
പരവൂർ∙ പരവൂർ നഗരഹൃദയത്ത ഇരുട്ടിലാക്കി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് 10 ദിവസം. പരവൂർ ജംക്ഷനിലെ റൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണ് പത്ത് ദിവസത്തിലേറെയായി പ്രകാശിക്കാത്തത്.
രാത്രിയും പുലർച്ചയും പരവൂർ ജംക്ഷൻ പൂർണമായും ഇരുട്ടിലാണ്. ഹൈമാസ്റ്റ്ലൈറ്റിന്റെ സ്വിച്ച് ബോർഡുൾപ്പടെ സ്ഥിതി ചെയ്യുന്ന കൺട്രോൾ പാനൽ സാമൂഹിക വിരുദ്ധർ ചവിട്ടി നശിപ്പിച്ച നിലയിലാണ്.
ഇതോടെയാണ് ലൈറ്റ് പ്രകാശിക്കാതായത്. രാത്രിയിൽ കടകളടച്ചാൽ പരവൂർ ജംക്ഷൻ പൂർണമായും ഇരുട്ടിലാകുന്നത് മോഷണശ്രമങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു.
പുലർച്ചെ പരവൂരിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കുള്ള കെഎസ്ആർടിസി ബസിൽ പോകാൻ സ്ത്രീകളുൾപ്പടെ നാൽപതിലേറെ യാത്രക്കാരാണ് പരവൂർ ജംക്ഷനിൽ എത്തുന്നത്.
ഇവർക്കും വെളിച്ചമില്ലാത്തത് സുരക്ഷ ഭീഷണി സൃഷ്ടിക്കുകയാണ്. പ്രഭാത നടത്തത്തിന് എത്തുന്നവർക്കും വെളിച്ചമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പത്ത് ദിവസത്തിലേറെ കഴിഞ്ഞിട്ടും ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കാത്തതിൽ വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തിലാണ്.
ചാത്തന്നൂർ, പാരിപ്പള്ളി, വർക്കല, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ വന്ന് ചേരുന്ന പ്രധാനപ്പെട്ട ജംക്ഷനാണ് ദിവസങ്ങളായി ഇരുട്ടിൽ കഴിയുന്നത്.
പ്രദേശത്ത് തെരുവുനായ ശല്യമുള്ളതിനാൽ ഇരുട്ടിൽ സഞ്ചരിക്കുന്നവർക്ക് നായയുടെ കടിയേൽക്കാനും സാധ്യതയുണ്ട്. പുലർച്ചെ പത്രം, പാൽ വിതരണം നടത്തുന്നവരും വെളിച്ചക്കുറവിൽ ബുദ്ധിമുട്ടുകയാണ്.
“പുലർച്ചെ മെഡിക്കൽ കോളജിലേക്കുള്ള കെഎസ്ആർടിസി ബസിൽ പോകാനുള്ള യാത്രക്കാരും കോളജുകളിലേക്കുള്ള വിദ്യാർഥികളും ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ലൈറ്റ് അറ്റകുറ്റപണി നടത്തി ശരിയാക്കാനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം “.
ആർ.ഷാജി (മാർക്കറ്റ് വാർഡ് കൗൺസിലർ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]