പുനലൂർ ∙ ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും പ്രധാന പട്ടണമായ പുനലൂരിൽ പുതുവർഷത്തിൽ പുത്തൻ വികസനം പ്രതീക്ഷിച്ചു മേഖലയിലെ ജനങ്ങൾ. അര നൂറ്റാണ്ടോളം പഴക്കമുള്ള കാലഹരണപ്പെട്ട
ശുദ്ധജല പദ്ധതി മാറ്റി പുനലൂരിനു സമഗ്ര പ്രത്യേക പദ്ധതി വേണമെന്ന പൊതുവികാരം ആണുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കവാടമായ പുനലൂരിൽ തൂക്കുപാലം അല്ലാതെ സഞ്ചാരികൾക്ക് മറ്റൊരു സ്ഥലവും ഇല്ലാത്തതും പോരായ്മയാണ്.
വിഴിഞ്ഞം – കൊല്ലം –പുനലൂർ വികസന സർകീട്ട് വരുന്നതോടെ പുനലൂരിൽ കൂടുതൽ അടിസ്ഥാന വികസന പദ്ധതികൾ യാഥാർഥ്യമാക്കണം എന്നാണ് ആവശ്യം. മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ ഈ വഴിയിലും പുനലൂരിൽ നിന്ന് കുളത്തൂപ്പുഴ വഴി കടന്നുപോകുന്ന മലയോര ഹൈവേയിലും വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകും.
പട്ടണത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ഇതനുസരിച്ചുള്ള ആകാശ നടപ്പാതയും കല്ലടയാറിനു കുറുകെ ഒരു പാലം കൂടി നിർമിക്കാവുന്ന പദ്ധതിയും യാഥാർഥ്യമാകണം എന്നും നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നത് ആണ്.
ചെമ്മന്നൂരിൽ രണ്ടര വർഷം മുൻപ് ഉദ്ഘാടനം നടത്തിയ ഇൻഡോർ സ്റ്റേഡിയം പൂർണമായും കായിക പ്രേമികൾക്കു തുറന്നുകൊടുക്കുന്നതിനു നടപടി ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായ പുനലൂരിലെ സിന്തറ്റിക് ട്രാക്കിന് ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
പുനലൂർ ബൈപ്പാസും ഇഴഞ്ഞു നീങ്ങുകയാണ്. വാളക്കോട് റെയിൽവേ മേൽപ്പാലത്തിന് സമാന്തരമായി പാത നിർമിക്കുന്ന പദ്ധതിയും സാങ്കേതിക കുരുക്കിൽപ്പെട്ടു കിടക്കുകയാണ്. പുനലൂർ റെയിൽവേ സ്റ്റേഷൻ തീർഥാടക പൈതൃക സ്റ്റേഷനാക്കുന്ന പദ്ധതികൾക്കു പ്രാദേശികമായ ഇടപെടൽ കൂടി ആവശ്യമാണ്.
ജപ്പാൻ ശുദ്ധജല പദ്ധതിക്കു പുനലൂരിൽ നിന്നു ജലം ശേഖരിക്കുമ്പോൾ ഇതുവരെ നഗരസഭയെ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല. 5 വാർഡുകളിൽ മാത്രമാണു വെള്ളം ലഭിക്കുന്നത്.
ഏഴുനില വ്യാപാര സമുച്ചയം പുനർനിർമാണം ആരംഭിച്ച് 8 വർഷം ആയിട്ടും പണി പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 7 നിലയിലെ മൂന്നുനില മാത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ബാക്കി നിർമാണം വേഗത്തിലാക്കണം എന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. നഗരസഭയിലെ വാർഷിക പദ്ധതിയിലെ കോടികൾ ചെലവഴിക്കാതെ പാഴാക്കി എന്ന ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്.35 വർഷമായി ബജറ്റിൽ ഇടം പിടിക്കുന്ന രാജഗോപാലൻ നായർ ടൗൺ ഹാൾ നിർമിക്കുന്നതിന് 5 നിർമാണ ഉദ്ഘാടനവും 3 ശിലാസ്ഥാപനവും നടത്തിയിട്ടും കുറച്ചു കമ്പികൾ മാത്രം നാട്ടി പണികൾ
ഉപേക്ഷിച്ച നിലയിലാണ്.
പ്ലാച്ചേരിയിലെ വയോജന കേന്ദ്രം പണി ഉപേക്ഷിച്ചിട്ട് 7 വർഷമായി. തെക്കൻ കേരളത്തിൽ ഒരു പാർക്ക് ഇല്ലാത്ത ഏക നഗരസഭയാണ് പുനലൂർ.
ശമനതീരം ശ്മശാനം അടച്ചിട്ടിട്ടു വർഷങ്ങളായി. ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസക്കാരായ 43 കുടുംബങ്ങളിൽ പകുതിയോളം പേർ ഫ്ലാറ്റ് ഉപേക്ഷിച്ചു പോയി.
അശാസ്ത്രീയ നിർമാണവും ദുർഗന്ധവും മാലിന്യപ്രശ്നവുമാണ് കാരണം. പുനലൂരിന് കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നതിനായി മൂന്നര ഏക്കർ സ്ഥലം എംപി ആവശ്യപ്പെട്ടിട്ട് നഗരസഭ നിരസിച്ചു.10 നില എസി താലൂക്ക് ആശുപത്രി കെട്ടിടം നിർമിച്ചിട്ടും കുറ്റമറ്റ നിലയിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നതും ഗൗരവമേറിയ വിഷയമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

