കൽപറ്റ / കൊല്ലം / തിരുവനന്തപുരം ∙ മോഷണക്കേസിൽ വയനാട്ടിൽ നിന്നു പിടിയിലായി യാത്രയ്ക്കിടെ കൊല്ലത്തു വച്ചു പൊലീസിനെ കബളിപ്പിച്ചു മുങ്ങിയ മേഷണക്കേസ് പ്രതികളെ വീണ്ടും വയനാട്ടിൽ നിന്നു പിടികൂടി. പാലോട് സ്റ്റേഷനിൽ ഒട്ടേറെ കടകളിൽ മോഷണം നടത്തിയ തിരുവനന്തപുരം വഞ്ചിയൂർ ആലംകോട് റംസി മൻസിലിൽ അയൂബ്ഖാൻ (62), മകൻ സെയ്തലവി (22) എന്നിവരെയാണു മേപ്പാടിയിൽ പിടികൂടിയത്.
ഇന്നലെ പുലർച്ചെ മേപ്പാടി പൊലീസും സ്പെഷൽ സ്ക്വാഡും മേപ്പാടി കോട്ടവയലിൽ വാടകവീടു വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. പാലോട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി കസ്റ്റഡിയിൽ വാങ്ങിയ ഇവരെ ഇന്നു രാത്രിയോടെ സ്റ്റേഷനിലെത്തിച്ചു തെളിവെടുപ്പു നടത്തും.
കഴിഞ്ഞ മാസം 2 ന് പാലോട് മേഖലയിൽ മോഷണം നടത്തിയ ശേഷം ഉടമയെ അറിയിക്കാതെ വാടകവീടിന്റെ താക്കോലുമായി കടന്ന ഇവരെ പാലോട് പൊലീസ് സംഘം ബത്തേരിയിൽ നിന്നാണ് ആദ്യം അറസ്റ്റ് ചെയ്തത്.
28ന് പുലർച്ചെ 4നാണ് കൊല്ലം അഞ്ചൽ– കടയ്ക്കൽ റോഡിൽ ചുണ്ട ചെറുകുളത്തു വച്ച് പൊലീസിനെ കബളിപ്പിച്ചു കടന്നത്.
പ്രാഥമിക ആവശ്യം നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നു ചെറുകുളം പാലത്തിനു സമീപം കാർ നിർത്തിയപ്പോൾ ഇരുവരും കൈവിലങ്ങുമായി കടന്നുകളയുകയായിരുന്നു.
തുടർന്ന് രണ്ടു ദിവസം പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോട്ടയ്ക്കൽ ജില്ലാ കൃഷിഫാമിലും പരിസരത്തും ഡ്രോൺ വരെ ഉപയോഗിച്ച് അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പൊലീസ് നായയും തിരച്ചിൽ നടത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കൊട്ടാരക്കര ഷാഡോ പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മേപ്പാടിയിൽ നിന്നു പിടികൂടിയത്. പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്ന ഇവർക്ക് ഇത്ര പെട്ടെന്നു വയനാട്ടിൽ എത്താനായത് എങ്ങനെയെന്നും ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൊലീസിന് ആശങ്ക ഒഴിഞ്ഞു; സംഘം വയനാട്ടിൽ വീണ്ടും എത്തിയതിന് പിന്നിൽ ദുരൂഹത
കടയ്ക്കൽ∙ പൊലീസിനെ വെട്ടിച്ചു കടന്ന മോഷണക്കേസിലെ പ്രതികളായ അച്ഛനും മകനും വയനാട്ടിൽ പിടിയിലായതോടെ ആശങ്കയിൽ നിന്നു പൊലീസിന് ആശ്വാസം. 28ന് പുലർച്ചെ 4നാണ് പ്രതികളായ ആലംകോട് റംസി മൻസിലിൽ അയൂബ്ഖാൻ (62), മകൻ സെയ്തലവി (22) എന്നിവർ കടയ്ക്കൽ ചുണ്ട
ചെറുകുളത്ത് നിന്നു പൊലീസിനെ വെട്ടിച്ചു കടന്നത്. പ്രതികൾ വയനാട്ടിൽ വീണ്ടും എത്തിയതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നു സംശയമുണ്ട്.
സംഭവം നടന്നയുടൻ സ്ഥലത്ത് എത്തിയ പൊലീസ് സന്നാഹം അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ല. ചെറുകുളത്ത് നിന്നു രക്ഷപ്പെട്ട
പ്രതികൾ ആയൂരിൽ എത്തി എംസി റോഡ് വഴി വന്ന ബസിലോ മറ്റ് വാഹനത്തിലോ കയറി വയനാട്ടിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് എത്തിയെന്നാണ് പൊലീസ് കരുതുന്നത്. പ്രതികൾ കടന്നത് പൊലീസിന് കനത്ത ക്ഷീണം ആണ് ഏൽപിച്ചിരുന്നത്. കടയ്ക്കൽ നിന്നു ഇവർ രക്ഷപ്പെട്ട
വിവരം അറിഞ്ഞ വയനാട് പൊലീസ് ഇവർ താമസിച്ചിരുന്ന സ്ഥലം നിരീക്ഷിച്ചിരുന്നു. പുലർച്ചെ സ്ഥലത്ത് എത്തിയ ഇവരെ പിടികൂടാൻ കഴിഞ്ഞതും പൊലീസിന്റെ നിരീക്ഷണം കാരണമാണ്.
ഇതേ സമയം ചെറുകുളത്ത് നിന്നു രക്ഷപ്പെടാൻ ഇവർക്ക് സഹായകമായി ആരെങ്കിലും പ്രവർത്തിച്ചോ എന്നും പൊലീസ് അന്വേഷിക്കും. കുടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ.
പാലോട് പൊലീസ് ഇവരെ കൊണ്ട് വരുന്നതിനായി വയനാട്ടിലേക്ക് തിരിച്ചു. തെളിവെടുപ്പിനു ശേഷം കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തും.
പാലോട് നന്ദിയോട് കള്ളിപ്പാറയിൽ വാടകയ്ക്ക് താമസിച്ച് ഇവിടങ്ങളിൽ മോഷണം നടത്തുകയായിരുന്നു സംഘം. പിന്നീട് വീട്ടുടമ അറിയാതെ സംഘം രക്ഷപ്പെടുകയായിരുന്നു.
മൊബൈൽ ഫോൺ പരിശോധിച്ചു സംഘം ഇപ്പോൾ താമസിച്ചിരുന്ന വയനാട്ടിലെ മേപ്പാടിയിലെ വാടക വീട് കണ്ടെത്തിയിരുന്നു. പാലോട് പൊലീസ് പോയി അറസ്റ്റ് ചെയ്ത് കൊണ്ട് വരുമ്പോഴാണ് പ്രാഥമിക ആവശ്യം നിർവഹിക്കാൻ ഇറങ്ങി കടന്നത്.
അഞ്ചൽ, കിളിമാന്നൂർ, വെഞ്ഞാറുമൂട്, നെടുമങ്ങാട്, പാലോട് സ്റ്റേഷനുകളിൽ സംഘത്തിന്റെ പേരിൽ ഒട്ടേറെ മോഷണ കേസുകൾ ഉണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]