
മഴ, കാറ്റ്: കാസർകോട്, മഞ്ചേശ്വരം താലൂക്കിന്റെ വിവിധഭാഗങ്ങിൽ വ്യാപകനാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉപ്പള ∙ മഴയിലും കാറ്റിലും കാസർകോട്, മഞ്ചേശ്വരം താലൂക്കിന്റെ വിവിധഭാഗങ്ങിൽ വ്യാപകമായ നഷ്ടം. പലയിടങ്ങളിലും മരങ്ങളും തെങ്ങുകളും കടപുഴകി വീണു വൈദ്യുതിയും ഗതാഗത തടസ്സവും ഉണ്ടായി. ഹൊസങ്കടി–ആനക്കൽ–വിട്ടല റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കടകളിലും വീടുകളിലും വെള്ളം കയറി. കുന്നിടിഞ്ഞുവീണു വീടിനു കേടുപറ്റി. ഹൊസങ്കടി–വിട്ടല റോഡിലെ അടക്കളകട്ട, ദൈഗോളി, കൊടല മുഗർ എന്നിവിടങ്ങളിൽ മരം റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു.വൊർക്കാടി പഞ്ചായത്തിലെ പാത്തൂർ വില്ലേജിൽ 4 വീടുകളുടെ സമീപത്തേക്കു കുന്നിടിഞ്ഞു വീണു. പാത്തുർ അബ്ദുല്ല മദനിയുടെ വീടിന്റെ പിൻഭാഗത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. പി.എം.ഇബ്രാഹിം, അഹമ്മദ് കുഞ്ഞി മജന്തൂർ, അബുബക്കർ സിദ്ദീഖിന്റെ വീടിന്റെ സമീപത്തേക്കു കുന്നിടിഞ്ഞും ചുറ്റുമതിലും തകർന്നും വീണു. വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി. ഹൊസങ്കടി എംഎം പ്ലാസ് കെട്ടിടത്തിലെ 10 കടകളിൽ വെള്ളം കയറി. പൊസോട്ടു അന്തുഞ്ഞിയുടെ വിട്ടിൽ വെള്ളം കയറി. മഞ്ചേശ്വരം ചർച്ച് റോഡ് ഓവുചാൽ നിർമിക്കാത്തതിനാൽ വീടുകളിലേക്ക് മഴ വെള്ളം കയറി.
മൊഗ്രാൽപുത്തൂർ ∙ ദേശീയപാതയിലെ സർവീസ് റോഡിൽ കൂറ്റൻമരം കടപുഴകി വീണു. ഇന്നലെ രാവിലെയാണു സംഭവം. ഈ സമയത്ത് വാഹനങ്ങൾ ഒന്നുമില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. കാസർകോട് ടൗൺ എസ്ഐ റോജോയുടെ നേതൃത്വത്തിൽ പൊലീസ് ദേശീയപാത നിർമാണ കമ്പനി അധികൃതരെ അറിയിച്ചതിനു സംഘമെത്തി മരം മുറിച്ചു മാറ്റി.പെരുമ്പള, ഉദുമ, ചെമ്മനാട്, ചട്ടഞ്ചാൽ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി നാശം നേരിട്ടു. ഇന്നലെയും വൈദ്യുതി തടസ്സപ്പെട്ടു. കുമ്പള കളത്തൂരിൽ മുഹമ്മദിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു വീണു. അടുക്കത്തുബയൽ നോർത്ത് ബീച്ച് ശാന്തിനഗറിലെ ശോഭന രവീന്ദ്രന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു.
മംഗളൂരു ∙ ദക്ഷിണകന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും മരം കടപുഴകി വീഴുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു. ഞായറാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിലെ പ്രധാന ഭാഗങ്ങളായ പമ്പ്വെൽ സർക്കിൾ, ജ്യോതി, പടീൽ എന്നിവിടങ്ങളിൽ വെള്ളം കയറി. പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സം ഉണ്ടാക്കി. ചിലയിടങ്ങളിൽ നടപ്പാതയിൽ ഉൾപ്പെടെ വെള്ളം കയറിയതു കാൽനട യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. ബറേബൈലിൽ മരം കടപുഴകി വീണ് വീടുകൾ ഭാഗികമായി തകർന്നു.കടബയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. ആളപായം ഇല്ല. മഴയെ തുടർന്ന് കുത്തിയൊലിക്കുന്ന പാലഡ്ക എരുഗുണ്ടി വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ എത്തിയത് ആശങ്കയുണർത്തി. ജലാശയങ്ങളിൽ പോകുന്നത് ഒഴിവാക്കണം എന്ന് മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ എത്തുന്നത് അപകടം ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിനോദ സഞ്ചാരികളെ നാട്ടുകാർ എത്തി ഉടൻ തന്നെ പ്രദേശത്തു നിന്നു മാറ്റി.