
മാലിന്യ മുക്ത പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോൾ ഉയരുന്ന ചോദ്യം: ജില്ല പൂർണമായും മാലിന്യ മുക്തമായോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ മാലിന്യ മുക്ത പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോൾ ഉയരുന്ന ചോദ്യം ജില്ല പൂർണമായും മാലിന്യ മുക്തമായോ? എന്നാണ്. ഇല്ലെന്നു നാട്ടുകാർ ഉച്ചത്തിലും അധികൃതർ പതുക്കെയും പറയും. ഗാർഹിക മാലിന്യം ഇരുട്ടിന്റെ മറവിൽ ഒഴിഞ്ഞ ഇടങ്ങളിൽ തള്ളുന്ന മലയാളിയുടെ ശീലം മാറ്റാതെ ജില്ല മാലിന്യ മുക്തമാകില്ല. അതിലേക്കുള്ള ശ്രമമാണ് ജനകീയ കൂട്ടായ്മയുടെ സഹായത്തോടെ അധികൃതർ നടത്തുന്നത്.
കാപ്പിലിൽ ഗാർഹിക മാലിന്യം
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ തെക്കുംഭാഗം കാപ്പിൽ തീരത്ത് മാലിന്യം തള്ളുന്നതു കുറഞ്ഞുവെങ്കിലും രാത്രി കാലത്ത് ഗാർഹിക മാലിന്യങ്ങൾ കവറുകളിൽ കെട്ടി വലിച്ചെറിയുന്നതു തുടരുന്നുണ്ട്. പരവൂർ നഗരസഭ ഹരിതകർമ സേനാംഗങ്ങളും ആരോഗ്യ വിഭാഗവും ചിട്ടയായ പ്രവർത്തനങ്ങളും പരിശോധനകളും നടത്തി നഗരത്തെ മാലിന്യമുക്തമാക്കാൻ കഠിന പരിശ്രമം നടത്തുമ്പോഴാണ് ഒറ്റപ്പെട്ട ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. കടൽ, കായൽ തീരങ്ങളിൽ സഞ്ചാരികൾക്ക് മാലിന്യ നിക്ഷേപത്തിനു പ്രത്യേക സൗകര്യങ്ങളും ബിന്നുകളുടെ പരിപാലനവും കൃത്യമായി നടക്കുന്നതിനാൽ തീരങ്ങളിൽ മാലിന്യ പ്രശ്നം കുറവാണ്. സഞ്ചാരികളും ഗാർഹിക മാലിന്യം തള്ളുന്നവരും ഉത്തരവാദിത്തത്തോടെ മാലിന്യങ്ങൾ കൈകാര്യം ചെയ്താൽ പ്രദേശത്തെ അവശേഷിക്കുന്ന മാലിന്യ പ്രശ്നവും പരിഹരിക്കാനാകും.
സജ്ജമാകാതെ മുതലക്കുളം എംസിഎഫ്
പരവൂർ നഗരസഭയെ മാലിന്യമുക്ത മേഖലയായി പ്രഖ്യാപിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനും വേർതരിച്ചു കൈമാറുന്നതിനുമുള്ള മുതലക്കുളത്തെ എംസിഎഫ് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, കുപ്പികൾ, കുപ്പിച്ചില്ല്, ഇ-മാലിന്യം എന്നിങ്ങനെ മണ്ണിൽ അലിഞ്ഞുചേരാത്ത അജൈവ മാലിന്യങ്ങൾ വേർതിരിച്ചെടുക്കാനുള്ള മുതലക്കുളത്തെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തങ്ങളും ചുറ്റുമതിൽ ഇല്ലാത്തതു കാരണമുള്ള സാമൂഹിക വിരുദ്ധ ശല്യവും കാരണമാണ് പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത്. സുരക്ഷ ക്യാമറകൾ സ്ഥാപിച്ച് ചുറ്റുമതിൽ നിർമാണം നടത്തി എംസിഎഫ് തുറന്നു പ്രവർത്തിപ്പിക്കാവുന്നതാണ്.
പുലമൺ തോട് റെഡിയായി
റോഡ് പരിസരങ്ങളിലും തോടുകളിലും നിന്ന് നീക്കം ചെയ്യുന്ന പാഴ്ച്ചെടികളും മാലിന്യങ്ങളും തോടിന്റെ പരിസരത്ത് കൂട്ടി വച്ച് ഉപേക്ഷിച്ച് മടങ്ങുന്നതാണ് മിക്കയിടത്തും ശുചീകരണത്തിലെ രീതി. ആദ്യമഴയിൽ തന്നെ മാലിന്യം തോട്ടിലേക്ക് ഒഴുകിയിറങ്ങി തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെടും. ശുചിത്വ പ്രഖ്യാപനം നടത്തിയ കൊട്ടാരക്കര നഗരസഭ ഉൾപ്പെടെ ഈ മേഖലയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപകമായി ഇത്തരം മാലിന്യ സങ്കേതങ്ങളുണ്ട്. എന്നാൽ മാലിന്യ മുക്ത പ്രഖ്യാപനത്തിന് മുൻപ് 7മാലിന്യങ്ങളും നിർമാർജനം ചെയ്യാൻ പദ്ധതിക്ക് കഴിഞ്ഞു. പ്രധാന സ്രോതസായ പുലമൺ തോട് ശുചീകരണം ഏറെക്കുറെ പൂർത്തിയായി.
