സർക്കാർ പറയണം, 496 പേർ എങ്ങനെ ജീവിക്കണം…? ശമ്പളമില്ലാതെ വലഞ്ഞ് സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാർ
കൊല്ലം∙ ശമ്പളമില്ലാതെ വലഞ്ഞു സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാർ. സമഗ്ര ഗുണമേന്മ പദ്ധതി ലക്ഷ്യമിടുന്ന ഈ അധ്യയന വർഷത്തിൽ അധ്യാപക പരിശീലനം മുതൽ പ്രവേശനോത്സവം വരെയുള്ള എല്ലാ ചുമതലകളും കൃത്യമായി നിർവഹിക്കുന്ന ജില്ലയിലെ 496 ജീവനക്കാരാണ് ദുരിതത്തിൽ.
ഇതിൽ 400 പേരോളം തുച്ഛമായ മാസവരുമാനത്തിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുമാണ്. ഏപ്രിൽ മാസത്തെ ശമ്പളമാണ് അവസാനമായി ലഭിച്ചത്.
മേയ്, ജൂൺ മാസങ്ങളിലെ ശമ്പളം ലഭിക്കാത്തതിനാൽ കടം വാങ്ങിയാണു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പല സ്പെഷൽ എജ്യുക്കേറ്റേഴ്സും പറയുന്നു. കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിനായി 182 സ്പെഷൽ എജ്യുക്കേറ്റർമാരാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
ഫിസിയോ, സ്പീച്ച്, ഒക്യുപേഷനൽ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള തെറാപ്പികൾ കുട്ടികൾക്ക് ലഭിക്കുന്നിതിനായി 12 ബിആർസികളിലും ഓട്ടിസം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി ഹോം ബേസ്ഡ് കുട്ടികൾക്ക് സ്പെഷൽ എജ്യുക്കേറ്റേഴ്സ് ക്ലാസും കൊടുക്കാറുണ്ട്.
ശമ്പളം മുടങ്ങിയെങ്കിലും ജോലിയിൽ ഇതുവരെ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും ഇങ്ങനെ മുന്നോട്ട് പോയാൽ ജീവിതം ആകെ പ്രതിസന്ധിയിലാകുമെന്നും ജീവനക്കാർ പറയുന്നു. കേന്ദ്രഫണ്ടിന്റെ അഭാവം മൂലം പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ 2 വർഷമായി 54 കോടി രൂപയാണ് ജില്ലയിലെ എസ്എസ്കെ പ്രവർത്തനങ്ങൾക്ക് ലഭിക്കേണ്ടത്.
കേന്ദ്രസർക്കാരിന്റെ 60% ഫണ്ടും സംസ്ഥാന സർക്കാരിന്റെ 40% ഫണ്ടും ഉപയോഗിച്ചാണ് എസ്എസ്കെയുടെ പ്രവർത്തനങ്ങൾ നടത്തേണ്ടത്. നിലവിൽ സ്റ്റാർസ് പദ്ധതി വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടത്തിവരുന്നത്.
കേന്ദ്രം ഫണ്ട് നൽകാത്തതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കേരള റിസോഴ്സ് ടീച്ചർ അസോസിയേഷൻ(കെആർടിഎ)ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം.
കേന്ദ്രം കനിയുന്നതിനായി കാത്തിരിപ്പ് തുടർന്ന്…
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് സമഗ്രശിക്ഷ കേരളയാണ്. ഭിന്നശേഷി കുട്ടികൾക്കു പുറമേ, എസ്സി/എസ്ടി കുട്ടികൾ, തീരദേശം, ആദിവാസി മലയോര മേഖലകളിൽ നിന്നുള്ള കുട്ടികൾ എന്നിവരുടെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒൻപതിനായിരത്തിലധികം ഭിന്നശേഷി കുട്ടികളാണ് എസ്എസ്കെ വഴി നടത്തുന്ന വിവിധ പദ്ധതികളുടെ ജില്ലയിലെ ഗുണഭോക്താക്കൾ. ഫണ്ട് മുടങ്ങുമ്പോൾ സാധാരണക്കാരായ കുട്ടികളുടെ ജീവിതവും പ്രതിസന്ധിയിലാകുകയാണ്.
ഫണ്ട് മുടങ്ങുന്നതിലൂടെ അധ്യാപക പരിശീലനങ്ങളും ക്ലസ്റ്റർ പരിശീലനങ്ങളും തുലാസിലാകും. പെൺകുട്ടികൾക്ക് നൽകുന്ന സെൽഫ് ഡിഫൻസ് ഗ്രാന്റുകൾ നൽകാൻ കഴിയാതെ വരും. 132 സ്പെഷലിസ്റ്റ് അധ്യാപകരുടെ സേവനങ്ങൾ തടസ്സപ്പെടാനിടയാകും.
ഇത്തരം പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണമെങ്കിൽ കേന്ദ്രം കനിയണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]