കാറ്റും മഴയും; വൈദ്യുതത്തൂണുകൾക്കും വീടുകൾക്കും മുകളിൽ മരം കടപുഴകി വീണ് വ്യാപകനാശം
ഉദുമ ∙ ശക്തമായ മഴയിലും കാറ്റിലും ഉദുമ, ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നഷ്ടം. മരങ്ങൾ കമ്പിയുടെ മുകളിലേക്കു വീണു പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. പലയിടങ്ങളിലും ഇന്നലെ രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. ഉദുമ പടിഞ്ഞാർ ബേവൂരി കോട്ടക്കുന്നിൽ എം.സി.കുഞ്ഞിരാമന്റെ കോൺക്രീറ്റ് വീടിന് മുകളിലേക്ക് മുറ്റത്തുണ്ടായിരുന്ന തെങ്ങ് ഒടിഞ്ഞ് വീണു കേടുപാടുകൾ പറ്റി.
ഉദുമ പഞ്ചായത്ത് ഭരണസമിതി അംഗം ചന്ദ്രൻ നാലാം വാതുക്കൽ സ്ഥലം സന്ദർശിച്ചു. ഉദുമ കൊങ്ങിണിയാൻ വളപ്പിൽ, കമ്പിയിലേക്ക് മരം വീണ് വൈദ്യുതത്തൂൺ ഒടിഞ്ഞു.
ഈ ഭാഗത്ത് വൈദ്യുതി വിതരണം തകരാറിലായി.ഉദുമ കുണ്ടോളം പാറയിൽ മരം വീണ് യു.പി. അബ്ദുറഹ്മാന്റെ കൃഷിയിടത്തിന്റെ മതിൽ തകർന്നു. മുല്ലച്ചേരിയിലും കാറ്റ് വ്യാപകമായ നാശം വരുത്തി.
അമ്പിലാടി മുതൽ വെടിക്കുന്ന് വരെയുള്ള 5 വൈദ്യുതി തൂണുകൾ നിലംപൊത്തി. കമ്പികളിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണതിനെ തുടർന്നാണ് ഈ ഭാഗത്ത് കോൺക്രീറ്റ് തൂണുകൾ തകർന്നു വീണു.
മരം വീണ് സുള്ള്യ ഗൂനടുക്കയിൽ വീട് തകർന്ന നിലയിൽ.
കളനാട് തൊട്ടിയിലെ രാമനിലയത്തിലെ മുരളീകൃഷ്ണന്റെ ഓടുമേഞ്ഞ വീടിനു മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീണു. അടുക്കളയുടെ ഭാഗത്താണ് മരം വീണത്.
അടുക്കളയിൽ ഉണ്ടായവർ ശബ്ദം കേട്ട് മറുഭാഗത്തേക്ക് പോയതിനാൽ ദുരന്തം ഒഴിവായി. വിഎസ് നിലയത്തിലെ പി.വി.പ്രേമയുടെ കോൺക്രീറ്റ് വീടിനു മുകളിലേക്ക് തെങ്ങാണ് വീണത്.
കരിവേടകത്ത് ആലിനു താഴെയിലെ തുണ്ടിച്ചിയുടെ വീടിനു മുകളിൽ മരം വീണ് വീടിന്റെ മേൽക്കുര തകർന്ന നിലയിൽ.
വീടിനു മുൻപിൽ ഇട്ടിരുന്ന ഷീറ്റ് പന്തൽ പൂർണമായും തകർന്നു. വീടിന്റെ കോൺക്രീറ്റിനും തകരാർ സംഭവിച്ചു.
പഞ്ചായത്ത് അംഗം സുജാത രാമകൃഷ്ണൻ വീടുകൾ സന്ദർശിച്ചു. മുല്ലച്ചേരി ഭാഗത്ത് ശനിയാഴ്ച രാത്രി നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല.
ഉദുമ വൈദ്യുതി സെക്ഷൻ പരിധിയിൽ 30 തൂണുകൾ തകർന്നതായി കെഎസ്ഇബി അധികൃതർ അറിയിച്ചു . 24 എണ്ണം ശനിയാഴ്ച രാത്രിയിലും ബാക്കി ഇന്നലെയുമാണ് തകർന്നു വീണത്.
ചട്ടഞ്ചാൽ സെക്ഷൻ പരിധിയിലെ കൊളത്തൂർ, പെരളടുക്കം, ബാര , പെരുമ്പള, വയലാംകുഴി എന്നിവിടങ്ങളിലടക്കം വൈദ്യുതി തൂണുകൾ തകർന്നിട്ടുണ്ട്. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി കമ്പികളും പൊട്ടിയിട്ടുണ്ട്.ഈച്ചിലിങ്കാൽ, പക്യാര, ബദരിയാനഗർ, നെല്ലിയടുക്കം, ചെമ്പരിക്ക,തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തൂണുകൾ വീണു. ഉദുമ കെഎസ്ഇബി ഓഫിസിലെ മുഴുവൻ ജീവനക്കാരും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ അവധി ദിവസത്തിലും ജോലി ചെയ്യുന്നുണ്ട്.
ബന്തടുക്ക ചൂരിത്തോടിലെ പൂവത്താനി ജയിംസിന്റെ വീട് മരംവീണ് തകർന്നനിലയിൽ.
