ദേശീയപാതയിൽ മുതുപിലാക്കാട് പുന്നമ്മൂട് ജംക്ഷനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
സ്കൂട്ടറുമായി ഇടിച്ച് റോഡിൽ തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ ശരത്തിനെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കയ്യിലുണ്ടായിരുന്ന ബാഗ് കൈമാറാൻ ശരത്ത് തയാറായില്ല.
കാലൊടിഞ്ഞ നിലയിലായ ശരത്തിനെ സമീപത്തെ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ കയറ്റി വിട്ടെങ്കിലും ഇയാൾ കൊല്ലം ഭാഗത്തേക്ക് ഓട്ടോറിക്ഷ തിരിച്ചു വിടുകയായിരുന്നു. സംശയം തോന്നിയ യുവാക്കൾ പിന്നാലെയെത്തി ഓട്ടോറിക്ഷ തടഞ്ഞു.
നാടകീയമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളിൽ നിന്നു ബാഗ് പിടിച്ചു വാങ്ങി പരിശോധിച്ചപ്പോഴാണ് രണ്ട് പൊതികളിലായി കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം ശരത്തിനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇയാളിൽ നിന്നു എടിഎം കാർഡുകളും 4 ക്യു ആർ കോഡ് സ്കാനറുകളും കണ്ടെടുത്തതായി പരിശോധന നടത്തിയ എക്സൈസ് ഇൻസ്പെക്ടർ എസ്.സൂര്യ പറഞ്ഞു.
കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനും മറ്റ് പ്രതികളെ പിടികൂടാനും അന്വേഷണം തുടരുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈശാഖ് പിള്ള പറഞ്ഞു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ സജീവ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ്മാരായ സന്തോഷ്, അജയൻ, സിവിൽ എക്സൈസ് ഓഫിസർ എസ്.സുധീഷ് എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]