
അപകടം ഒളിപ്പിച്ച് പടന്നക്കാട് റെയിൽവേ പാലം; ഇനിയെത്ര ചോര വീഴണം?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട്∙ ‘കുഴിയാനയേക്കാൾ കഷ്ടമാണ് സാറെ, ഈ നാട്ടിലെ അധികാരികളുടെ കാര്യം. അതിന് കുടപിടിയ്ക്കുന്ന കുറേ ഉദ്യോഗസ്ഥരും. കുഴി കുഴിച്ചു വീഴ്ത്തി, എത്ര പേരുടെ ജീവിതമാണ് ഇവിടെ ചോരവാർന്ന് തീർന്നത്. ഇവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം’– പടന്നക്കാട് സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ ജിജുവിന്റെ ഈ വാക്കുകളാണ് ഒരിക്കലെങ്കിലും പടന്നക്കാട് റെയിൽവേ പാലത്തിൽ കയറിയവർക്കും പറയാനുള്ളത്.
ഇതിനകം 9 പേരാണ് ഈ പാലത്തിൽ വാഹനാപകടത്തിൽ മരിച്ചത്. 200 ൽ അധികം വാഹനാപകടങ്ങളാണ് ഉണ്ടായത്. അതിലേറെയും ഇരുചക്ര വാഹനങ്ങൾ. ഭൂരിഭാഗം അപകടങ്ങളിലും മറ്റ് വാഹനങ്ങൾ ഇടിച്ചായിരുന്നു മരണം. ഓരോ മരണം കഴിയുമ്പോഴും കുഴി അടയ്ക്കൽ മാത്രമാണ് അധികൃതരുടെ നടപടി. ഏറ്റവുമൊടുവിൽ ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.വിനീഷ് ലോറി കയറി മരിച്ചിരുന്നു.
വേണ്ടത് റീടാറിങ്
മേൽപാലത്തിൽ അപകടം നടന്നാൽ താൽക്കാലിക കുഴിയടയ്ക്കൽ മാത്രമാണ് നടത്തുന്നത്. റീ ടാറിങ് നടത്താൻ അധികൃതർ തയാറാകാത്തതിൽ നേരത്തെയും പ്രതിഷേധം ഉയർന്നിരുന്നു. താൽക്കാലിക കുഴി അടയ്ക്കൽ മാത്രമാകുമ്പോൾ റോഡിന്റെ ഉപരിതലത്തിൽ വലിയ മാറ്റം വരുന്നു. ഇത് ഇരുചക്ര വാഹന യാത്രക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം ചെറുതും വലുതുമായി 200ലധികം അപകടങ്ങൾ നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ പെട്ടു പരുക്കേറ്റവരും മരിച്ചവരും നിരവധിയാണ്. പാലം നിർമാണത്തിലെ അശാസ്ത്രീയതയും അപകടത്തിന് കാരണമാകുന്നു. ഭാരമേറിയ വാഹനങ്ങൾ പാലത്തിന് മുകളിലൂടെ കടന്നു പോകുമ്പോൾ വലിയ ശബ്ദം കേൾക്കുന്നെന്നു നാട്ടുകാർ പറയുന്നു.
ഏകദേശം ഒന്നര കിലോമീറ്റർ നീളമുള്ള പാലത്തിലേക്ക് അപകടം നടന്നാൽ എത്തിപ്പെടാൻ നാട്ടുകാർക്കും പ്രയാസമാണ്. റെയിൽവേ മേൽപാലങ്ങളോട് ചേർന്നു കാൽനടയാത്രക്കാർക്ക് കയറി ഇറങ്ങാനായി ചവിട്ടുപടികൾ നിർമിക്കാറുണ്ട്. എന്നാൽ പടന്നക്കാട് മേൽപാലത്തിൽ ഇത്തരം ചവിട്ടുപടികൾ ഇല്ല. മേൽപാലത്തിന് മധ്യഭാഗത്ത് അപകടം നടന്നാൽ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്ക് ചുറ്റേണ്ടി വരുന്ന സ്ഥിതിയാണ്.
ദേശീയപാത നിർമാണം തുടങ്ങിയതോടെ മേൽപാലത്തിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കരാർ കമ്പനിയോട് പാലത്തിന് മുകളിൽ റീടാറിങ് നടത്താൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും നടന്നില്ലെന്ന് നഗരസഭാ ഉപാധ്യക്ഷൻ ബിൽ ടെക് അബ്ദുല്ല പറയുന്നു. പാലം അടച്ചിട്ടാൽ മാത്രമേ ടാറിങ് ചെയ്യാൻ കഴിയൂ എന്നാണ് കരാർ കമ്പനി പറയുന്നത്. നിലവിൽ പാലം ടാറിങ്ങിനായി അടച്ചിട്ടാൽ പകരം യാത്രാ സംവിധാനം ഒരുക്കാൻ വഴിയില്ലാത്തതും തിരിച്ചടിയാണ്. തീരദേശം വഴിയും മടിക്കൈ വഴിയും വാഹനം തിരിച്ചുവിടാൻ കഴിയുമെങ്കിലും വലിയവാഹനങ്ങൾ കടന്നു പോയാൽ വലിയ ഗതാഗതക്കുരുക്ക് ഈ വഴികളിലുണ്ടാകും.
ഡിവൈഡറും വില്ലൻ
മേൽപാലത്തിന് മുകളിൽ കാൽനടയാത്രക്കാർ കടന്നുപോകുന്ന ഭാഗത്തെ ഡിവൈഡറും അപകടത്തിന് പ്രധാന കാരണമാകുന്നു. ഇന്നലെ ഉണ്ടായ അപകടത്തിൽ സിവിൽ പൊലീസ് ഓഫിസർ കെ.വിനീഷിന്റെ മരണത്തിന് കാരണം ഈ ഡിവൈഡറാണെന്ന് പൊലീസ് പറയുന്നു. വലിയ ഉയരത്തിലുള്ള ഡിവൈഡറിൽ തട്ടി നേരത്തെ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്.