കാസർകോട് വൈദ്യുതി സെക്ഷൻ ഓഫിസ് പരിധിയിലെ കാസർകോട് നഗരത്തിൽ ഉൾപ്പെടെ വൈദ്യുതി മുടങ്ങി. ചെമ്മനാട്, പാലിച്ചിയടുക്കം, ബേനൂർ, പരവനടുക്കം എന്നിവിടങ്ങളിലെ ഇന്നലെ രാവിലെ മുടങ്ങിയ വൈദ്യുതി രാത്രിയാണ് പുനഃസ്ഥാപിച്ചത്.വൈദ്യുതിയില്ലാത്തതിനാൽ കുഴൽക്കിണറിനെ ആശ്രയിക്കുന്ന നൂറുകണക്കിനു കുടുംബം ദുരിതത്തിലായി.
പലയിടങ്ങളിലും വൈദ്യുതി കമ്പികൾ പൊട്ടിയതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നും വിശ്രമം പോലുമില്ലാതെ ജീവനക്കാർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആവശ്യമായ ജോലികൾ ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു.തെക്കിൽ, പെരുമ്പള, ചെമ്മനാട് വില്ലേജ് പരിധിയിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
കുറ്റിക്കോൽ ∙ കനത്ത കാറ്റിലും മഴയിലും കുറ്റിക്കോൽ പഞ്ചായത്തിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. ബന്തടുക്ക ചുരിത്തോടിലെ പൂവത്താനി ജയിംസിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര പൂർണമായി തകർന്നു.
കരിവേടകം ആലിനു താഴെ ഉന്നതിയിലെ തുണ്ടിച്ചിയുടെ വീട് പൂർണമായി തകർന്നു. വീടിനകത്തുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബദിയടുക്കയിൽ വൈദ്യുതത്തൂണുകൾ തകർന്നു; വൈദ്യുതി മുടങ്ങി
ബദിയടുക്ക ∙ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ വൈദ്യുതത്തൂൺ മറിഞ്ഞും മരം വീണും ലൈൻ പൊട്ടി മാന്യ, നെടുഗള, ബീജന്തടുക്ക, ഗോസാഡ, നീർച്ചാൽ, ചർളടുക്ക, മാർപ്പിനുക്ക മുള്ള പൊസോളിഗെ, ബെളിഞ്ച എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി.കഴിഞ്ഞ ദിവസം രാത്രിയോടെ 56 തൂണുകൾ തകർന്നിട്ടുണ്ട്. ഇരുനൂറോളം ലൈനുകൾ പൊട്ടി.
അവധി ദിവസമായിനാൽ ജീവനക്കാരുടെ കുറവുണ്ട്. വൈദ്യുതി ലഭ്യമാക്കുന്നതിനു തീവ്രശ്രമം നടത്തുന്നതായി ബദിയടുക്ക സെക്ഷൻ അധികൃതർ അറിയിച്ചു.
ദക്ഷിണ കന്നഡ ജില്ലയിൽ വൻ നാശനഷ്ടം
മംഗളൂരു ∙ ദിവസങ്ങളായുള്ള നിർത്താതെയുള്ള മഴയിൽ ദക്ഷിണ കന്നഡ ജില്ലയുടെ പല ഭാഗങ്ങളിൽ നാശനഷ്ടം. ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ കടപുഴകി.
ദെറെബെയ്ലിൽ കൂറ്റൻ മരം റോഡിലേക്ക് വീണു. ഇതേ തുടർന്ന് പ്രദേശത്തെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
ലേഡിഹില്ലിൽ പലയിടങ്ങളിൽ മരങ്ങൾ പൊട്ടി വീണു. സമീപത്ത് നിർത്തിയിട്ട
കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. മംഗളൂരു നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
താഴ്ന്ന പ്രദേശങ്ങളിലെ ജനവാസ മേഖലകളിലും വെള്ളം കയറി. ഉഡുപ്പിയിലും കനത്ത മഴ തുടരുകയാണ്.
ജലാശയങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കാൻ ഇരു ജില്ലാ ഭരണകൂടങ്ങളും നിർദേശം നൽകി. സുള്ള്യയിലും നാശനഷ്ടം
സുള്ള്യ ∙ തോരാമഴ ദുരിതം വിതച്ചു.
ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴ മൂലം നാശനഷ്ടങ്ങളും സംഭവിച്ചു.
മരം തകർന്ന് വീണും മറ്റും വീടുകൾക്ക് കേടുപാട് സംഭവിച്ചു. സംപാജെ ഗ്രാമത്തിലെ ഗൂനടുക്കയിൽ മരം വീണ് വീടുകൾ തകർന്നു.
ഗൂനടുക്ക, കല്ലുഗുണ്ടി എന്നിവിടങ്ങളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു, സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പകൽ മുഴുവൻ തോരാമഴ പെയ്തു. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓവുചാലിന്റെ അപര്യാപ്ത മൂലം മഴവെള്ളം റോഡിലൂടെ തന്നെ ഒഴുകി, ചെളി നിറഞ്ഞും മറ്റും ഗതാഗതം ദുസ്സഹമായി.
പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ, വെള്ളക്കെട്ട് എന്നിവ ഉണ്ടായി. വൈദ്യുതത്തൂണുകൾ തകർന്ന് വൈദ്യുതി ബന്ധം താറുമാറായി.
കടബ, സുബ്രഹ്മണ്യ, പുത്തൂർ, ബൽത്തങ്ങാടി, തുടങ്ങി ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. പയസ്വിനിപ്പുഴ, നേത്രാവതി, കുമാരധാര നദികളിൽ നീരൊഴുക്ക് വർധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]