മഞ്ഞപ്പിത്തം: കോളജ് തുറക്കുക സുരക്ഷ ഉറപ്പാക്കിയ ശേഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്തിയ ശേഷം മാത്രമേ മഞ്ഞപ്പിത്ത രോഗ ഭീഷണിയെ തുടർന്ന് അടച്ച കോളജ് തുറക്കൂവെന്ന് അധികൃതർ. മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെ തുടർന്ന് കരിക്കോട് ടികെഎം എൻജിനീയറിങ് കോളജ് കഴിഞ്ഞ ഫെബ്രുവരിയിൽ അടച്ചിരുന്നു. ഡിഎംഒയുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ ക്യാംപസ് തുറന്നിട്ടില്ല. വിദ്യാർഥികൾക്ക് ഒരു മാസത്തിലധികമായി ഓൺലൈനിലൂടെയാണ് ക്ലാസുകൾ എടുക്കുന്നത്.
ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും പരിശോധനകളും സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും കോളജ് തുറക്കാൻ ഇനിയും 3 ആഴ്ചയോളം എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഫെബ്രുവരി മാസത്തിലാണ് ടികെഎം എൻജിനീയറിങ് കോളജ് കേന്ദ്രീകരിച്ചു മേഖലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചത്. ഇതിനോടകം കോളജിലെ മുന്നൂറിലധികം കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ തന്നെ ഇരുപത്തിയഞ്ചോളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. കോളജിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികൾക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് നിഗമനം.ഇവരിലൂടെ കോളജ് ഹോസ്റ്റൽ വഴി രോഗം പടരുകയായിരുന്നു എന്നാണ് വിലയിരുത്തുന്നത്.
മറ്റു കാരണങ്ങൾ രോഗബാധയ്ക്ക് പിന്നിലുണ്ടോ എന്നും കോളജ് അധികൃതർ പരിശോധിക്കുന്നുണ്ട്. രോഗം പടർന്നതോടെ ഹോസ്റ്റലും കോളജും അടയ്ക്കുകയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്കകം തുറക്കാമെന്ന് കരുതിയെങ്കിലും പല വിദ്യാർഥികൾക്കും തുടർന്നും രോഗം സ്ഥിരീകരിച്ചതോടെ ഇത് നീണ്ടു.
ഏതെങ്കിലും വിദ്യാർഥിക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചാൽ 3 ആഴ്ചയോളം നിരീക്ഷണ കാലയളവായി കണക്കാക്കുമെന്നതിനാൽ തുറക്കുന്നത് വൈകുകയായിരുന്നു. ഒറ്റപ്പെട്ട നിലയിൽ ഇപ്പോഴും വിദ്യാർഥികളിൽ രോഗം സ്ഥിരീകരിക്കുന്നുണ്ട്. അവസാന സെമസ്റ്റർ വിദ്യാർഥികൾക്കു മാത്രമാണ് പിന്നീട് കോളജിൽ പരീക്ഷ നടത്തിയത്. സ്വയംഭരണാവകാശമുള്ള കോളജിന് കീഴിൽ തന്നെയാണ് പരീക്ഷകൾ നടക്കേണ്ടത് എന്നതിനാൽ മറ്റു വിദ്യാർഥികളുടെയെല്ലാം പരീക്ഷകൾ നീട്ടിവച്ചിരിക്കുകയാണ്.
എൻജിനീയറിങ് കോളജിന് പുറമേ ടികെഎം ആർട്സ് കോളജ്, കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ ക്യാംപസുകളും മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഒരാഴ്ച അടച്ചിട്ടിരുന്നു. ഈ കോളജുകളിലെ വിദ്യാർഥികളെല്ലാം ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഹോസ്റ്റലും ഏറെക്കാലം അടച്ചിട്ടിരുന്നെങ്കിലും ഭക്ഷണത്തിന് മറ്റു സംവിധാനങ്ങളുണ്ടാക്കി കുറച്ചു പേർക്കായി ഇപ്പോൾ തുറന്നിട്ടുണ്ട്. രോഗബാധയെ തുടർന്നു കോളജും ഹോസ്റ്റലും പൂർണമായും ക്ലോറിനേറ്റ് ചെയ്യുകയും വിശദമായ പരിശോധനകൾ നടത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇവയെല്ലാം കാണിച്ചു കോളജ് അധികൃതർ വിശദമായ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയിൽ ഡിഎംഒയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശത്തിന് അനുസരിച്ചായിരിക്കും കോളജ് തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
മഞ്ഞപ്പിത്തം: ശ്രദ്ധിക്കാൻ
കരളിന്റെ പ്രവർത്തനം മോശമാകുമ്പോഴുണ്ടാകുന്ന ഒരു ലക്ഷണമാണു മഞ്ഞപ്പിത്തം. കണ്ണ്, ചർമം, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിലാകുക, കഠിനമായ ക്ഷീണം, ഛർദി, വയറിളക്കം, ചെറിയ പനി, മൂത്രം ഇരുണ്ട നിറത്തിലാകുക, അടിവയറ്റിൽ വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ആഹാരം കഴിക്കാൻ മടിയും തുടർച്ചയായ ഛർദിയും കണ്ടെത്തിയാൽ മഞ്ഞപ്പിത്തത്തിനുള്ള പരിശോധന ഉറപ്പായും നടത്തണം.
രക്ത പരിശോധനയിൽ ബിലിറൂബിന്റെ അളവ് സാധാരണയിൽ കൂടുതലായി കണ്ടാൽ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. വിശ്രമമാണ് പ്രധാനമായും വേണ്ടത്. പഴങ്ങളും ജൂസും ധാരാളം കുടിച്ച് ക്ഷീണം മാറ്റാം. രോഗം ബാധിച്ചാൽ കരളിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. അതുകൊണ്ട് കട്ടിയുള്ള ആഹാരവും മാസം, മുട്ട, മസാല എന്നിവയും പരമാവധി ഒഴിവാക്കണം. കരളിന്റെ പ്രവർത്തനത്തെ എത്രകണ്ട് രോഗം ബാധിച്ചു എന്നറിഞ്ഞാൽ രക്ത പരിശോധനയും സ്കാനിങ്ങും നടത്തണം.
മുൻകരുതലുകൾ:
∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
∙ ഭക്ഷണം ചൂടാക്കിയ ശേഷം മാത്രം കഴിക്കുക
∙ വ്യക്തി ശുചിത്വം പാലിക്കുക
∙ ആഹാരം എപ്പോഴും അടച്ചു സൂക്ഷിക്കുക
∙ പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക
∙ ആഹാരം കഴിച്ചതിന് മുൻപും കഴിച്ചതിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുക.