ചെയ്ത ജോലിക്ക് കൂലി നൽകണ്ടേ സാർ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിയ∙ പൊരിവെയിലിൽ ക്ഷേമ പെൻഷൻ വീടുകളിലെത്തിച്ചു നൽകുന്ന സഹകരണ ബാങ്ക് ജീവനക്കാർ ചെയ്ത ജോലിക്കുള്ള ഇൻസെന്റീവ് ചോദിക്കുമ്പോൾ സർക്കാർ കൈമലർത്താൻ തുടങ്ങിയിട്ട് 10 മാസങ്ങളായി. ക്ഷേമ പെൻഷൻകാർക്ക് 3 മാസത്തെ കുടിശികയാണ് കൊടുക്കാനുള്ളതെങ്കിലും വീടുകളിൽ നേരിട്ടെത്തി പെൻഷൻ വിതരണം ചെയ്യുന്നതിന് ഇരുചക്രവാഹനത്തിൽ പെട്രോളടിക്കാൻ പോലും പണമില്ലാതെ വലയുകയാണ് ജീവനക്കാർ. വാഹനങ്ങളെത്താൻ സൗകര്യമില്ലാത്ത വീടുകളിലേക്ക് നടന്നെത്തുകയും വേണം.
ഈ സഹകരണ ബാങ്കുകളിലെ ഡിപോസിറ്റ് കലക്ടർമാരെയും നൈറ്റ് വാച്ച്മാൻമാരെയുമാണ് ബാങ്ക് അധികൃതർ പെൻഷൻ വിതരണച്ചുമതല ഏൽപിച്ചിരിക്കുന്നത്. ഒരാൾക്ക് പെൻഷൻ എത്തിച്ചു നൽകിയാൽ 25 രൂപയാണ് ഇൻസെന്റീവായി ലഭിക്കുക. നേരത്തേ ഇത് 40 രൂപയായിരുന്നു. ഈ തുക തന്നെ കുടിശികയായിരിക്കെയാണ് ‘മുൻകാല പ്രാബല്യത്തോടെ’ 25 രൂപയാക്കി കുറച്ചത്. ‘500 രൂപ കൂലി തരാമെന്ന് പറഞ്ഞ് ജോലിക്കു വിളിച്ചിട്ട് ജോലി കഴിഞ്ഞപ്പോൾ 400 രൂപയേ തരൂവെന്നു’ പറഞ്ഞതു പോലെയാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടെന്ന് ജീവനക്കാർ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പെൻഷൻ വിതരണം ചെയ്ത ജീവനക്കാർക്ക് അവസാനമായി ഇൻസെന്റീവ് നൽകിയത്. ഒരാൾക്ക് രണ്ടു വാർഡുകളിൽ വരെ പെൻഷൻ വിതരണച്ചുമതലയുണ്ട്. ശരാശരി 300 മുതൽ 400 വീടുകളിൽ വരെ പെൻഷൻ എത്തിക്കണം. 300 വീടുകൾ കണക്കാക്കിയാൽ തന്നെ പ്രതിമാസം 7500 രൂപ ഇൻസെന്റീവിനത്തിൽ ഒരു ജീവനക്കാരനു ലഭിക്കണം. 10 മാസത്തെ കുടിശിക കണക്കാക്കിയാൽ 75,000 രൂപ ഒരു ജീവനക്കാരനു തന്നെ കുടിശികയായി ലഭിക്കാനുണ്ട്. രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചു നൽകുമ്പോൾ ഒരു മാസത്തെ ഇൻസെന്റീവ് മാത്രമാണ് ജീവനക്കാരനു ലഭിക്കുന്നത്.
അല്ലെങ്കിൽ ഇപ്പോൾ കുടിശിക 13 മാസം കടക്കുമായിരുന്നു. എന്നാൽ രണ്ട് പെൻഷനുകൾ വിതരണം ചെയ്തതിനും പ്രത്യേകം വൗച്ചറുകൾ തയാറാക്കണം. 2024 ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണത്തിനായി ബാങ്കുകളിൽ എത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം കൊടുത്തു തീർക്കണമെന്നാണ് ജീവനക്കാർക്കു ലഭിച്ച നിർദേശം. പെൻഷൻ വിതരണം ചെയ്തതിനു മാസങ്ങളായി ലഭിക്കാനുള്ള ഇൻസെന്റീവ് കുടിശികയാണെങ്കിലും പെൻഷൻ കാത്തിരിക്കുന്ന കുടുംബങ്ങളെ നിരാശരാക്കാനും കഴിയില്ലല്ലോയെന്നാണ് ജീവനക്കാർ പറയുന്നത്.