
രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ പദ്ധതി മംഗളൂരുവിൽ; പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മംഗളൂരു ∙ രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ പദ്ധതി കർണാടകയിലെ മംഗളൂരുവിൽ നടപ്പിലാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകാരം നൽകി. ബജാലിൽനിന്നു മംഗളൂരു വഴി മറവൂരിലേക്കാണു പദ്ധതി. റോഡ് മാർഗം 15 കിലോമീറ്ററാണു ബജാലിൽനിന്നു മറവൂരിലേക്കുള്ള ദൂരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കർണാടക ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. കൊച്ചിയിലാണു നിലവിലുള്ള ഏക വാട്ടർ മെട്രോ പദ്ധതി. ആദ്യഘട്ട നടപടിയായി പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സാഗർമാല പദ്ധതിക്കു കീഴിൽ മംഗളൂരുവിൽ കർണാടക ജലഗതാഗത പരിശീലനകേന്ദ്രം സ്ഥാപിക്കാനുള്ള നിർദേശവും മുഖ്യമന്ത്രി അംഗീകരിച്ചു.
വാട്ടർ മെട്രോ പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് കർണാടക മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ തയാറാക്കും. ദേശീയപാത, തുറമുഖം, വിമാനത്താവളം എന്നിങ്ങനെ പ്രമുഖ കേന്ദ്രങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും നിർദിഷ്ട വാട്ടർമെട്രോ പദ്ധതിയുടെ രൂപരേഖ. ഇതിനായി കൊച്ചി വാട്ടർമെട്രോയുടെ മാതൃക സ്വീകരിക്കാനും കർണാടക മാരിടൈം ബോർഡ് യോഗത്തിൽ നിർദേശം നൽകിയതായാണു വിവരം.
തീരദേശ കർണാടകയിൽ ജലഗതാഗതം സാധ്യമാകുന്നതോടെ ജനങ്ങളുടെ ദൈനംദിന യാത്രാബുദ്ധിമുട്ടുകൾ ഏറെയും പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ. മംഗളൂരു നഗരത്തിന്റെ രണ്ടു ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ബജാൽ, ബജ്പെയിലെ മറവൂർ എന്നീ പ്രദേശങ്ങളെ വാട്ടർ മെട്രോ വഴി ബന്ധിപ്പിക്കുന്നതോടെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു തൊട്ടടുത്തു വരെ ജലഗതാഗതത്തെ ആശ്രയിച്ച് യാത്ര ചെയ്യാം.
ഇതോടെ മംഗളൂരു നഗരത്തിലേക്കും പുറത്തേക്കും പ്രവേശിക്കുന്ന പ്രധാന ഇടമായ നന്ദൂർ ജംക്ഷൻ, എയർപോർട്ട് റോഡ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിനും അയവു വരുമെന്നാണു പ്രതീക്ഷ. കർണാടകയിലെ തുറമുഖങ്ങളുടെ വികസനത്തിനു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നു പറഞ്ഞ മുഖ്യമന്ത്രി, കേരളം, ആന്ധ്രപ്രദേശ്, വിശാഖപട്ടണം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലെ തുറമുഖ പ്രവർത്തനങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.