
എംഡിഎംഎയെന്ന് കരുതി പൊലീസ് പിടിച്ചത് കൽക്കണ്ടപ്പൊടി; ചെയ്യാത്ത തെറ്റിന് 5 മാസം ജയിലിൽ കിടന്ന് യുവാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജപുരം ∙ എംഡിഎംഎ പിടികൂടിയെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്നു യുവാക്കൾ 150 ദിവസം ജയിലിൽ കിടന്നു. ഒടുവിൽ രാസപരിശോധനാ റിപ്പോർട്ടിൽ എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെ മോചിതരായി. കണ്ണൂർ വാരത്തെ നന്ദനം വീട്ടിൽ മണികണ്ഠൻ (46), കാസർകോട് കോളിച്ചാൽ പതിനെട്ടാംമൈൽ ചെരുമ്പച്ചാൽ ഞരളേട്ട് ബിജു മാത്യു (49) എന്നിവർക്കാണ് 5 മാസം ജയിലിൽ കിടക്കേണ്ടിവന്നത്. ജോലിക്കായി കോഴിക്കോട്ടെത്തിയ മണികണ്ഠൻ, ബിജു മാത്യു എന്നിവരെ 2024 നവംബർ 26ന് ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരിശോധനയിൽ 58 ഗ്രാം വെളുത്തപൊടിയും പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇതു കൽക്കണ്ടപ്പൊടിയാണെന്നു പറഞ്ഞിട്ടും പൊലീസ് വിശ്വസിക്കാൻ തയാറായില്ലെന്ന് ഇവർ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തുടർന്നു തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഹർജി നൽകിയെങ്കിലും രാസപരിശോധനാ ഫലം വരാത്തതിനാൽ ജാമ്യം ലഭിച്ചില്ല. റിമാൻഡിലായി 151ാം ദിവസമാണ് പിടിച്ചെടുത്ത വസ്തു എംഡിഎംഎ അല്ലെന്ന റിപ്പോർട്ട് വന്നത്.
തുടർന്നു വടകര എൻഡിപിഎസ് കോടതി ഇവരെ വിട്ടയയ്ക്കുകയായിരുന്നു. നടക്കാവ് പൊലീസിന്റെ അശ്രദ്ധയും അനാസ്ഥയുമാണ് 5 മാസം ജയിലിൽ കിടക്കാൻ കാരണമായതെന്നും നാണക്കേട് മൂലം നാട്ടിലിറങ്ങി നടക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും മണികണ്ഠനും ബിജു മാത്യുവും പറയുന്നു. അഡ്വക്കറ്റ് സി.ഒ.രഞ്ജിത്ത് കുമാറാണ് ഇരുവർക്കും വേണ്ടി കോടതിയിൽ ഹാജരായത്.