
കനത്തമഴ: മരങ്ങൾ വീണു, ഇരുട്ടിൽ നാട്; പലയിടത്തും വൈദ്യുതിമുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് / ചെർക്കള / മുള്ളേരിയ ∙ കനത്തമഴയിൽ പലയിടത്തും വൈദ്യുതത്തൂണുകൾ തകർന്നതോടെ ജില്ലയിൽ വൈദ്യുതിയുടെ ഒളിച്ചുകളി. കാസർകോട് നഗരത്തിലടക്കം പലയിടത്തും 24 മണിക്കൂറോളം വൈദ്യുതി മുടങ്ങി. കുറ്റിക്കോൽ പ്രദേശത്തു വൈദ്യുതി ഇടയ്ക്കിടെ നിലയ്ക്കുന്നുണ്ട്. പലയിടത്തും മരംവീണു വൈദ്യുതലൈനുകൾ പൊട്ടി. നീലശ്വരം മന്ദംപുറം ഭാഗത്തു പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ പോസ്റ്റ് ഒടിഞ്ഞു പുലർച്ചെ മുതൽ വൈദ്യുതി മുടങ്ങി. പാറക്കോലിലും മരംവീണ് ലൈൻ തകർന്നു.പേമാരിക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മരങ്ങൾ വീണു വൈദ്യുതി വിതരണം താറുമാറായി. പ്രധാനലൈനുകളിലെ തകരാറുകൾ ഇന്നലെ വൈകിട്ടോടെ ജീവനക്കാർ കഷ്ടപ്പെട്ടു പുനഃസ്ഥാപിച്ചെങ്കിലും ഗ്രാമങ്ങൾ ഇരുട്ടിലാണ്.
ഒറ്റപ്പെട്ട പരാതികളാണു പരിഹരിക്കപ്പെടാതെ കിടക്കുന്നവയിലേറെയും. കെഎസ്ഇബിയുടെ ചെർക്കള സെക്ഷൻ പരിധിയിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 29 എൽടി തൂണുകളും ഒരു എച്ച്ടി തൂണും മരംവീണു തകർന്നു. മുള്ളേരിയ സെക്ഷൻ പരിധിയിൽ 12 എൽടി തൂണുകളും 7 എച്ച്ടി തൂണുകളും തകർന്നു.2 ട്രാൻസ്ഫോമറുകൾക്കു ഭാഗികമായി കേടുപാടുണ്ടായി. ദേലംപാടി പഞ്ചായത്തിലെ ചള്ളത്തുങ്കാലിൽ 4 എച്ച്ടി തൂണുകൾ തകരുകയും ട്രാൻസ്ഫോമറിന് കേടുപാടു സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെ മുള്ളേരിയ സെക്ഷനിലെ ജീവനക്കാർ തൂണുകൾ മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ട്രാൻസ്ഫോമർ ഭാഗികമായി തകർന്ന കാറഡുക്ക അരമനടുക്കയിലും ഇന്നലെ വൈദ്യുതി പുനഃസ്ഥാപിച്ചു. മുള്ളേരിയ സബ് സ്റ്റേഷനിലെ പ്രശ്നം മൂലം അഡൂർ ഫീഡർ തകരാറിലാണ്. പഞ്ചിക്കൽ ഫീഡറിലൂടെയാണ് അഡൂരിലേക്കും വൈദ്യുതി എത്തിക്കുന്നത്. ഇത് വോൾട്ടേജ് കമ്മിക്ക് കാരണമായി.
കാറഡുക്ക പഞ്ചായത്തിലെ പെരിയടുക്ക, ദേലംപാടിയിലെ കാട്ടികജെ, ബെള്ളൂർ തോട്ടത്തുമൂല പ്രദേശങ്ങളും ഇരുട്ടിലാണ്. ചെർക്കള സെക്ഷൻ പരിധിയിലും ജീവനക്കാർക്കു വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നലെ. എരിഞ്ഞിപ്പുഴ ഫീഡർ തകരാറിലായിരുന്നു. മുളിയാർ പഞ്ചായത്തിലെ ബാവിക്കര, തോണിപ്പള്ളം, ബേപ്പ്, കുട്ടിയാനം പ്രദേശങ്ങളിൽ വൈദ്യുതി ഇന്നലെ വൈകിട്ടാണു പുനഃസ്ഥാപിച്ചത്. ഇരിയണ്ണിയിലും ബേർക്ക പാലം ട്രാൻസ്ഫോമറിലും വൈദ്യുതി തടസ്സപ്പെട്ടു. നെല്ലിക്കട്ട ബിലാൽ നഗറിൽ പോസ്റ്റ് തകർന്നു. ബേവിഞ്ച സ്റ്റാർ നഗറിൽ മരം വീണു ലൈൻ പൊട്ടി. ആലംപാടി നാൽത്തടുക്ക ചന്ദനമാലയിൽ തൂൺ തകർന്നു. എടനീർ കളരിയിലും 2 ദിവസമായി വൈദ്യുതി തടസ്സപ്പെട്ടു. പൈക്ക ഭാഗത്തെ തകരാർ ഇന്നലെ രാത്രിയും പരിഹരിച്ചിട്ടില്ല.
കൺട്രോൾ റൂം
∙ കെഎസ്ഇബി കാസർകോട് സർക്കിളിന് കീഴിൽ കാലവർഷവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂൾ പ്രവർത്തനമാരംഭിച്ചു. വൈദ്യുതലൈനുകൾ പൊട്ടി വീണതോ വൈദ്യുതലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകടസാഹചര്യമോ ശ്രദ്ധയിൽപെട്ടാൽ 9496011431 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാം. കസ്റ്റമർ കെയർ നമ്പറായ 9496010101 എന്ന ടോൾ ഫ്രീ നമ്പറിലും അറിയിക്കാം.