അഷ്ടമുടി കായലിലൂടെ ബോട്ട് യാത്ര
കൊല്ലത്തിന്റെ ഹൃദയമായ അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര നടത്തിയാലോ. അഷ്ടമുടിക്കായൽ കാണാനായി ഒരുക്കിയ സീ അഷ്ടമുടി ബോട്ട് യാത്ര ഇപ്പോൾ രാവിലെയും വൈകിട്ടുമുണ്ട്. രാവിലെ 10.30ന് ആരംഭിച്ച് സാമ്പ്രാണിക്കോടി, മൺറോതുരുത്ത് എന്നീ മേഖലകളിലൂടെ കായലിലെ എല്ലാ മുടികളും കണ്ട
ശേഷം വൈകിട്ട് 3.30ന് തിരിച്ചെത്തും. വൈകിട്ട് 4.30ന് ആരംഭിക്കുന്ന യാത്ര സാമ്പ്രാണിക്കോടി ചുറ്റി രാത്രി 7.30ന് തിരിച്ചെത്തും.
താഴത്തെ നിലയിൽ 400 രൂപയും മുകളിലത്തെ നിലയിൽ 500 രൂപയുമാണ് നിരക്ക്.
കുടുംബശ്രീയുടെ ഫുഡ് കൗണ്ടറും ബോട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. ബുക്കിങ്ങിന്: 9400050390. ഇതിന് പുറമേ സാധാരണ ബോട്ട് സർവീസും അഷ്ടമുടിക്കായൽ കാണാനും സാമ്പ്രാണിക്കോടി പോകാനുമുള്ള മികച്ച മാർഗമാണ്. ദിവസവും രാവിലെ 11നും ഉച്ചയ്ക്കു രണ്ടിനുമുള്ള സാമ്പ്രാണിക്കോടി യാത്രയ്ക്ക് 20 രൂപ മാത്രമാണ് നിരക്ക്.
വൈകിട്ട് 4:45, 5:45 എന്നീ സമയങ്ങളിൽ അഷ്ടമുടിക്കായലിലൂടെ ഒരു റൗണ്ട് ട്രിപ്പുമുണ്ട്. നിരക്ക്: 16 രൂപ.
പരവൂർ കായലും കണ്ടൽ കാടുകളും
ഓണക്കാലത്ത് ജല-കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് പരവൂർ കായലും കണ്ടൽ കാടുകളും.
ഇത്തിക്കരയാർ പരവൂർ കായലിൽ പതിക്കുന്ന സ്ഥലത്താണ് കേരളത്തിലെ ഏറ്റവും വലിയ കണ്ടൽകാടുകളിലൊന്ന് സ്ഥിതി ചെയ്യുന്നത്. ഇവ ആസ്വദിച്ചുള്ള കയാക്കിങ്ങാണ് സഞ്ചാരികളെ ആകർഷിക്കുന്ന ജല കായിക വിനോദം.
പത്തിലധികം സ്വകാര്യ അഡ്വഞ്ചർ സ്പോർട്സ് സ്ഥാപനങ്ങളാണ് പരവൂർ കായൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്. കയാക്കിങ്ങിനു പുറമേ വിൻഡ് സർഫിങ്, ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ട് സവാരി, ബനാന ട്യൂബ് ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങൾക്കും പരവൂർ കായലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
സ്കൂബ ഡൈവിങ് പരിശീലനത്തിനും കായൽ, കടൽ തീരങ്ങളിൽ സഞ്ചാരികൾ എത്തുന്നുണ്ട്. ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ച് നെടുങ്ങോലത്ത് എത്തിയും ദേശീയപാതയിലെ പാരിപ്പള്ളിയിൽ നിന്ന് പൂതക്കുളം പഞ്ചായത്ത് ഓഫിസ് ജംക്ഷൻ- നെടുങ്ങോലം എംഎൽഎ ജംക്ഷൻ വഴിയും കണ്ടൽ കേന്ദ്രങ്ങളിലേക്ക് പോകാം. ട്രെയിൻ മാർഗമാണെങ്കിൽ പരവൂർ റെയിൽവേ സ്റ്റേഷനിലെത്തി ഇവിടേക്ക് എത്താം. വർക്കല ക്ലിഫിൽ നിന്ന് പത്ത് കിലോമീറ്ററാണ് കണ്ടൽ കേന്ദ്രത്തിലേക്കുള്ള ദൂരം.
മൺറോതുരുത്ത്
കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട
കേന്ദ്രമാണ് അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിലുള്ള എട്ടോളം ചെറുതുരുത്തുകളുടെ കൂട്ടമായ മൺറോതുരുത്ത്. വെള്ളത്താൽ ചുറ്റപ്പെട്ട
പച്ചപ്പ് നിറഞ്ഞ കണ്ടൽ കാടുകളാണ് ഇവിടത്തെ പ്രധാന ആകർഷണം. ചെറുതും വലുതുമായ വള്ളങ്ങളിൽ തുരുത്തുകൾ ചുറ്റി ഗ്രാമത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാം. വട്ടക്കായൽ പോലെ കിടക്കുന്ന എസ് വളവിലെ ബോട്ട് സവാരി, പള്ളിയാർത്തുരുത്തിലെ സൂര്യോദയം, പെരുങ്ങാലം വേടൻ ചാടിമലയിലെ അസ്തമയം, മൺറോ മ്യൂസിയം, കാക്കത്തുരുത്ത് തുടങ്ങിയവയാണ് പ്രധാന കേന്ദ്രങ്ങൾ.
പൊന്മാൻ ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെ ലൊക്കേഷനും ഇവിടെയായിരുന്നു.