വെളിയത്ത് പതിവ് തുടരുന്നു
വെളിയം പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചെങ്കിലും മാലിന്യം ഇപ്പോഴും പലസ്ഥലത്തും കിടക്കുന്നതായി ആക്ഷേപം നില നിൽക്കുന്നു. ഓടനാവട്ടം പള്ളിമുക്കിനു സമീപം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫിസിനു ഒരു കിലോമീറ്റർ ദൂരം വരുന്ന കട്ടയിൽ തോടിനു സമീപത്ത് രണ്ട് ചാക്കുകൾ നിറയെ പ്ലാസ്റ്റിക് കുപ്പികൾ തള്ളിയ നിലയിലാണ്.
വലിച്ചെറിയരുത് മാലിന്യം
കടയ്ക്കൽ മേഖലയിലെ പഞ്ചായത്തുകൾ മാലിന്യ മുക്തമായതിന്റെ ആഘോഷം നടത്തിയെങ്കിലും ഈ പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും ശുചിമുറി മാലിന്യം തോടുകളിലും വനമേഖലയിലും തള്ളുന്നത് തടയാൻ നടപടിയില്ല. ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യം പഞ്ചായത്തുകളിൽ പല ഭാഗത്തും ചാക്കിലാക്കി കൂട്ടിയിട്ടിരിക്കന്നത് കാണാനാകും. കടയ്ക്കൽ പഞ്ചായത്തിൽ വാർഡുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം ചായിക്കോട്ട് അനാഥമായ കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്.ചിതറ പഞ്ചായത്തിൽ മടത്തറ, തുമ്പമൺതെടി ഭാഗങ്ങളിൽ എംസിഎഫിന് സമീപത്തും മാലിന്യം കുന്നു കൂടുന്നു. ഇറച്ചി കടകളിൽ നിന്നു അവശിഷ്ടം ചാക്കിലാക്കി കടയ്ക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തള്ളുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ചുമുക്ക് കടയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ ശുചിമുറി മാലിന്യം കണ്ടെത്തിയിരുന്നു. പഞ്ചായത്തുകളിൽ ടൗണുകളിലാണ് ശുചീകരണം നടത്തിയത്.
വലിച്ചെറിഞ്ഞാൽ പിഴ
തെക്കുംഭാഗം പഞ്ചായത്തിലെ ജലസ്രോതസുകൾ മലിനമാക്കിയാൽ രണ്ടു ലക്ഷം രൂപ പിഴ ഈടാക്കാൻ തീരുമാനം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയാൽ 5,000 മുതൽ 50.000 രൂപ വരെ പിഴയും ഈടാക്കും. നിയമനടപടികളും സ്വീകരിക്കും. മാലിന്യമുക്ത സീറോ വേസ്റ്റ് ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതു ഇടങ്ങൾ, നിരത്തുകൾ, പാതയോരങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
കൊല്ലം നഗരത്തിലും ഇതേ കാഴ്ച
കൊല്ലം∙ നഗരത്തിലും മാലിന്യം വലിച്ചെറിയൽ തുടർക്കഥയാകുന്നു. ചെമ്മാൻമുക്ക് റെയിൽവേ ഓവർ ബ്രിജിന് അടിയിലൂടെ കടന്നു പോകുന്ന റോഡിലാണ് സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നത്. വിഡിയോ എടുത്ത് കോർപറേഷൻ അധികൃതരെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. കൗൺസിലറെയും ബന്ധപ്പെട്ടെങ്കിലും തുടർ നടപടി കാര്യക്ഷമമായില്ലെന്നും ആക്ഷേപമുണ്ട്. ഗാർഹിക മാലിന്യങ്ങളും മദ്യക്കുപ്പികളുമാണ് ഇവിടെ നിക്ഷേപിക്കുന്നത്. സമീപത്തെ പള്ളി അധികൃതർ തുടർച്ചയായി മാലിന്യം നിർമാർജനം ചെയ്തിരുന്നു. വലിച്ചെറിയൽ തുടർന്നതോടെ അവരും ശുചീകരണ ഉദ്യമത്തിൽ നിന്നു പിന്മാറി.