
കൊല്ലം-ചെങ്കോട്ട–കോയമ്പത്തൂർ ട്രെയിൻ സർവീസ് പുനരാരംഭിക്കണം; ആവശ്യം ശക്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ മീറ്റർ ഗേജ് കാലത്ത് പളനി തീർഥാടകരുടെ പ്രധാന സഞ്ചാര മാർഗമായിരുന്ന കൊല്ലം- കോയമ്പത്തൂർ ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. കൊല്ലത്തു നിന്നു രാത്രി പുറപ്പെട്ടിരുന്ന കോയമ്പത്തൂർ എക്സ്പ്രസ് മധുര വഴി പളനിയിൽ അതിരാവിലെ എത്തിച്ചേരുകയും ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം നടത്തി അന്നു തന്നെ രാത്രി തിരികെ കൊല്ലത്തേക്ക് തിരിച്ചു വരാനും കഴിയുമായിരുന്നു. എന്നാൽ ചെങ്കോട്ട – പുനലൂർ – കൊല്ലം റെയിൽവേ പാത ബ്രോഡ്ഗേജ് ആക്കിയിട്ട് 8 വർഷം ആയിട്ടും ഈ സർവീസ് ഇതുവരെ തിരികെ വന്നിട്ടില്ല.
ഈ അവധിക്കാലത്ത് ഒട്ടേറെപ്പേരാണ് വിവിധ ജില്ലകളിൽ നിന്നു പളനിയിലേക്ക് യാത്ര ചെയ്യുന്നത്. നിലവിൽ തെക്കൻ കേരളത്തിൽ നിന്നു പളനിയിലേക്ക് പോകുവാൻ അമൃത എക്സ്പ്രസ് മാത്രമാണ് ഉള്ളത്. അമൃത എക്സ്പ്രസ് കോട്ടയം, എറണാകുളം, പാലക്കാട് വഴിയാണ് പോകുന്നത്. അതുകൊണ്ടുതന്നെ വളരെയധികം യാത്രാ സമയം വേണ്ടി വരുന്നു. അമൃത എക്സ്പ്രസിൽ ടിക്കറ്റ് കിട്ടാനും ഏറെ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു. ഈ അവസരത്തിൽ നേരത്തേ ഉണ്ടായിരുന്ന കൊല്ലം-കോയമ്പത്തൂർ എക്സ്പ്രസ് സർവീസ് തിരുവനന്തപുരം നോർത്ത് – ഈറോഡ് എക്സ്പ്രസ് സർവീസ് ആയി പുനരാരംഭിക്കണം എന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
കൊല്ലത്തു നിന്നു പുനലൂർ, ചെങ്കോട്ട, തെങ്കാശി, രാജപാളയം, വിരുത് നഗർ, മധുര, ഡിണ്ടിഗൽ, പളനി, പൊള്ളാച്ചി വഴിയാണ് കോയമ്പത്തൂരിൽ എത്തേണ്ടത്. അതിനാൽ മറ്റു സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ സർവീസ് അനുഗ്രഹമാണ്. ഈ ട്രെയിൻ സർവീസ് ആഴ്ചയിൽ ഒരു ദിവസം സ്പെഷൽ സർവീസ് ആയി ആരംഭിക്കാവുന്നതേയുള്ളൂ. യാത്രക്കാരുടെ ലഭ്യതയും വരുമാനവും വിലയിരുത്തി തുടർന്ന് റഗുലർ സർവീസാക്കി മാറ്റാനും സാധിക്കും. പളനി ക്ഷേത്ര ദർശനത്തിനു പോകുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഉപകാരമാകുകയും തമിഴ്നാടിന്റെ വ്യാവസായിക നഗരങ്ങളായ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നീ നഗരങ്ങളിലേക്ക് നേരിട്ടുള്ള ഒരു കണക്ടിവിറ്റി ലഭിക്കുകയും ചെയ്യും. ഈ അവധിക്കാലത്ത് തിരുവനന്തപുരം നോർത്ത് – ഈറോഡ് എക്സ്പ്രസ് സർവീസ് ആരംഭിക്കണമെന്നും ആവശ്യമുണ്ട്.