
കൊല്ലം∙ മുണ്ടയ്ക്കൽ ഡിവിഷനിൽ തില്ലേരി കുരിശടിക്കു സമീപത്തുള്ള വീടുകളിൽ 9 ദിവസമായി വെള്ളമെത്താത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. ഇന്നലെ രാവിലെ ഒരു മണിക്കൂർ വെള്ളം ലഭിച്ചെങ്കിലും പൈപ്പിലൂടെ വന്നത് കലക്ക വെള്ളമായിരുന്നു.
ഈ വെള്ളം എങ്ങനെ കുടിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. മാത്രമല്ല മിക്ക ദിവസവും പുലർച്ചെയാണ് വെള്ളം വരുന്നതെന്നും മുന്നറിയിപ്പില്ലാതെ വരുന്ന വെള്ളം എങ്ങനെ പിടിച്ചുവയ്ക്കുമെന്നും നാട്ടുകാർ ചോദിക്കുന്നു.
‘കിണറിൽ നിന്ന് ലഭിക്കുന്ന വെള്ളം ഉപയോഗ്യമല്ലാത്തതിനാൽ തുണി കഴുകുന്നതിനും കുളിക്കുന്നതിനും മാത്രമാണ് ഉപയോഗിക്കാറുള്ളത്.
ദിവസങ്ങളായി കുടിക്കുന്നതിന് വെള്ളം കാശ് കൊടുത്തു വാങ്ങുകയാണ്. വെള്ളമില്ലാത്തതറിയിക്കാൻ ജല അതോറിറ്റിയിൽ ബന്ധപ്പെടുമ്പോൾ ഇന്ന് വരും നാളെ വരുമെന്നു പറഞ്ഞു അധികൃതർ കയ്യൊഴിയുകയാണ്.’– പ്രദേശവാസിയായ ആരോഗ്യമേരി പറയുന്നു.
ആറേഴു മാസമായി വല്ലപ്പോഴുമാണ് പൈപ്പിലൂടെ വെള്ളം വരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരു കിലോമീറ്റർ ദൂരെയുള്ള പൈപ്പിൽ നിന്നാണ് നിലവിൽ ദൈനംദിന ആവശ്യങ്ങൾക്ക് പ്രദേശവാസികൾ വെള്ളം എടുക്കുന്നത്.
സ്വന്തമായി കിണറില്ലാത്തവർ ജലദൗർലഭ്യം മൂലം വലയുകയാണ്.
മുളങ്കാടകത്തും വെള്ളമെത്തുന്നില്ല
മുളങ്കാടകം ഡിവിഷനിൽ എംആർഎ റസിഡന്റ്സിയിലെ പല വീടുകളിലും ഒരാഴ്ചയായി വെള്ളമെത്തുന്നില്ല. പ്രദേശത്തെ എട്ടു വീടുകൾ പൂർണമായും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
‘വെള്ളം വരാത്തതിനാൽ സമീപത്തെ വീടുകളിലെ കിണറ്റിൽ നിന്നു വെള്ളം കോരി ചുമന്നുകൊണ്ടുവരേണ്ട അവസ്ഥയാണ്.
ബക്കറ്റും കുടങ്ങളും പാത്രങ്ങളും ദിവസങ്ങളായി പൈപ്പിൻചുവട്ടിൽ നിരത്തി വച്ചിരിക്കുകയാണ്, ഉടൻ വെള്ളമെത്തുമെന്ന പ്രതീക്ഷയിൽ. ജല അതോറിറ്റിയിൽ വിളിക്കുമ്പോൾ അറ്റകുറ്റപ്പണി നടക്കുകയാണ്, വെള്ളം വരും എന്നാണ് മറുപടി’– നാട്ടുകാരിയായ ലേഖ പറയുന്നു.
ജീവന്റെ ആധാരമായ ശുദ്ധജലം പൗരന്മാരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഭരണകൂടങ്ങളുടെ കർത്തവ്യമാണ്.
എന്നാൽ വെള്ളമില്ലാതെ വലയുന്ന ഞങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികളെന്നാണ് നാട്ടുകാരുടെ പരാതി. ഒന്നിടവിട്ട
ദിവസങ്ങളിലെങ്കിലും വെള്ളം ലഭിച്ചാൽ വലിയ ആശ്വാസമാകുമെന്ന പ്രദേശവാസികളുടെ വാക്ക് അധികാരികൾ കേൾക്കാതെ പോകരുത്. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
“വീട്ടിൽ കുഴൽ കിണറുണ്ട്.
എന്നാൽ ശുദ്ധമായ വെള്ളം കുഴൽ കിണറിൽ നിന്നു ലഭിക്കാത്തതിനാൽ പൈപ്പുവെള്ളമാണ് ഏക ആശ്രയം. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളമില്ലാത്തതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടി.
മഴക്കാലമായിട്ടും വെള്ളത്തിനു വേണ്ടി അലയേണ്ട അവസ്ഥയാണ് “.
എസ്.
ജോൺ, വ്യാപാരി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]