
കോടതി സമുച്ചയം അടുത്ത വർഷം പൂർത്തിയാക്കുമെന്ന് ധനമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ജില്ല കോടതി കെട്ടിട സമുച്ചയത്തിന്റെ നിർമാണം അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിർമാണത്തിന് 78 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെങ്കിലും 100 കോടി കവിഞ്ഞേക്കും. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സെഷൻസ് കോടതികൾ ഉൾപ്പെടെയുള്ളവ പുതിയ കെട്ടിടത്തിലേക്കു മാറ്റും. മാർച്ചിൽ നിർമാണം പൂർത്തിയാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ളതല്ലെന്നു മന്ത്രി പറഞ്ഞു.കൊല്ലം നഗരത്തിൽ 22 കോടതികളാണു പ്രവർത്തിക്കുന്നത്. അതിൽ കുടുംബ കോടതികളും ചില മജിസ്ട്രേട്ട്, സബ് കോടതികളും സിവിൽ സ്റ്റേഷനു പുറത്ത് വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഓരോ കോടതിയുടെയും പുറത്ത് വെയ്റ്റിങ് ഏരിയ ഒരുക്കിയാകും നിർമാണം. നിലവിലെ കോടതികളുടെ വരാന്തയിലാണ് കക്ഷികളും സാക്ഷികളും പ്രതികളുമെല്ലാം ഇരിക്കുന്നത്.
നിർമാണം പൂർത്തിയാകുമ്പോൾ ഈ പ്രശ്നത്തിന് പരിഹാരമാകും. ശബ്ദ സംവിധാനം എല്ലാം ഒരുക്കുന്നുണ്ട്. ഓരോ കോടതിയിലെയും കേസുകൾ വിളിക്കുന്നത് വെയ്റ്റിങ് ഏരിയയിൽ കേൾക്കാനാകും. 6 ലിഫ്റ്റുകളുമുണ്ട്. 250 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നാലു നിലകളിലായാണ് കോടതി സമുച്ചയം. സംസ്ഥാന പൊതു മരാമത്ത് വിഭാഗത്തിനാണ് നിർമാണ ചുമതല. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാൺ എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.കെട്ടിട നിർമാണം മാർച്ചിൽ പൂർത്തിയായാലും കോടതിയുടെ മാറ്റം അടുത്ത വർഷം ജൂലൈയോടെ മാത്രമേ പൂർത്തിയാകൂ. എം മുകേഷ് എംഎൽഎ, ഡപ്യൂട്ടി മേയർ എസ്. ജയൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ സവാദ്, എഡിഎം: ജി നിർമൽ കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ഓച്ചിറ എൻ അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.