
ഹരിതകർമ സേന ഒരു ദിവസം എടുക്കുന്നത് 5 ടൺ വരെ മാലിന്യം
കൊല്ലം ∙ നഗരത്തിൽ നിന്നു ദിവസേന ഹരിതകർമ സേന ശേഖരിക്കുന്നത് 2 മുതൽ 5 ടൺ വരെ മാലിന്യം. വിശേഷ ദിവസങ്ങളിൽ മാലിന്യത്തിന്റെ അളവ് ഇതിന്റെ ഇരട്ടിയിലേറെ.
അജൈവ മാലിന്യം സംഭരിച്ചു വേർതിരിക്കുന്ന കുരീപ്പുഴയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ (ആർആർഎഫ്) എത്തുന്ന മാലിന്യത്തിന്റെ കണക്കാണ് ഇത്.കോഴിക്കോട് ആസ്ഥാനമായ ഗ്രീൻ വോംസ് എന്ന സ്ഥാപനവുമായാണ് കൊല്ലം കോർപറേഷൻ മാലിന്യ സംസ്കരണത്തിന് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗ പ്ലാന്റിലേക്ക് കൊണ്ടുപോകാനായി കെട്ടുകളാക്കി വച്ചിരിക്കുന്നു.
രൂപകൽപന, നിർമാണം, പ്രവർത്തനം (ഡിബിഒ) എന്നിവയ്ക്കാണ് 5 വർഷ കരാർ.
തിരുവനന്തപുരം,കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 180ൽ ഏറെ തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണത്തിന്റെ സർവീസ് പ്രൊവൈഡർ ആണ് ഗ്രീൻ വോംസ്.പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, കുപ്പിച്ചില്ലുകൾ, ബാഗുകൾ, ചെരിപ്പ്, തുണി തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് ഇവിടെ ശേഖരിച്ചു തരം തിരിക്കുന്നത്. തുടർന്നു ഇവ കെട്ടുകളാക്കി പുനരുപയോഗ പ്ലാന്റിലേക്കു കൊണ്ടുപോകും.
ഇപ്പോൾ ഹരിത കർമസേനയാണ് മാലിന്യം തരം തിരിക്കുന്നത്. കൺവെയർ ബെൽറ്റ് ഉപയോഗിച്ചു മാലിന്യം തരംതിരിക്കുന്നതിനുള്ള സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
ഒരു മാസത്തിനകം ഇതിന്റെ പണിപൂർത്തിയാകും ഇതോടെ സെന്ററിന്റെ പ്രവർത്തനം പൂർണതോതിൽ ആകും. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു ജലാംശം പൂർണമായി ചോർത്തിക്കളഞ്ഞാണ് യന്ത്രസഹായത്തോടെ കെട്ടുകൾ ആക്കുന്നത്.നേരത്തേ ഗ്രീൻ കേരള മിഷനും ആയിട്ടായിരുന്നു കോർപറേഷൻ കരാറിൽ ഏർപ്പെട്ടിരുന്നത്.
മാലിന്യം പൂർണമായി കൊണ്ടുപോകാൻ കഴിയാതിരുന്നതിനാൽ സംഭരിച്ചവ പോലും കുന്നുകൂടി കിടക്കുമായിരുന്നു. ക്ലീൻ കേരള പദ്ധതി തുടങ്ങിയപ്പോൾ മറ്റു അംഗീകൃത ഏജൻസികളുമായി കരാറിൽ ഏർപ്പെടാൻ സർക്കാർ അനുമതി നൽകിയതോടെയാണ് ഗ്രീൻ വോംസുമായി ധാരണയിലെത്തിയത്.
തരം തിരിക്കുന്ന മാലിന്യം കെട്ടിക്കിടക്കാതെ പുനരുപയോഗ ശാലയിലേക്കു മാറ്റുന്നതിനാൽ പ്രദേശത്ത് ദുർഗന്ധമോ മറ്റു പാരിസ്ഥിതിക പ്രശ്നമോ ഉണ്ടാകുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]