കുണ്ടറയിൽ നിന്ന് 7 കിലോമീറ്റർ കൊല്ലം – തേനി ദേശീയപാതയിൽ സഞ്ചരിച്ച് ചിറ്റുമലയിൽ എത്തി ചിറ്റുമല – മൺറോത്തുരുത്ത് റോഡ് വഴി 6.8 കിലോമീറ്റർ സഞ്ചരിച്ചാൽ തുരുത്തിൽ എത്താം. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ നിന്ന് മുക്കടയിൽ നിന്നും കുണ്ടറ പള്ളിമുക്കിൽ നിന്നും തിരഞ്ഞും കൊല്ലം – തേനി ദേശീയപാതയിൽ കടക്കാൻ കഴിയും.
മീൻപിടിപ്പാറ
പാറക്കെട്ടുകളിൽ ചിന്നി ചിതറി ഒഴുകി എത്തുന്ന വെള്ളത്തിൽ നീന്തി കുളിക്കാനുള്ള അവസരമാണ് മീൻപിടിപ്പാറ ഒരുക്കുന്നത്.
ആകർഷകമായ കുളം, ചെറിയ റൈഡുകൾ ഉൾപ്പെട്ട ചിൽഡ്രൻസ് പാർക്ക്, പുനലൂർ തൂക്കുപാലം മോഡൽ, തോടുവശങ്ങളിൽ ഇരിപ്പിടങ്ങൾ.
തോടിന് ചുറ്റും വാക്ക് വേ, കോഫി ബാർ. ചെറിയ ഉല്ലാസയാത്രയ്ക്ക് പറ്റിയതെല്ലാം ഇവിടെ ഉണ്ട്.
കൊട്ടാരക്കര പുലമൺ ജംക്ഷനിൽ ഒന്നര കിലോമീറ്റർ ദൂരെയാണ് മീൻപിടിപ്പാറ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയാണ് പദ്ധതി.
രാവിലെ 10 മുതൽ 6 വരെയാണ് പ്രവർത്തന സമയം. തിരുവോണത്തിന് ഉച്ചയ്ക്ക് രണ്ട് മുതലാണ് സമയം.
5-12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സ് കഴിഞ്ഞവർക്കും 10 രൂപയും ബാക്കിയുള്ളവർക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. 9847113965, 9946713166.
കുടുക്കത്തു പാറ
അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ ചണ്ണപ്പേട്ട
ആനക്കുളം വനത്തിലെ കുടുക്കത്തു പാറയും അനുബന്ധ വന പ്രദേശവും കൗതുകമുണർത്തുന്ന കാഴ്ചയാണ്. 800 അടി ഉയരമുള്ള പാറയിൽ കയറാൻ പടികൾ, കൈവരി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മുകളിൽ നിന്ന് കിഴക്ക് പർവത നിരകളും പടിഞ്ഞാറ് ചടയമംഗലം ജടായു പാറയും കാണാം. പാറയുടെ സമീപത്ത് ഹോട്ടൽ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആഹാരം, വെള്ളം എന്നിവ കരുതണം.
വൈകിട്ട് 4 മണിക്കു ശേഷം പ്രവേശനമില്ല.
സാമ്പ്രാണിക്കോടി
അഷ്ടമുടിക്കായലിന്റെ ഇഷ്ടമുടിയായ പ്രാക്കുളത്തെ സാമ്പ്രാണിക്കോടി ജില്ലയിലെ യാത്രക്കാരുടെ ഇഷ്ട സ്പോട്ടുകളിലൊന്നാണ്.
അഷ്ടമുടിക്കായലിന്റെ മധ്യഭാഗത്തുള്ള തുരുത്താണിത്. കായലിന് നടുവിൽ മുട്ടോളം വെള്ളത്തിൽ നിന്ന് തുരുത്തിന്റെ ഭംഗി ആസ്വദിക്കാം.
തുരുത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ഡിടിപിസി ഏർപ്പെടുത്തിയ ബോട്ടുകൾക്ക് മാത്രമാണ് അനുമതി. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് സന്ദർശന സമയം. 3 കേന്ദ്രങ്ങളിൽ നിന്ന് സാമ്പ്രാണിക്കോടിയിലേക്ക് പോകാം.
1: സാമ്പ്രാണിക്കോടി ബോട്ട് ജെട്ടി. 2: മണലിൽ ക്ഷേത്രത്തിന് സമീപത്തെ ബോട്ട് ജെട്ടി.
3: കുരീപ്പുഴ പള്ളിയുടെ സമീപത്തെ ബോട്ട് ജെട്ടി. 150 രൂപയാണ് നിരക്ക് (5 വയസ്സിന് മുകളിലുള്ളവർക്ക്).
ബോട്ട് ജെട്ടിയിൽ നിന്ന് ഡിടിപിസി ബോട്ടിൽ തുരുത്തിലെത്തിക്കുകയും ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തിക്കുകയും ചെയ്യും. 8547322625.
ജടായു പാറ
ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച ജടായു പാറ ടൂറിസം കേന്ദ്രത്തിൽ 1200 അടി ഉയരത്തിലുള്ള പാറയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ജടായു ശിൽപം ആണ് കൗതുകമുണർത്തുന്നത്.
64 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുകയാണ് പാറ. ടിക്കറ്റ് ജടായു എർത്ത് സെന്ററിൽ നിന്നു നേരിട്ട് ലഭിക്കും.
ഓൺലൈൻ സംവിധാനം ഇല്ല. നടന്നു കയറാൻ 325 രൂപ.
പ്രവേശന ഫീസ് 289 രൂപയും കേബിൾ കാറിലൂടെ പാറയിൽ എത്താൻ ഫീസ് 531 രൂപയുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]